'ദൃശ്യത്തിൽ അഭിനയിക്കണമെന്ന് ആവശ്യം; എന്നോട് പറഞ്ഞിട്ടെന്താണ്?; എന്നേക്കാൾ പ്രായമുള്ള മോഹൻലാൽ ഇന്നും ഹീറോ'
സിനിമാ രംഗത്ത് ഒരു കാലത്തെ സജീവ സാന്നിധ്യമായിരുന്നു നടി രേഖ ഹാരിസ്. എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ നായികയായി രേഖ തിളങ്ങി. മലയാളത്തിൽ ഏയ് ഓട്ടോ എന്ന സിനിമയിലൂടെയാണ് രേഖ വൻ ജനപ്രീതി നേടുന്നത്. മീനുക്കുട്ടി എന്ന കഥാപാത്രത്തെ മറക്കാൻ ഇന്നും ആരാധകർക്ക് കഴിഞ്ഞിട്ടില്ല. കിഴക്കുണരും പക്ഷി, ദശരഥം തുടങ്ങിയ സിനിമകളിലും ശ്രദ്ധേയ വേഷം രേഖയ്ക്ക് ലഭിച്ചു. തമിഴിലും ജനപ്രീതി നേടാൻ കഴിഞ്ഞ രേഖ പിൽക്കാലത്ത് ക്യാരക്ടർ റോളുകളും ചെയ്യാൻ തുടങ്ങി.
അമ്മ വേഷങ്ങളിലാണ് രേഖയെ പിന്നീട് കൂടുതലും കണ്ടത്. നായികമാർക്ക് കരിയറിന്റെ ഒരു ഘട്ടത്തിൽ സഹനടികളായി മാറേണ്ടി വരുന്ന സാഹചര്യത്തെക്കുറിച്ച് രേഖ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നായികമാർ തിരിച്ച് വരുമ്പോൾ സപ്പോർട്ടിംഗ് റോൾ മാത്രം കിട്ടുന്നതിൽ സങ്കടം തോന്നിയിട്ടുണ്ടെന്ന് രേഖ തുറന്ന് പറഞ്ഞു.

ദൃശ്യം മലയാളത്തിന്റെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും മലയാളത്തിൽ എടുക്കുമ്പോൾ എനിക്ക് ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും അടുത്തത് കമൽ ഹാസന്റെ കൂടെ നിങ്ങൾ അഭിനയിക്കണമെന്ന് മെസേജ് വരും. എന്റെയടുത്ത് പറഞ്ഞിട്ട് എന്ത് കാര്യം, നിങ്ങൾ പ്രൊഡ്യൂസറോട് പറയൂ എന്ന് ഞാൻ മറുപടി നൽകും. ദൃശ്യത്തിലെ ഭാര്യയുടെ വേഷമോ പൊലീസിന്റെ വേഷമോ നിങ്ങൾക്ക് ചെയ്യാൻ പറ്റുമെന്ന് പലരും പറഞ്ഞിരുന്നു.
ബോയിംഗ് ബോയിംഗ്, കിലുക്കം, ചിത്രം തുടങ്ങിയ സിനിമകളിൽ ക്യാരക്ടർ ആർട്ടിസ്റ്റുകൾക്ക് പ്രാധാന്യമുണ്ട്. 72 വയസായ മമ്മൂക്ക ഹീറോയായി ചെയ്യുന്നുണ്ട്. ലാൽ സാറിനും ഷാരൂഖ് ഖാനും സൽമാൻ ഖാനും നമ്മളേക്കാൾ പ്രായമുണ്ട്. അവരൊക്കെ ഹീറോയായി അഭിനയിക്കുന്നുണ്ട്. കഴിവ് കണ്ട് സംവിധായകർ വിളിക്കണം. ഇപ്പോൾ പൃഥിരാജ് സാറിന്റെ അമ്മയായി ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമ ചെയ്യുന്നുണ്ട്, വളരെ നല്ല കഥാപാത്രമാണ്. ഒരേ പോലെയുള്ളതല്ലാതെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കണം.

കല്യാണം കഴിഞ്ഞതോടെ നടിമാരുടെ മാർക്കറ്റ് പോയി എന്ന് പറഞ്ഞ് അവരുടെ കഴിവ് പുറത്ത് കൊണ്ടുവരുന്നില്ല. പിറകിൽ നിൽക്കുന്ന അമ്മ കഥാപാത്രമാണ് വരുന്നത്. അതെനിക്ക് ഇഷ്ടമല്ല. ഒരുപാട് പടങ്ങൾ എന്നെ ചോദിച്ചു. സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളാണ്. ഇപ്പോൾ മോഡേൺ അമ്മമാരുണ്ടല്ലോ. അറുപത് വയസായവരും ഇപ്പോൾ അടിപൊളിയായി നടക്കുന്നുണ്ടെന്നും രേഖ വ്യക്തമാക്കി.
ഇപ്പോഴത്തെ നടിമാർക്ക് ഭാഗ്യക്കുറവുണ്ടെന്നും രേഖ അഭിപ്രായപ്പെട്ടു. അന്ന് ഞങ്ങൾ പത്ത് പതിനഞ്ച് നായികമാരാണ് ഉണ്ടായിരുന്നത്. എല്ലാവരും നല്ല കഥാപാത്രങ്ങൾ ചെയ്തു. നായികമാരുടെ മുഖം പ്രേക്ഷകരുടെ മനസിൽ പതിയുമായിരുന്നെന്നും രേഖ വ്യക്തമാക്കി ചൂണ്ടിക്കാട്ടി. കൈരളി ടിവിയോടാണ് പ്രതികരണം. കഴിഞ്ഞ ദിവസം ഒരു തമിഴ് മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മോഹൻലാലിന്റെ അഭിനയ മികവിനെ പുകഴ്ത്തി രേഖ സംസാരിച്ചിരുന്നു.
തന്മാത്ര എന്ന സിനിമയിലെ മോഹൻലാലിന്റെ പ്രകടനമാണ് രേഖ ചൂണ്ടിക്കാണിച്ചത്. അഭിനയത്തിൽ മോഹൻലാലിൽ നിന്നും ഒരുപാട് പഠിക്കാനുണ്ടെന്നും രേഖ അഭിപ്രായപ്പെട്ടു. രേഖയെക്കൂടാതെ എൺപതുകളിൽ അഭിനയ രംഗത്തേക്ക് വന്ന മിക്ക നടിമാർക്കും കരിയറിലെ ഒരു ഘട്ടത്തിൽ അമ്മ വേഷങ്ങളിലേക്ക് മാറേണ്ടി വന്നിട്ടുണ്ട്. പലരും അഭിനയ രംഗം വിടുകയും ചെയ്തു.


Click it and Unblock the Notifications











