നൂറ് കോടിയിലെത്തി എന്ന് പറയുന്നതിന്റെ യാഥാർത്ഥ്യം; പ്രൊഡ്യൂസർക്ക് കിട്ടുന്ന തുക ഇത്ര; ലിസ്റ്റിന്റെ വാക്കുകൾ
സിനിമാ നിർമാണ രംഗത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റെതായ സ്ഥാനം നേടിയെടുക്കാൻ പ്രൊഡ്യൂസറാണ്. ട്രാഫിക് എന്ന സിനിമയിലൂടെ നിർമാണ രംഗത്തേക്ക് കടന്ന് വന്ന ലിസ്റ്റിൻ പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി. മലയാള സിനിമയിൽ മാറ്റങ്ങൾ അലയടിച്ച കാലഘട്ടത്തിലാണ് ലിസ്റ്റിന്റെ കടന്ന് വരവ്. പൃഥിരാജുമായുള്ള കൂട്ടുകെട്ടിന് ശേഷമാണ് ലിസ്റ്റിൻ സ്റ്റീഫൻ കൂടുതൽ വാർത്താ പ്രാധാന്യം നേടുന്നത്. ഇവരൊരുമിച്ച ആദ്യ സിനിമ വിമാനം പരാജയപ്പെട്ടെങ്കിലും പിന്നീടുള്ള ഭൂരിഭാഗം സിനിമകളും ഹിറ്റായി.
സിനിമകളുടെ ബിസിനസിനെക്കുറിച്ച് ലിസ്റ്റിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അടുത്തിടെ ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലിസ്റ്റിൻ ഇതേക്കുറിച്ച് സംസാരിച്ചത്. അന്യഭാഷ സിനിമകളെ പോലെ മലയാള സിനിമകൾ കലക്ഷൻ നേടാത്തതിനെക്കുറിച്ച് ലിസ്റ്റിൻ സംസാരിച്ചു. നമ്മുടെ മിക്ക സിനിമകളും 28 ദിവസത്തിനുള്ളിൽ കലക്ഷൻ നേടുന്നതായിരിക്കും. 23 ദിവസത്തിനുള്ളിൽ സിനിമയുടെ പരസ്യം വന്ന് തുടങ്ങും. കലക്ഷൻ പിന്നെ കുറയും. തമിഴിലും തെലുങ്കിലും വലിയ വ്യാപാരം നടക്കും.

വിജയുടെ സിനിമ 28 ദിവസം കൊണ്ട് നൂറ് കോടി ലെവലിലേക്ക് സിനിമയുടെ ഷെയർ തന്നെ എത്തുന്നു. മലയാളത്തിൽ ഗ്രോസ് ആണ് എത്തുന്നതെന്നും ലിസ്റ്റിൻ ചൂണ്ടിക്കാട്ടി. കോടികൾ കലക്ഷൻ നേടിയെന്ന് പറയുന്നതിന് പിന്നിലെ യഥാർത്ഥ കണക്കുകളെക്കുറിച്ചും ലിസ്റ്റിൻ സംസാരിച്ചു. സാറ്റ്ലെെറ്റ്, ഒടിടി ബസിനസൊക്കെ വെച്ചാണ് 50 കോടി ക്ലബിലെത്തി എന്ന് പറയുന്നത്. ചിലർ തള്ളി മറിക്കും. നൂറ് കോടി എത്തിയെന്ന് പറയും. അതിനർത്ഥം നൂറ് കോടി രൂപ പ്രൊഡ്യൂസറുടെ കൈയിൽ കിട്ടി എന്നാണ്. ഗ്രോസ്, നെറ്റ് കണക്കുകൾ അറിയുന്നില്ല.
മലയാളത്തിൽ ഒരു പ്രൊഡ്യൂസർക്ക് കിട്ടാവുന്ന ഏറ്റവും വലിയ തുക 35 കോടി രൂപ വരെയാണ്. റെവന്യൂവിനും മുകളിൽ ചെലവിട്ട് ഒരു സിനിമയെടുക്കാൻ സിനിമയറിയാവുന്ന പ്രെഡ്യൂസർമാർ തയ്യാറാവില്ലെന്നും ലിസ്റ്റിൻ ചൂണ്ടിക്കാട്ടി. സിനിമാ നിർമാണത്തിലെ സാമ്പത്തികപരമായ മറ്റ് വശങ്ങളെക്കുറിച്ചും ലിസ്റ്റിൻ അന്ന് സംസാരിച്ചു. പത്ത് കോടി രൂപയുടെ പ്രൊജക്ടിന് നമ്മുടെ കൈയിൽ മൂന്ന് കോടി രൂപയേ ഉള്ളൂവെങ്കിൽ ആറ് കോടി രൂപ ഫിനാൻഷ്യർമാരിൽ നിന്ന് വാങ്ങാം.

വിൽക്കാൻ പറ്റുന്ന പ്രൊജക്ട് ആണെങ്കിൽ പണം തരാൻ അവർ തയ്യാറാകും. സാറ്റ്ലൈറ്റ്, ഒടിടി എന്നിവയിൽ നിന്ന് കിട്ടുന്ന പണം റിലീസിന് മുമ്പ് തിയറ്ററിൽ നിന്ന് കിട്ടുന്ന അഡ്വാൻസും ഉപയോഗിച്ച് ഈ പണം തിരിച്ച് കൊടുക്കാൻ സാധിക്കും. ആ സിനിമ വിജയിച്ചാൽ ബാക്കിയുള്ള പൈസ നമുക്ക് മെച്ചമാണ്. എപ്പോഴും അങ്ങനെ സംഭവിക്കാറില്ല.
റിവ്യൂകൾ സിനിമകളുടെ ബിസിനസിനെ ബാധിക്കുന്നുണ്ടെന്ന് ലിസ്റ്റിൻ സ്റ്റീഫൻ അഭിപ്രായപ്പെട്ടു. എല്ലാവരും പൈസയ്ക്കാണ് ചെയ്യുന്നത്. പൈസ കൊടുത്തില്ലെങ്കിൽ നെഗറ്റീവ് റിവ്യൂ എഴുതുന്നു. എല്ലാത്തിനും പൈസ കൊടുത്ത് നിർമാതാക്കൾക്ക് മടുത്തു. ആവേറജ് സിനിമകളിൽ കുറച്ച് കൂടെ പ്രേക്ഷകർ വരുമെന്ന് പ്രതീക്ഷിക്കുമ്പോഴാണ് ഇത് പോലെ നെഗറ്റീവ് റിവ്യൂകൾ വരുന്നതെന്നും ലിസ്റ്റിൻ സ്റ്റീഫൻ ചൂണ്ടിക്കാട്ടി. ഗരുഡൻ ആണ് ലിസ്റ്റിൻ നിർമിച്ച് പുറത്തിറങ്ങിയ ഒടുവിലത്തെ സിനിമ. സുരേഷ് ഗോപി നായകനായെത്തിയ ഗരുഡൻ മികച്ച വിജയം നേടി. വിജയ പരാജയങ്ങൾ ലിസ്റ്റിന്റെ കരിയറിൽ ഒരുപോലെ വരുന്നുണ്ട്.


Click it and Unblock the Notifications











