തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍! മോഹന്‍ലാലിന്റെ കഥാപാത്രത്തിന് കാരണക്കാരന്‍ ഇദ്ദേഹമാണ്!

മോഹന്‍ലാലിന്റെ കരിയറില്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്ന സിനിമകളിലൊന്നാണ് തൂവാനത്തുമ്പികള്‍. പി പത്മരാജന്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രം 1987 ലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയമായിരുന്നു സിനിമയെ ശ്രദ്ധേയമാക്കിയത്. പ്രണയാതരുമായ സംഭാഷണങ്ങളോട് കൂടി പ്രേക്ഷകരിലേക്ക് എത്തിയ സിനിമയ്ക്ക് ഇന്നും വലിയ പ്രേക്ഷക പിന്തുണയുണ്ട്.

ഉണ്ണിമേനോന്‍ എന്ന തന്റെ സുഹൃത്തിന്റെ ജീവിതത്തെ ഏറെക്കുറെ ആസ്പദമാക്കിയാണ് പത്മരാജന്‍ ഈ ചിത്രത്തിന്റെ കഥ രചിച്ചിരിക്കുന്നത്. അതിനൊപ്പം പത്മരാജന്റെ ഉദയകപ്പോള എന്ന നോവലിലെ ക്ലാര എന്ന കഥാപാത്രത്തെ കൂടി സിനിമയിലേക്ക് എത്തിക്കുകയായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന് കാരണക്കാരനായ ഉണ്ണിമേനോനെ കുറിച്ചുള്ള കുറിപ്പ് വൈറലാവുകയാണ്. ഉണ്ണി മേനോനെ നേരിട്ട് കണ്ട് സംസാരിച്ച സ്റ്റീഫന്‍ ജോസ് എന്നൊരാള്‍ സിനിമാ പാരഡിസ്‌കോ ക്ലബ്ബില്‍ എഴുതിയ പോസ്റ്റ് ആണ് ശ്രദ്ധേയമായിരിക്കുന്നത്.

 വൈറലാവുന്ന പോസ്റ്റ്‌

വൈറലാവുന്ന പോസ്റ്റ്‌

മണ്ണാറത്തൊടി ജയകൃഷ്ണന്‍ അഥവാ പുതിയേടത്ത് ഉണ്ണിമേനോന്‍

തൂവാനത്തുമ്പികള്‍ എന്ന സിനിമ പത്മരാജന്റെ തൃശ്ശൂര്‍ ജീവിതകാലത്തെ സൗഹൃദങ്ങളിലൊന്നായ പുതിയേടത്ത് ഉണ്ണി മേനോന്റെ ജീവിതത്തെ ആസ്പദമാക്കി എടുത്തതാണ് എന്ന് വളരെ മുന്‍പേ കേട്ടിരുന്നു. വളരെ യാദൃശ്ചികമായാണ് പി ഉണ്ണിമേനോന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നും ഞാന്‍ എന്നും യാത്ര ചെയ്യുന്ന വഴിയിലാണ് ആള്‍ താമസിക്കുന്നതെന്നും അറിയുന്നത്. എന്നാല്‍ ഒന്നു കണ്ട് കളയാം എന്ന് തീരുമാനിച്ച് ഒരു ഒഴിവ് ദിവസം വൈകുന്നേരം അവിടെ പോയി. വീട് കണ്ടു പിടിക്കാന്‍ കുറച്ചു ബുദ്ധിമുട്ടിയെങ്കിലും അവസാനം കണ്ടെത്തി. ഗേറ്റില്‍ P Unnimenon BA BL എന്ന് എഴുതിയിട്ടുണ്ട്. അല്‍പ്പം പേടിയോടെയാണ് അകത്ത് കയറി കോളിംഗ് ബെല്‍ അടിച്ചത്. ഒരു മിനിട്ടിന്റെ കാത്തിരിപ്പിന് ശേഷം, സാക്ഷാല്‍ ഉണ്ണി മേനോന്‍ തന്നെ വാതില്‍ തുറന്നു. കാണാന്‍ ഉള്ള താല്‍പ്പര്യത്തില്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ വളരെ സ്‌നേഹത്തോടെ വിളിച്ച് അകത്തേക്കിരുത്തി. ഏകദേശം ഒരു മണിക്കൂറോളം തന്റെ പഴയ കാല ജീവിതത്തെക്കുറിച്ച് വളരെ ആവേശത്തോടെ സംസാരിച്ചു.

ഉണ്ണി മേനോന്റെ ജനനം

തൃശ്ശൂര്‍ ജില്ലയിലെ പെരുവല്ലൂര്‍ എന്ന ഗ്രാമത്തില്‍ ധാരാളം ഭൂസ്വത്തുക്കള്‍ ഉള്ള പഴയ ഫ്യൂഡല്‍ തറവാട്ടില്‍ ഒരു അഡ്വക്കെറ്റിന്റെ രണ്ടാമത്തെ മകനായിട്ടായിരുന്നു ഉണ്ണി മേനോന്റെ ജനനം. മൂത്ത മകന്‍ നന്നേ ചെറുപ്പത്തില്‍ മരിച്ചത് കൊണ്ട് ഇദ്ദേഹത്തെ വളരെ ലാളിച്ചാണ് വളര്‍ത്തിയത്. ഉന്നത വിദ്യാഭ്യാസത്തിന് കേരളവര്‍മ്മ കോളേജില്‍ എത്തിയത് മുതലാണ് സിനിമയില്‍ കാണിച്ചത് പോലെയുള്ള ജീവിതം ആരംഭിച്ചതത്രേ. കൈയില്‍ ധാരാളം പൈസയും സുഹൃത്തുക്കള്‍ക്ക് വേണ്ടി എന്തും ചെയ്യാനുള്ള സാഹസിക മനോഭാവവും ആണ് തനിക്ക് ഇത്ര വലിയ സൗഹൃദവലയം ഉണ്ടാക്കിത്തന്നത് എന്ന് ഉണ്ണി മേനോന്‍ വിശ്വസിക്കുന്നു. പെരുവല്ലൂര്‍ എന്ന ഗ്രാമത്തില്‍ നിന്ന് തൃശ്ശൂര്‍ നഗരത്തിലേക്ക് വരുന്നത് ഭയങ്കര റിലാക്‌സേഷന്‍ ആയിരുന്നു എന്ന് ആള്‍ ഓര്‍ത്തെടുക്കുന്നു. പത്തന്‍സിലെ മസാലദോശ, ഐസിട്ട നാരങ്ങ വെള്ളം, സുഹൃത്തുക്കള്‍ക്കൊപ്പം ബാറില്‍ പോകുന്നത്, സിനിമ കാണാന്‍ എറണാകുളത്തേയ്ക്കുള്ള യാത്രകള്‍ അങ്ങനെ അങ്ങനെ...

ഉണ്ണി മേനോന്റെ സുഹൃത്തുക്കള്‍

ആ കാലത്തെ സാഹിത്യ, രാഷ്ട്രീയ, സിനിമാ മേഖലകളിലെ പ്രമുഖരെല്ലാം ഉണ്ണി മേനോന്റെ സുഹൃത്തുക്കള്‍ ആയിരുന്നു. പി പത്മരാജനെ കൂടാതെ ഭരതന്‍, രാമു കാര്യാട്ട് (ചെമ്മീന്‍ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് ആദ്യാവസാനം ഉണ്ണി മേനോന്‍ രാമു കാര്യാട്ടിനൊപ്പമുണ്ടായിരുന്നു) വൈക്കം മുഹമ്മദ് ബഷീര്‍, വികെഎന്‍, ശോഭന പരമേശ്വരന്‍ നായര്‍, ഉറൂബ്, എംടി വാസുദേവന്‍ നായര്‍ തുടങ്ങിയ സാഹിത്യകാരന്‍മാരും, പ്രേം നസീര്‍, സത്യന്‍, മധു, സുകുമാരന്‍ അടക്കമുള്ള സിനിമ നടന്‍മാരും, കരുണാകരന്‍, സുധീരന്‍, കെ പി വിശ്വനാഥന്‍, ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരും ഉണ്ണി മേനോന്റെ അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നു. ആരേയും അസൂയപ്പെടുത്തുന്ന സൗഹൃദവലയം.

തൂവാനത്തുമ്പികള്‍

തൂവാനത്തുമ്പികള്‍ സിനിമയില്‍ കാണിച്ചിട്ടുള്ള പല കാര്യങ്ങളും- കോളേജില്‍ പോയി കാമുകിയെ കാണുന്നത്, ആടിന്റെ തലവാങ്ങാന്‍ മാര്‍ക്കറ്റില്‍ പോകുന്നത്, ബാറിലെ സീനുകള്‍ ഒക്കെ തന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ തന്നെയാണെന്ന് ഉണ്ണിമേനോന്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം ജീവിതത്തില്‍ സിനിമയില്‍ കാണിക്കുന്നത് പോലെ ഒരു ക്ലാര ഉണ്ടായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ അത് പത്മരാജന്റെ ഇമാജിനേഷന്‍ ആണെന്നാണ് മറുപടി പറഞ്ഞത്. ആ കാലത്ത് പ്രീമിയര്‍ ലോഡ്ജ് കേന്ദ്രീകരിച്ച് ക്ലാരമാരും അവരെ തേടിയെത്തുന്ന കസ്റ്റമര്‍മാരും, സിനിമയില്‍ ബാബു നമ്പൂതിരി അവതരിപ്പിക്കുന്ന തങ്ങളെ പോലെയുള്ള പിമ്പുമാരും ധാരാളം ഉണ്ടായിരുന്നു. പത്മരാജന് ഇവരെ ഒക്കെ പരിചയമുണ്ടായിരുന്നു. അതില്‍ നിന്നാണ് ആ കഥാപാത്രങ്ങളെ രൂപപ്പെടുത്തിയതത്രേ.

ഉമ്മന്‍ ചാണ്ടി ഉണ്ണിമേനോന്റെ ക്ലാസ്‌മേറ്റ്

കേരളവര്‍മ്മയില്‍ നിന്ന് മലയാളം BA കഴിഞ്ഞ ശേഷം ഉണ്ണിമേനോന്‍ എറണാകുളം ലോ കോളേജില്‍ നിന്ന് നിയമബിരുദം നേടി. (മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവിടെ ഉണ്ണിമേനോന്റെ ക്ലാസ്‌മേറ്റ് ആയിരുന്നു). കുറച്ചു കാലം അഭിഭാഷകനായി പ്രാക്റ്റീസ് ചെയ്തു. അത് കഴിഞ്ഞ് 1975 ല്‍ ദുബായിലേക്ക് പോയി. തൂവാനത്തുമ്പികള്‍ റിലീസ് ആകുമ്പോള്‍ ആള്‍ ദുബായില്‍ ആയിരുന്നു. സിനിമ കാണുന്നത് ഒക്കെ അവിടെ വച്ചാണ്.

ഗള്‍ഫിലെ ജോലി

ഉണ്ണിമേനോന്റെ ലേറ്റര്‍ ലൈഫ് അല്‍പ്പം ട്രാജഡിയാണ്. ഇദ്ദേഹത്തിന് രണ്ട് ആണ്‍മക്കള്‍ ആണ് ഉണ്ടായിരുന്നത്. രണ്ട് പേരും പോസ്റ്റ് ഗ്രാജ്വേറ്റ് വിദ്യാഭ്യാസം ഒക്കെ നേടിയവരായിരുന്നു. ഒരു പകര്‍ച്ചവ്യാധി വന്ന് രണ്ട് പേരും ഒരു മാസത്തെ വ്യത്യാസത്തില്‍ മരണമടഞ്ഞു. അതോട്കൂടി ഗള്‍ഫിലെ ജോലി ഉപേക്ഷിച്ച് ആള്‍ നാട്ടില്‍ വന്നു. ഇപ്പോള്‍ ഭാര്യയുമൊത്ത് താമസിക്കുന്നു. പ്രായം 79 കഴിഞ്ഞ് എണ്‍പത് ആകാറായി. കേള്‍വിക്കുറവ് ഉള്‍പ്പെടെയുള്ള ബുദ്ധിമുട്ടുകള്‍ ആള്‍ അനുഭവിക്കുന്നുണ്ട്. എങ്കിലും അടിച്ച് പൊളിച്ച് ജീവിച്ച യൗവ്വന കാലത്തെക്കുറിച്ച് ഒരു റിഗ്രറ്റും ഇല്ല എന്നു പറഞ്ഞു. മോഹന്‍ലാലിനെ എപ്പോഴെങ്കിലും പരിചയപ്പെട്ടിട്ടുണ്ടോ എന്ന് ചോദിച്ചപ്പോള്‍ ആ ആഗ്രഹം ഇപ്പോഴും ബാക്കിയാണ് എന്നായിരുന്നു മറുപടി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X