'റീലും റിയലും നേർക്കുനേർ..., ആദ്യമായാണ് പൃഥ്വിരാജ് ഇമോഷണലായി ഒരാളെ ഇന്റർവ്യു ചെയ്യുന്നത് കാണുന്നത്'; ആരാധകർ
പൃഥ്വിരാജിന്റെ ആടുജീവിതമാണ് ഇപ്പോൾ പ്രേക്ഷകർക്കിടയിൽ ഏറ്റവും വലിയ ചർച്ചാ വിഷയം. ബെന്യാമിന്റെ നോവൽ വായിച്ചവരെല്ലാം നജീബിനെ വെള്ളിത്തിരയിൽ കാണാൻ ആഗ്രഹിച്ചിരിക്കുകയായിരുന്നു. നോവൽ വായിച്ചപ്പോൾ മനസിൽ എന്ത് രൂപമാണോ തെളിഞ്ഞുവന്നത് അത് തന്നെയാണ് സ്ക്രീനിൽ പൃഥ്വിരാജിലൂടെയും ഗോകുൽ അവതരിപ്പിച്ച ഹക്കീമിലൂടെയും കണ്ടതെന്നാണ് അഭിപ്രായങ്ങൾ വരുന്നത്. പതിനാറ് വർഷത്തോളമായി ബെസിയും പൃഥ്വിരാജും ആടുജീവിതത്തിന് പിന്നാലെയായിരുന്നു.
പല ഷെഡ്യൂളുകളായി ഭീകരമായ ഫിസിക്കൽ ട്രാൻസ്ഫോർമേഷൻ അടക്കം നടത്തിയാണ് പൃഥ്വിരാജ് ആടുജീവിതം പൂർത്തിയാക്കിയത്. പൊതുവെ ഇത്തരത്തിൽ യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമ ചെയ്യുന്നതെങ്കിൽ യഥാർത്ഥത്തിൽ ആ ജീവിതം അനുഭവിച്ച വ്യക്തിയെ ചെന്ന് കണ്ട് സംസാരിച്ച് അടുത്തറിഞ്ഞാണ് നടന്മാരും നടിമാരും കഥാപാത്രങ്ങളായി മാറാറുള്ളത്. എന്നാൽ പൃഥ്വിരാജ് അത് ചെയ്തിട്ടില്ല.

സിനിമയുടെ ഷൂട്ട് കഴിഞ്ഞശേഷമാണ് പൃഥ്വിരാജ് നജീബിനെ ആദ്യമായി നേരിട്ട് ചെന്ന് കണ്ടതും സംസാരിച്ചതും. ബെന്യാമിന്റെ നോവലും ബ്ലെസിയുടെ തിരക്കഥയും മാത്രമായിരുന്നു നജീബാകാനുള്ള റഫറൻസായി പൃഥ്വിരാജ് ഉപയോഗിച്ചത്. മരുഭൂമിയിൽ ഷൂട്ടിന് ചെന്നപ്പോൾ തന്റെ മനസിൽ വന്ന കാര്യങ്ങൾ തന്നെയാണ് നജീബ് തന്നോട് പറഞ്ഞതെന്ന് പറയുകയാണ് പൃഥ്വിരാജ് ഇപ്പോൾ.
ആദ്യമായി റിയൽ നജീബിനെ റീൽ നജീബ് കണ്ട് സംസാരിക്കുന്ന വീഡിയോ ഇപ്പോഴിതാ ആടുജീവിതം അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്. നജീബിന്റെ കുടുംബത്തോടും പൃഥ്വിരാജ് സംസാരിച്ചു. ആദ്യമായാണ് താൻ അവതരിപ്പിച്ച കഥാപാത്രത്തെ നേരിൽ കാണുന്നതെന്ന് പറഞ്ഞാണ് പൃഥ്വിരാജ് യഥാർത്ഥ നജീബിനോട് സംസാരിച്ച് തുടങ്ങുന്നത്.
ഈ സന്ദർഭത്തെ ഒരു ദൈവീക അനുഭവമായി കാണുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. 1991ലാണ് ഗൾഫിലേക്ക് നജീബ് യാത്ര തിരിച്ചത്. അവിടെ ചെന്ന് ഇറങ്ങിയശേഷം നജീബിന്റെ ജീവിതം ആകെ മാറി മറിഞ്ഞു. അവിടെ ചെന്നിറങ്ങിയപ്പോൾ കയ്യിൽ വാച്ചുണ്ടായിരുന്നുവോ എന്നാണ് നജീബിനോട് പൃഥ്വിരാജ് ആദ്യം ചോദിച്ചത്. ഒരു വാച്ചുണ്ടായിരുന്നുവെന്നും പക്ഷെ അറബിയെ കണ്ടപ്പോഴേക്കും എല്ലാം മൈന്റിൽ നിന്നും പോയി എന്നാണ് നജീബ് പറയുന്നത്.
ദിവസങ്ങളും ആഴ്ചയുമൊന്നും അറിഞ്ഞിരുന്നില്ലെന്നും നജീബ് പറയുന്നു. രക്ഷപ്പെടുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. എല്ലാ ദൈവങ്ങളേയും വിളിച്ചിരുന്നു അറബിയെ കൊന്നിട്ട് പോയാലോയെന്ന് വരെ തോന്നിയെന്നും നജീബ് പറയുന്നു. നജീബ്ക്ക അനുഭവിച്ചതിന്റെ ഒരു ശതമാനം പോലും സ്ക്രീനിൽ കൊണ്ടുവരാൻ തങ്ങൾക്ക് പറ്റില്ലെന്ന് അറിയാമായിരുന്നുവെന്ന് പൃഥ്വിരാജ് പറഞ്ഞു.

ലോകത്തോട് ഈ കഥപറയാൻ നജീബ്ക്കയെ ദൈവം ബാക്കിവെച്ചതാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ഇരുന്നൂറോളം ആടുകൾക്കൊപ്പം ആദ്യം അഭിനയിച്ചപ്പോൾ അറപ്പ് തോന്നിയെന്നും പിന്നീട് ആ മണം പ്രശ്നമല്ലാതെയായി മാറിയെന്നും പൃഥ്വിരാജ് പറയുന്നു. ഭർത്താവ് ജീവിച്ചിരുപ്പുണ്ടോ മരിച്ചോയെന്ന് പോലും അറിയാതെ ടെൻഷനടിച്ചുവെന്നാണ് നജീബിന്റെ ഭാര്യ പൃഥ്വിരാജിനോട് പറഞ്ഞത്. ദൈവം തെരഞ്ഞെടുത്തയാളാണ് നജീബ്ക്കയെന്നും പൃഥ്വിരാജ് പറയുന്നു.
ഇനി ഒരു അവസരം കിട്ടിയാൽ ആ സ്ഥലം കാണാൻ പോകുമോയെന്ന് പൃഥ്വിരാജ് ചോദിച്ചപ്പോൾ ഇല്ലെന്നായിരുന്നു നജീബിന്റെ മറുപടി. റീൽ നജീബും റിയൽ നജീബും ഒരുമിച്ചുള്ള ആദ്യ അഭിമുഖം ആരാധകരും ഏറ്റെടുത്തു. ആദ്യമായാണ് പൃഥ്വിരാജ് ഇമോഷണലായി ഒരാളെ ഇന്റർവ്യു ചെയ്യുന്നത് കാണുന്നതെന്നാണ് ആരാധകർ കുറിക്കുന്നത്. പൃഥ്വിരാജ് തികച്ചും ഒരു സാധാരണക്കാരനായി സംസാരിച്ച ഇന്റർവ്യുവാണ് നജീബിനൊപ്പമുള്ളതെന്നും പ്രേക്ഷകർ കുറിക്കുന്നു.


Click it and Unblock the Notifications