'എനിക്കിവിടെ മാത്രമല്ലെടാ അങ്ങ് ഡല്‍ഹിയിലും ഉണ്ടെടാ വേണ്ടപ്പെട്ടവര്‍' സിബിഐ 5-ല്‍ ആ നടന്‍ ഉണ്ടായിരുന്നെങ്കില്‍
സിബിഐ 5 പഴയ സിബിഐ ചിത്രങ്ങളുടെ ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്. സിനിമാസ്വാദകര്‍ക്ക് മറക്കാന്‍ സാധിക്കില്ല ആ ചിത്രങ്ങളൊക്കെയും. സിബിഐ ദി ബ്രെയിന്‍ പുറത്തിറങ്ങിയതോടെ മമ്മൂട്ടിയുടെ പഴയ ഡയലോഗുകളും കുറ്റാന്വേഷണരീതികളുമൊക്കെ ഇന്ന് വീണ്ടും ചര്‍ച്ചകളില്‍ സജീവമാവുകയാണ്.
പഴയ സിബിഐ സിനിമകളിലെ കഥാപാത്രങ്ങളില്‍ നിരവധി പേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല. അതില്‍ മറക്കാനാവാത്ത ചില മുഖങ്ങളുണ്ട്. അതിലൊരു പ്രധാന നടനായിരുന്നു പ്രതാപചന്ദ്രന്‍. അദ്ദേഹത്തെക്കുറിച്ചുള്ള ഒരു കുറിപ്പ് പങ്കുവെക്കുകയാണ് ഒരു സിനിമാപ്രേക്ഷകന്‍.

'ടാ.....സി ബി ഐ ...... ഇറങ്ങി വാടാ .......എനിക്കിവിടെ മാത്രമല്ലെടാ അങ്ങ് ഡല്‍ഹിയിലും ഉണ്ടെടാ വേണ്ടപ്പെട്ടവര്‍ ..!!നീ പേടിക്കും... നീയെല്ലാം പേടിക്കും.... നിന്നെയെല്ലാം പറപ്പിക്കും ...... ഞാന്‍ ഡല്‍ഹിയില്‍ പോകും !!!' സിബിഐ ഡയറികുറിപ്പില്‍ പ്രതാപ ചന്ദ്രന്‍ മമ്മൂട്ടിയെ വെല്ലുവിളിക്കുന്ന രംഗം ഇന്നലെയെന്നപോലെ ഇന്നും മനസില്‍ നിറഞ്ഞു നില്‍ക്കുന്നു. സിബിഐ സിനിമയുടെ അഞ്ചാം ഭാഗമായ പുതിയ ചിത്രം പുറത്തിറങ്ങിയപ്പോള്‍ കഴിഞ്ഞ മൂന്ന് ഭാഗങ്ങളിലും അഭിനയിച്ച രൂപഗാംഭീര്യവും ശബ്ദഗാംഭീര്യവും മനോഹരമായ ചിരിയുമുള്ള പ്രതാപചന്ദ്രനെ ഓര്‍മ്മ വന്നു.
മുണ്ടും ജൂബ്ബയും ധരിച്ച് കഴുത്തിലൊരു സ്വര്‍ണ്ണമാലയുമായി കോട്ടയം പാലാ അച്ചായന്‍മാരുടെയും ആഢ്യത്വമുള്ള മാടമ്പിമാരുടെയും പ്രതാപം വിളിച്ചോതുന്ന രൂപവും ഭാവവുമായി വില്ലനായും, സ്വഭാവ നടനായും മലയാള സിനിമയില്‍ നിറഞ്ഞുനിന്ന അതുല്യ നടന്‍. ഡയലോഗിന്റെ വ്യത്യസ്തത കൊണ്ട് ഏറ്റവും ശ്രദ്ധേയമായ വില്ലന്‍ വേഷങ്ങള്‍ ചെയ്ത, നാലുപതിറ്റാണ്ട് കാലം അഭിനയലോകത്ത് നിറഞ്ഞാടിയ പ്രതിഭ.

1941-ല്‍ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂരില്‍ ജനനം. തന്റെ സ്‌കൂള്‍ പഠനകാലത്തുതന്നെ പ്രതാപചന്ദ്രന്‍ വിവിധകലാപരിപാടികളില്‍ പങ്കെടുത്ത് നിരവധി സമ്മാനങ്ങള്‍ കരസ്ഥമാക്കിയിരുന്നു. അപ്പോഴൊന്നും സിനിമാ നടനെന്ന സ്വപ്നം പ്രതാപചന്ദ്രനുണ്ടായിരുന്നില്ല. നിരവധി സിനിമകള്‍ കണ്ടു നടന്ന പ്രതാപചന്ദ്രന്‍ 14 വയസില്‍ കൊല്ലത്തുവന്നു. അവിടെനിന്ന് മദ്രാസിലേക്കും. സിനിമാ മോഹവുമായി കൊല്ലത്തുനിന്ന് മദ്രാസിലെത്തിയ പ്രതാപചന്ദ്രന്റെ തുടക്കം ദുരിത പൂര്‍ണ്ണമായിരുന്നു.
മൂന്നു വര്‍ഷം അവിടെ തങ്ങിയ അദ്ദേഹം മദ്രാസ് റേഡിയോ നിലയത്തില്‍ ആര്‍ട്ടിസ്റ്റായും അവിടുത്തെ മലയാളികള്‍ അവതരിപ്പിക്കുന്ന അമച്ച്വര്‍ നാടകങ്ങളില്‍ കിട്ടുന്ന വേഷങ്ങളും അഭിനയിച്ച് കഴിഞ്ഞു. 1961 ല്‍ 'വിയര്‍പ്പിന്റെ വില'യായിരുന്നു പ്രതാപചന്ദ്രന്റെ ആദ്യചിത്രം. 60 വയസ്സുള്ള വൈദ്യരുടെ വേഷമായിരുന്നു ആ ചിത്രത്തില്‍. അതിനുശേഷം കുറച്ചുസിനിമകളില്‍ അപ്രധാനവേഷങ്ങള്‍ മാത്രമാണ് അദ്ദേഹത്തിന് ലഭിച്ചത്.
അതിനു ശേഷം നിരവധി ചെറിയ വേഷങ്ങള്‍ ചെയ്ത പ്രതാപചന്ദ്രന്‍ വീണ്ടും കൊല്ലത്തേക്ക് വന്നു. കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളില്‍ അഭിനയിച്ചു. നാടക ജീവിതം മടുത്തതോടെ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് മടങ്ങി. 'ആദിശങ്കരാചാര്യന്‍' എന്ന ചിത്രത്തിലാണ് പിന്നീട് അഭിനയിച്ചത്. അതിനുശേഷം പ്രതാപചന്ദ്രന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
സി.ബി.ഐ. ഡയറിക്കുറിപ്പ്, ഇരുപതാം നൂറ്റാണ്ട്, സംഘം, കോട്ടയം കുഞ്ഞച്ചന്‍, കൂടിക്കാഴ്ച, മനു അങ്കിള്‍ തുടങ്ങിയ സിനിമകളിലെ പ്രതാപന്ദ്രന്റെ വില്ലന്‍ വേഷങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രേംനസീര്‍, മധു, ജയന്‍ എന്നിവരുടെയും പിന്നീട് മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി തുടങ്ങി മറ്റു പല നായകന്മാരുടേയും അച്ഛനായി ധാരാളം ചിത്രങ്ങളില്‍ വേഷമിട്ടു. അഭിനയിച്ച കഥാപാത്രങ്ങള്‍ കൂടുതലും വില്ലന്മാര്‍. മുപ്പത്തിയഞ്ചോളം ചിത്രങ്ങളില്‍ പ്രേംനസീറിന്റെ അച്ഛനായി അഭിനയിച്ചു. സത്യന്റെ അച്ഛനായില്ലെങ്കിലും സഹോദരനും, വില്ലനും, ശിഷ്യനും, ചിറ്റപ്പനുമൊക്കെയായി ഒട്ടേറെ കഥാപാത്രങ്ങള്‍. നസീറിന്റെയും സത്യന്റെയും ആരാധനകനായിരുന്ന പ്രതാപചന്ദ്രന്‍ പിന്നീട് അവരുടെ ചിത്രങ്ങളിലെ സ്ഥിരം വില്ലനായി.

പ്രതാപചന്ദ്രന്റെ പ്രതാപകാലമായിരുന്നു അത്. പത്തംതിട്ടയില്‍ ഓമല്ലൂരിലെ വീട്ടില്‍നിന്ന് മദ്രാസിലെത്തിയ പ്രതാപചന്ദ്രന്‍ എന്ന നടന്റെ സമ്പാദ്യമിതായിരുന്നു. ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടനുമായി 45 വര്‍ഷങ്ങളാണ് മദ്രാസില്‍ കഴിച്ചുകൂട്ടിയത്.
സിനിമാ ജീവിതത്തിനിടയില്‍ അദ്ദേഹം 400-ഓളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഏറ്റവും സീനിയറായ നാലുപേരില്‍ ഒരാള്‍ പ്രതാപചന്ദ്രനായിരുന്നു. മറ്റു മൂന്നുപേര്‍ ഇവരാണ് -പറവൂര്‍ ഭരതന്‍, ജി.കെ. പിള്ള, ജോസ് പ്രകാശ്. ആയിരത്തിലേറെ ചിത്രങ്ങളില്‍ അഭിനയിച്ച പ്രതാപചന്ദ്രന്‍ അഞ്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. ബിസിനസ് അറിയാത്ത, ജീവിതത്തില്‍ വില്ലനായ പ്രതാപചന്ദ്രന്റെ അഞ്ചു ചിത്രങ്ങളും ദയനീയമായി പൊട്ടി! കോടതി, കാട്ടുതീ, പ്രകടനം, മനോധര്‍മ്മം, ഇവിടെ ഇങ്ങനെ ഇവയായിരുന്നു പ്രതാപചന്ദ്രന്‍ നിര്‍മ്മിച്ച ചിത്രങ്ങള്‍.
കോടതിക്കും കാട്ടുതീയ്ക്കും കഥയെഴുതിയതും പ്രതാപചന്ദ്രനാണ്. 'ദീപം' എന്നൊരു സീരിയല്‍ നിര്‍മ്മിച്ചു സംവിധാനം ചെയ്തു. രജനീകാന്തിനൊപ്പം അഞ്ച് ചിത്രങ്ങളില്‍ അഭിനയിച്ചു. ഒരു വര്‍ഷം 38 ചിത്രങ്ങള്‍ വരെ അഭിനയിച്ച കാലം പ്രതാപചന്ദ്രന്റെ ജീവിതത്തിലുണ്ട്. ചില സെക്‌സ് ചിത്രങ്ങളില്‍ അഭിനയിച്ചത് ഈ നടനെ ഇഷ്ടപ്പെടുന്ന നിരവധി പേര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. 2004 ഡിസംബര്‍ 16-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.


Click it and Unblock the Notifications











