പ്രായത്തിന്റെയും ഉയരത്തിന്റെയും പേരിൽ പരിഹാസം, നാൽപ്പത്തിയാറിൽ അച്ഛനാകാൻ റെഡിൻ കിങ്‌സ്‌ലി, നിറവയറിൽ സംഗീത!
അടുത്ത കാലത്ത് കൊമേഡിയൻ റോളുകളിലൂടെ തെന്നിന്ത്യയിലൊട്ടാകെ ആരാധകരെ സൃഷ്ടിച്ച നടനാണ് റെഡിൻ കിങ്‌സ്‌ലി. നാൽപ്പത്തിയാറുകാരനായ താരം 2018 മുതൽ തമിഴ് സിനിമയുടെ ഭാഗമാണെങ്കിലും ശിവകാർത്തികേയൻ സിനിമ ഡോക്ടറുടെ റിലീസിനുശേഷമാണ് റെഡിൻ കിങ്‌സ്‌ലിയിലെ അഭിനേതാവ് ശ്രദ്ധിക്കപ്പെട്ട് തുടങ്ങിയത്. ഡോക്ടറിൽ തന്റേതായ ശൈലിയിൽ കോമഡി ചെയ്ത കിങ്‌സ്‌ലി പടത്തിന്റെ വിജയത്തിൽ ഉൾപ്പെടെ നല്ലൊരു പങ്ക് വഹിച്ചു.
ഇന്നും ഡോക്ടർ സിനിമ റിപ്പീറ്റ് വാല്യുവോടെ ആരാധകർ കാണാനുള്ള ഒരു കാരണവും റെഡിന്റെ പ്രകടനം തന്നെയാണ്. 1998ൽ അവൾ വരുവാള എന്ന സിനിമയിൽ ഡാൻസറായി റെഡിൻ അഭിനയിച്ചിരുന്നുവെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് വർഷങ്ങൾക്കുശേഷമാണ് കോലമാവ് കോകിലയിൽ ദൈർഘ്യമുള്ള ഒരു കഥാപാത്രം റെഡിനെ തേടി എത്തുന്നത്.

ഇന്ന് തമിഴിൽ ഇറങ്ങുന്ന ഒട്ടുമിക്ക സിനിമകളിലും റെഡിൻ ഭാഗമാണ്. നിരവധി ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ജീവിതത്തിലെ ഏറ്റവും മനോഹരമായ ഘട്ടത്തിലേക്ക് കടക്കാൻ പോകുന്ന സന്തോഷത്തിലാണ്. താരം അച്ഛനാകാൻ പോവുകയാണ്. സിനിമയ്ക്കും അഭിനയത്തിനും പിന്നാലെയുള്ള യാത്രയായതിനാൽ നാൽപ്പത്തിയഞ്ച് വയസ് വരെ വിവാഹം എന്നതിനെ കുറിച്ച് റെഡിൻ കിങ്‌സ്‌ലി ചിന്തിച്ചിരുന്നില്ല.
ലൊക്കേഷനിൽ നിന്നും ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടയിലാണ് സംഗീത റെഡിന്റെ മനസിൽ പതിയുന്നത്. 2022ൽ ആയിരുന്നു ഇരുവരുടേയും വിവാഹം. തമിഴകത്ത് അടുത്ത കാലത്ത് ഏറെ ചർച്ചയായ വിവാഹം കൂടിയായിരുന്നു റെഡിൻ കിങ്‍സ്‌ലിയുടേയും സീരിയൽ താരം സംഗീതയുടേയും. സംഗീത ടിവി പ്രേക്ഷകരുടെ പ്രിയങ്കരിയാണ്.
ഇവരുടെ പ്രണയമോ വിവാഹ തീരുമാനമോ അടുത്ത സുഹൃത്തുക്കളല്ലാതെ മറ്റാരും അറിഞ്ഞിരുന്നില്ല. അതുകൊണ്ട് തന്നെ ഇരുവരുടേയും വിവാഹചിത്രങ്ങളും പ്രണയ കഥയും വൈറലായിരുന്നു. വിവാഹവുമായി ബന്ധപ്പെട്ട് പല വിമർശനങ്ങളും സമൂഹമാധ്യമങ്ങളിൽ നിന്നും ഇരുവർക്കും നേരെ ഉയരുകയുണ്ടായി. കിങ്സ്‌ലിയുടെ പ്രായവും ഉയരവുമെല്ലാം പലർക്കും പരിഹാസത്തിനുള്ള വകയായിരുന്നു. 46 വയസ്സാണ് കിങ്‌സ്‌ലിക്ക്. സംഗീതയ്ക്ക് മുപ്പത്തിനാലാണ് പ്രായം.
എന്നാൽ വിമർശനങ്ങളോടൊന്നും ഇരുവരും പ്രതികരിക്കാനും തയ്യാറായില്ല. വിവാഹ ജീവിതം രണ്ടാം വർഷത്തിലൂടെ നീങ്ങുമ്പോൾ കുടുംബത്തിലേക്ക് എത്താൻ പോകുന്ന പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് ഇരുവരും. ഏതാനും മാസങ്ങൾക്ക് മുമ്പാണ് സംഗീത ഗർഭിണിയാണെന്ന് വാർത്തകൾ വരുന്നത്. അടുത്തിടെ റെഡിൻ ഭാര്യയ്ക്കായി ഒരു വലിയ ബേബി ഷവർ പാർട്ടി നടത്തിയിരുന്നു.

എന്നാൽ ചടങ്ങിന്റെ ചിത്രങ്ങളൊന്നും തന്നെ പുറത്ത് വന്നിരുന്നില്ല. ഇപ്പോഴിതാ സംഗീതയുടെ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്. മെറൂൺ വെൽവെറ്റ് ഗൗണിൽ നിറവയറുമായി നിൽക്കുന്ന സംഗീതയുടെ ചിത്രങ്ങൾ ഇതിനോടകം വൈറലാണ്. ഫോട്ടോകൾ പ്രത്യക്ഷപ്പെട്ടതോടെ ഇരുവർക്കും ഇരട്ട കുട്ടികളാണ് പിറക്കാൻ പോകുന്നതെന്നാണ് ആരാധകരുടെ പ്രവചനം.
നിങ്ങളുടെ ധൈര്യവും ദൃഢനിശ്ചയവും ഉപയോഗിച്ച് തടസങ്ങളെ മറികടന്ന് ചരിത്രം സൃഷ്ടിക്കുന്നത് തുടരുക എന്നാണ് ഒരു ആരാധകൻ സംഗീതയ്ക്കും റെഡിനും ആശംസകൾ നേർന്ന് കുറിച്ചത്. സംഗീതയെ കാണും വരെ വിവാഹമേ വേണ്ട എന്ന നിലപാടിലായിരുന്നു റെഡിൻ. ഒരു വർഷത്തിലധികം നീണ്ട പ്രണയമായിരുന്നു ഇരുവരുടേതും. അടുത്ത കൂട്ടുകാരോട് മാത്രമാണ് പ്രണയത്തിന്റെ കാര്യം ഇരുവരും പറഞ്ഞിരുന്നത്. ഡാൻസറായാണ് റെഡിന്റെ കരിയർ ആരംഭിക്കുന്നത്.
ചെന്നൈയിലും ബെംഗളൂരുവിലും സർക്കാർ എക്സിബിഷനുകളുടെ ഇവന്റ് ഓർഗനൈസർ കൂടിയായിരുന്നു റെഡിൻ. നെല്‍സണ്‍ ദിലീപ് കുമാറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യവുമാണ്. സീരിയലിന് പുറമെ വിജയ് ചിത്രം മാസ്റ്റര്‍, ഹേയ് സിനാമിക, വീട്ടില വിശേഷം, കടംബദാരി എന്നി സിനിമകളിലും സംഗീത അഭിനയിച്ചിട്ടുണ്ട്. സൺ ടിവിയിലെ പ്രമുഖ സീരിയലായ ആനന്ദരാഗത്തിലെ സംഗീതയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











