നിർമാതാവിന് ലോൺ പോലും അടയ്ക്കാൻ പറ്റിയില്ല, പുലിമുരുകന്റെ കലക്ഷന് പിന്നിലെ യഥാർത്ഥ്യം: ജി സുരേഷ് കുമാർ
മലയാള സിനിമാ നിർമാണ രംഗത്തെ പ്രശ്നങ്ങൾ മറനീക്കി പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ജൂൺ ഒന്നിന് സിനിമാ സമരം പ്രഖ്യാപിച്ച പ്രൊഡ്യൂസേർസ് അസോസിയേഷന്റെ തീരുമാനത്തിനെതിരെ സംഘടനയ്ക്കുള്ളിൽ നിന്നുൾപ്പെടെ എതിർപ്പുണ്ട്. ആന്റണി പെരുമ്പാവൂർ പത്രസമ്മേളനം നടത്തിയ ജി സുരേഷ് കുമാറിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ടു. മോഹൻലാൽ ആന്റണിയെ പിന്തുണയ്ക്കുകയും ചെയ്തു. സിനിമകളുടെ യഥാർത്ഥ കലക്ഷൻ പുറത്ത് വരുന്നതാണ് പലരെയും ആശങ്കപ്പെടുത്തുന്നതെന്നാണ് സുരേഷ് കുമാർ പറയുന്നത്.
100 കോടി ക്ലബിലെത്തി എന്ന അവകാശ വാദമുന്നയിക്കുന്ന പല സിനിമകളും യഥാർത്ഥത്തിൽ നിർമാതാവിന് വലിയ നേട്ടമുണ്ടാക്കുന്നില്ലെന്ന് സുരേഷ് കുമാർ ചൂണ്ടിക്കാട്ടുന്നുണ്ട്. ജിഎസ്ടിയും വിനോദ നികുതിയും തിയറ്റർ ഷെയറുമെല്ലാം കഴിഞ്ഞുള്ള തുക മാത്രമാണ് നിർമാതാവിന് ലഭിക്കുന്നതെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി. ഇപ്പോഴിതാ പുലിമുരുകന്റെ കലക്ഷനെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് സുരേഷ് കുമാർ.

നിർമാതാവിന് വലിയ നേട്ടമുണ്ടാക്കിക്കൊടുത്ത സിനിമയല്ല പുലിമുരുകനെന്ന് സുരേഷ് കുമാർ പറയുന്നു. ജനം ടിവിയോടാണ് പ്രതികരണം. നൂറ് കോടി ക്ലബിലെത്തിയ ഒരു പടം പറയൂ. പുലിമുരുകനാണ് ആദ്യത്തെ നൂറ് കോടി കലക്ട് ചെയ്ത സിനിമയെന്ന് പറയുന്നു. ടോമിച്ചനെ (നിർമാതാവ്) വിളിച്ച് ചോദിച്ച് നോക്ക്. എത്ര രൂപ ടോമിച്ചന്റെ കയ്യിൽ കിട്ടിയെന്ന് ചോദിച്ച് നോക്കൂ. ഇതെല്ലാം വിട്ട് ഇപ്പോൾ ബിസിനസ് ചെയ്യുന്നു.
അദ്ദേഹം നല്ലൊരു ഫൈറ്ററാണ്. തിരിച്ച് വരും. പക്ഷെ അദ്ദേഹം ലോൺ വരെ എടുത്തിരുന്നു. നൂറ് കോടി ക്ലബിൽ കയറിയിട്ട് അത് പോലും അടയ്ക്കാൻ പറ്റിയില്ല. നൂറ് കോടി കയ്യിൽ കിട്ടിയിരുന്നെങ്കിൽ അദ്ദേഹം അന്ന് ഇതൊക്കെ തീർത്ത് സിനിമ നിർത്തി പോയേനെ.

പിന്നെയും പുള്ളി സിനിമയെടുക്കാൻ പോയി. അങ്ങനെയാണ് പറ്റിപ്പോകുന്നതെന്ന് സുരേഷ് കുമാർ തുറന്ന് പറഞ്ഞു. മുമ്പൊരിക്കലും പുലിമുരുകന്റെ കലക്ഷനെക്കുറിച്ച് സുരേഷ് കുമാർ സംസാരിച്ചിരുന്നു. 27 കോടിക്കും 30 കോടിക്കും ഇടയ്ക്കാണ് പുലിമുരുകന് ചെലവ് വന്നതെന്നാണ് നിർമാതാവ് എന്നോട് പറഞ്ഞത്. അദ്ദേഹത്തിന് 7-10 കോടിയോളമേ ലാഭം കിട്ടിക്കാണൂ എന്നാണ് അന്ന് സുരേഷ് കുമാർ പറഞ്ഞത്.
പുതിയ അഭിമുഖത്തിൽ തന്റെ സിനിമകളെക്കുറിച്ചും സുരേഷ് കുമാർ സംസാരിക്കുന്നുണ്ട്. എന്റെ എത്രയോ പടങ്ങൾ പൊട്ടിപ്പോയിട്ടുണ്ട്. എത്രയോ ഹിറ്റായി. രണ്ട് ഹിറ്റ് കിട്ടുമ്പോൾ നാലെണ്ണം പൊട്ടിപ്പോയിട്ടുണ്ടെന്നും ജി സുരേഷ് കുമാർ വ്യക്തമാക്കി. യുവ താരങ്ങൾ വലിയ തുക പ്രതിഫലമായി വാങ്ങുന്നതിനെതിരെയും സുരേഷ് കുമാർ സംസാരിക്കുന്നുണ്ട്.
മോഹൻലാലും മമ്മൂട്ടിയും കോടികളിലേക്ക് എത്തുന്നത് 2005 ലോ 2010 ലോ ഒക്കെയാണ്. ഇപ്പോൾ രണ്ട് പടം കഴിഞ്ഞാൽ നേരെ മുകളിലോട്ട് വരികയാണ്. 35 കൊല്ലം കഴിഞ്ഞിട്ടാണ് മോഹൻലാലും മമ്മൂട്ടിയും ഇത്രയും പൈസ വാങ്ങിച്ചത്. രണ്ടാം കിടയിലുള്ള സഹനടൻമാർ വരെ 30 ലക്ഷവും 40 ലക്ഷവും ചോദിക്കുന്നുണ്ടെന്നും സുരേഷ് കുമാർ വിമർശിച്ചു.


Click it and Unblock the Notifications











