എന്റെ സ്നേഹം ഇപ്പോൾ ഉള്ളിലല്ല; റീമ സെന്നിന്റെ മകന് പിറന്നാൾ; നടി ലൈം ലൈറ്റ് വിട്ടിട്ട് വർഷങ്ങൾ
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്ത് നിറഞ്ഞ് നിന്ന നടിയാണ് റീമ സെൻ . കൊൽക്കത്ത സ്വദേശിനിയായ റീമ സെൻ മോഡലിംഗിനും അഭിനയത്തിനുമായി മുംബൈയിലേക്കെത്തിയതോടെയാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടാവുന്നത്. മുംബൈയിൽ മോഡലിംഗ് ചെയ്ത് കരിയർ തുടങ്ങിയ റീമ പിന്നീട് അഭിനയ രംഗത്തേക്ക് കടന്നു.
തെലുങ്ക് സിനിമ 'ചിത്രം' ആയിരുന്നു ആദ്യ സിനിമ. ഉദയ് കിരണിനൊപ്പമാണ് നടി ഈ സിനിമയിൽ അഭിനയിച്ചത്. തമിഴിൽ മിന്നലെ എന്ന സിനിമയിലും നടി അഭിനയിച്ചു. ഹം ഹോ ഗയേ ആപ്കെയായിരുന്നു ആദ്യ സിനിമ.

എന്നാൽ ഈ സിനിമ പരാജയപ്പെട്ടു. മറുവശത്ത് തമിഴിൽ ചെയ്ത മിന്നലെ സൂപ്പർ ഹിറ്റായി. ബോളിവുഡിൽ ഒരു കരിയർ വളർത്താൻ പ്രയാസമാണെന്ന് വ്യക്തമായതോടെ നടി തെന്നിന്ത്യൻ സിനിമകളിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. നടിയെ തേടി നിരവധി അവസരങ്ങളും വരുന്നുണ്ടായിരുന്നു.
കരിയറിൽ വ്യത്യസ്തമായ വേഷങ്ങളും റീമയെ തേടിയെത്തി, വല്ലവൻ, ആയിരത്തിൽ ഒരുവൻ എന്നീ സിനിമകളിൽ ചെയ്ത വേഷം വൻ പ്രശംസ പിടിച്ചു പറ്റി. തമിഴിലും തെലുങ്കിലും കുറേനാൾ നായിക നടിയായി തുടർന്ന റീമ സെന്നിന് പിന്നീട് കരിയറിൽ താഴ്ചകളും സംഭവിച്ചു. പുതുമുഖങ്ങളുടെ വരവോടെ റീമ സെന്നിന്റെ അവസരങ്ങൾ കുറഞ്ഞു.

എന്നാൽ വ്യത്യസ്തമായ വേഷങ്ങൾ നടിക്ക് ഇടയ്ക്ക് ലഭിച്ചു. ഗ്യാങ്സ് ഓഫ് വാസെയ്പൂർ എന്ന ഹിന്ദി സിനിമയിൽ ചെയ്ത വേഷം ഇതിനുദാഹരണമാണ്. നടി അവസാനമായി അഭിനയിച്ച സിനിമയുമാണിത്. 2012 ൽ വിവാഹ ശേഷമാണ് റീമ സെൻ അഭിനയം നിർത്തിയത്.
ബിസിനസ്കാരൻ ശിവ് കരൺ സിംഗിനെയാണ് റീമ സെൻ വിവാഹം കഴിച്ചത്. 2013 ഇവർക്കൊരു മകനും ജനിച്ചു, രുദ്രവീർ എന്നാണ് മകന്റെ പേര്. ഇപ്പോഴിതാ മകന്റെ പിറന്നാൾ ദിനത്തിൽ റീമ സെൻ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്.

നടിയുടെ മകന് പത്ത് വയസ്സ് പൂർത്തിയായിരിക്കുകയാണ്. ചെറുപ്പകാലം മുതലുള്ള മകന്റെ ചിത്രങ്ങളാണ് റീമ സെൻ പങ്കുവെച്ചിരിക്കുന്നത്. എന്റെ സ്നേഹം ഇപ്പോൾ ഉള്ളിലല്ലെന്നും നടി ഫോട്ടോകൾക്കൊപ്പം കുറിച്ചു.
നടിക്ക് ഇത്ര വലിയ മകനുണ്ടായിരുന്നോയെന്നാണ് ആരാധകർ ചോദിക്കുന്നത്. ലൈം ലൈറ്റിൽ നിന്ന് ഏറെ നാളായി മാറി നിൽക്കുകയാണ് റീമ സെൻ.

അതേസമയം സോഷ്യൽ മീഡിയയിൽ ഇടയ്ക്കിടെ ചിത്രങ്ങൾ പങ്കുവെക്കാറുണ്ട്. 42 കാരിയായ റീമ സെൻ ഇപ്പോഴും സുന്ദരിയാണെന്ന് ആരാധകർ പറയുന്നു. കരിയറിൽ തിളങ്ങി നിന്ന കാലത്ത് വൻ ആരാധക വൃന്ദം റീമ സെന്നിനുണ്ടായിരുന്നു. അതീവ ഗ്ലാമറസായി സിനിമകളിലെത്തിയ റീമ ഇടയ്ക്ക് വിവാദങ്ങളിലും പെട്ടു.

ഒരു തമിഴ് പ്രസിദ്ധീകരണത്തിൽ വന്ന റീമയുടെ അതീവ ഗ്ലാമറായ ഫോട്ടോ വിവാദമായിരുന്നു. എന്നാൽ ഇപ്പോൾ ഇത്തരം വിവാദങ്ങളിലേക്കൊന്നും റീമ പോവാറില്ല. കുടുംബത്തോടൊപ്പമുള്ള സമയത്തിനാണ് നടി പ്രാധാന്യം നൽകുന്നത്.
കരിയറിൽ തിളങ്ങി നിന്ന നിരവധി നടിമാർ വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് വിട പറഞ്ഞിട്ടുണ്ട്. ബോളിവുഡിൽ വരെ പ്രശസ്തയായ അസിനുൾപ്പെടെയുള്ള നടിമാർ സമാന തീരുമാനം എടുത്തവരായിരുന്നു.


Click it and Unblock the Notifications











