നിത്യഹരിതനായകന്റെ പുത്രൻ, അടിച്ചുപൊളിച്ച് നടന്ന ചെറുപ്പകാലം, പിതാവിനായി എടുത്ത തീരുമാനങ്ങൾ കരിയറില്ലാതാക്കി!
നിത്യഹരിതനായകൻ പ്രേം നസീറിന്റെ മകനും നൂറോളം സിനിമകളിലൂടെയും അമ്പതിൽ അധികം മിനിസ്ക്രീൻ പരമ്പരകളിലൂടെയും തിളങ്ങിയ നടനുമായ ഷാനവാസ് പ്രേംനസീർ അന്തരിച്ചു. വൃക്ക രോഗത്തെ തുടർന്ന് ഏറെ നാളുകളുമായി ചികിത്സയിലായിരുന്നു. എഴുപത്തിയൊന്ന് വയസായിരുന്നു. കുറച്ച് വർഷമായി വൃക്ക, ഹൃദയ സംബന്ധമായ അസുഖങ്ങൾ മൂലം ബുദ്ധിമുട്ടുകയായിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യനില വഷളായതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.
കുറച്ച് വർഷങ്ങളായി എല്ലാത്തിൽ നിന്നും അകന്ന് ശാന്തമായ ജീവിതം നയിക്കുകയായിരുന്നു നടൻ. സംസ്‌കാരം ഇന്ന് വൈകിട്ട് തിരുവനന്തപുരം പാളയം ജമാഅത്ത് ഖബർസ്ഥാനിൽ നടക്കും. ഒരു ഇതിഹാസത്തിന്റെ മകനായി മാത്രമല്ല സ്വന്തം നിലയിൽ കഴിവുള്ള അഭിനേതാവായും പ്രേക്ഷകരിലേക്ക് എത്താൻ ഷാനവാസിന് കഴിഞ്ഞു. സൂപ്പർസ്റ്റാറിന്റെ മകൻ എന്ന ടാഗ് തന്നെയാണ് ഷാനവാസിനേയും സിനിമയിലേക്ക് എത്തിച്ചത്.

എന്നാൽ സിനിമ ഷാനവാസിനെ തുണച്ചില്ല. സിനിമ പഴിക്കാതെ തന്റെ തീരുമാനങ്ങൾ തെറ്റായിപ്പോയി എന്നാണ് ഷാനവാസ് എന്നും പറഞ്ഞിട്ടുള്ളത്. പ്രേം നസീറിനെ വെച്ച് സിനിമകൾ ചെയ്തിട്ടുള്ള സംവിധായകർക്കൊപ്പമാണ് ഷാനവാസ് ഏറെയും സിനിമകൾ ചെയ്തത്. നായകനായും സഹനടനായും വില്ലനായുമെല്ലാം അഭിനയിച്ചു.
പരാജയപ്പെടുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് പിതാവിനൊപ്പം പ്രവർത്തിച്ചവർക്ക് തന്നെ വീണ്ടും ഷാനവാസ് ഡേറ്റ് നൽകിയത്. അതിനുള്ള കാരണവും മുമ്പ് നൽകിയ അഭിമുഖങ്ങളിൽ നടൻ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്റെ പിതാവിനെ വെച്ച് സിനിമകൾ ചെയ്തവർക്കൊപ്പം ഞാനും അഭിനയിച്ചിട്ടുണ്ട്. അവർ എന്നെ കഥയുമായി സമീപിക്കുമ്പോൾ സെലക്ട് ചെയ്യാൻ എനിക്ക് സാധിക്കുമായിരുന്നില്ല.
അവിടെയാണ് എനിക്ക് മിസ്റ്റേക്ക് സംഭവിച്ച് തുടങ്ങിയത്. അദ്ദേഹത്തെ വെച്ച് സിനിമ എടുത്ത സംവിധായകരാണ് എന്റെ അടുത്തും വരുന്നത്. അവർ വരുമ്പോൾ എനിക്ക് അറിയാം ഇത് പോരാത്ത ഡയറക്ടറാണെന്ന്. പക്ഷെ എന്ത് ചെയ്യാൻ പറ്റും. ഞാൻ നോ പറഞ്ഞാൽ അവർ ഉടനെ പറയും വാപ്പ അതൊന്നും ചെയ്തിട്ടില്ല. ഇവന് ഭയങ്കര ജാഡയാണെന്ന്. ആ സംസാരം ഒഴിവാക്കാൻ വേണ്ടി അവർ സമീപിക്കുമ്പോൾ ഓക്കെ പറഞ്ഞ് ഞാൻ സിനിമ കമ്മിറ്റ് ചെയ്യും.
ആ പടം പൊട്ടുമെന്ന് എനിക്ക് അറിയാം. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. വരുന്ന പടങ്ങളെല്ലാം ഞാൻ സ്വീകരിക്കുമായിരുന്നു. ബാപ്പ ആരേയും വെറുപ്പിക്കാത്ത ആളാണ്. അതുകൊണ്ട് ഞാൻ കരുതി ഞാനും ആരെയും വെറുപ്പിക്കുന്നില്ലെന്ന്. പിന്നീട് അവർ ഫീൽഡിൽ നിന്നും പോയി കൂട്ടത്തിൽ ഞാൻ പോയി എന്നാണ് ഒരിക്കൽ അദ്ദേഹം പറഞ്ഞത്.

ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത പ്രേമഗീതങ്ങൾ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് ഷാനവാസ് എത്തിയത്. മഴനിലാവ്, ഈയുഗം, മണിയറ, നീലഗിരി, ഗർഭശ്രീമാൻ, സക്കറിയയുടെ ഗർഭിണികൾ തുടങ്ങിയവയാണ് അതിൽ നടൻ അഭിനയിച്ച സിനിമകളിൽ ചിലത്. അവസാനം പുറത്തിറങ്ങിയത് പൃഥ്വിരാജ് സിനിമ ജനഗണമനയാണ്.
അതേസമയം പ്രേംനസീർ സൂപ്പർസ്റ്റാറായി തിളങ്ങി നിന്ന കാലത്ത് ഷാനവാസിന്റെ ധൂർത്തടിച്ചുള്ള ജീവിതമായിരുന്നുവെന്ന് ആ സമയത്ത് തെന്നിന്ത്യൻ സിനിമയുടെ പിന്നണിയിൽ പ്രവർത്തിച്ചവരിൽ ചിലർ പറഞ്ഞിട്ടുണ്ട്. സിനിമയുടെ വിശേഷങ്ങളും നസീർ സാറുടെ കാര്യവുമാെക്കെ പണ്ട് ആകാംക്ഷയോടെ ഞാൻ മേക്കപ്പ്മാൻമാരോടും മറ്റും ചോദിക്കുമായിരുന്നു. ഷാനവാസ് എന്താണിങ്ങനെ ആവാൻ കാരണമെന്ന് പലപ്പോഴും ഞാൻ ചോദിച്ചിട്ടുണ്ട്. അദ്ദേഹം സൂപ്പർസ്റ്റാറായിരിക്കുമ്പോൾ മകൻ ഈ പൈസ അടിച്ച് പൊളിക്കുകയായിരുന്നു.
സ്റ്റാലിനും എൻടി രാമറാവുവിന്റെ മകനുമായിരുന്നു കമ്പനി. അവർ വിലസി പൈസയെല്ലാം കളഞ്ഞു. സിനിമയിലേക്ക് താൽപര്യമില്ലാതായി എന്നാണ് ഒരിക്കൽ ഷാനവാസിനെ കുറിച്ച് സംസാരിക്കവെ നിർമാതാവ് ബൈജു അമ്പലക്കര പറഞ്ഞത്. ഷാനവാസ് അടക്കം നാല് മക്കളായിരുന്നു പ്രേം നസീറിന്.


Click it and Unblock the Notifications











