ഋതു വിരാമത്തിന്റെ ഒൻപത് വർഷങ്ങൾ
സർഗ്ഗധനരാൽ സമ്പന്നമായ ബംഗാൾ സിനിമാ ചരിത്രത്തിലേക്ക് തൊണ്ണൂറുകളിൽ ഒരാൾ നിശബ്ദനായി കടന്നുവന്നു. പ്രമേയങ്ങളിലെ വ്യത്യസ്ത കൊണ്ടും കാവ്യാത്മകമായ സൃഷ്ടിപരത കൊണ്ടും അയാൾ തന്റേതായ ഒരിടം സ്ഥാപിച്ചെടുത്തു. പക്ഷേ ഹ്രസ്വകാലം കൊണ്ട് കുറെയധികം സവിശേഷമായ സർഗ്ഗസൃഷ്ടികൾ നമുക്ക് സമ്മാനിച്ചു കൊണ്ട് അതിവേഗം ആ മനുഷ്യൻ കാലത്തിന്റെ തിരശ്ശീലയ്ക്കു പിന്നിലേക്ക് തന്റെ ചലച്ചിത്ര സപര്യ പൂർത്തിയാക്കി നടന്നകന്ന് പോയി. അതെ ഋതുപർണോഘോഷ് എന്ന ഇന്ത്യൻ സിനിമയെ പുനർനിർവചിച്ച പ്രതിഭശാലിയുടെ അസാന്നിധ്യത്തിന് ഇന്ന് ഒൻപത് ആണ്ടുകൾ പൂർത്തിയാകുന്നു. എങ്കിലും കാഴ്ചയുടെയും പരിവർത്തനങ്ങളുടെയും വസന്തം ഒരുക്കിയ ചലച്ചിത്ര ഭൂമികയിൽ ആ പേര് ഇന്നും മായാതെ നിൽക്കുന്നുണ്ട്. ഓരോ സിനിമയും അതിന്റെ ഉത്ഘടവും കാവ്യാത്മകവുമായ ആഖ്യാനശൈലി കൊണ്ട് വേറിട്ടുനിന്നു.
1992ൽ അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത 'ഹീരേർ അങ്തി 'മുതൽ മരണപ്പെടുന്നതിനു ഏതാനും ദിവസങ്ങൾക്ക് മുൻപ് പൂർത്തീകരിച്ച സത്യാന്വേഷിവരെ വ്യത്യസ്തകൾകൊണ്ട് തല ഉയർത്തിനിന്ന ചിത്രങ്ങളാണ്. പല ചലച്ചിത്ര ആഖ്യാതാക്ക കളും പറയാൻ മടിച്ച പല വിഷയങ്ങളും ഋതു തന്റെ ചിത്രങ്ങളിലൂടെ അവതരിപ്പിക്കുകയായിരുന്നു. സ്ത്രീയെന്നോ പുരുഷനെന്നോ ഉള്ള സ്വത്വ സംഘർഷങ്ങളെ ഋതു ചലച്ചിത്രാവിഷ്കരിച്ചപ്പോൾ അത് തനിക്ക് നേരെ പിടിച്ച കണ്ണാടി പോലെയായിരുന്നു.

ഒരുഘട്ടത്തിൽ അപ്രതീക്ഷിതമായി ഋതു തന്റെ ലൈംഗിക സ്വത്വം വെളിപ്പെടുത്തിക്കൊണ്ട് ഇന്ത്യൻ മധ്യവർഗ്ഗ സിനിമ പ്രേക്ഷകരെ നിശബ്ദരാക്കി. പൊതുബോധം അംഗീകരിക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങൾക്കപ്പുറമുള്ള സ്വവർഗസ്നേഹത്തെയും ഉഭയലൈഗീകതയെകുറിച്ചുമൊക്കെയുള്ള ചലച്ചിത്ര പ്രമേയങ്ങൾ ദേശീയ തലത്തിൽ പോലും നിരവധി അംഗീകാരങ്ങൾ ഏറ്റുവാങ്ങി.
ടാഗോർ കൃതിയുടെ അടിസ്ഥാനത്തിൽ സ്വവർഗ്ഗ പ്രണയത്തിന്റെ ആഴത്തെ അതിഗംഭീരമായി അവതരിപ്പിച്ച ചിത്രാംഗദയിൽ ഉടൽ സംഘർഷങ്ങളിലമരുന്ന രുദ്രചാറ്റർജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഋതുപർണഘോഷ് എന്ന അഭിനേതാവിനെയും സംവിധായകനെയും നമുക്ക് ഒരിക്കലും മറക്കാൻ ആവുകയില്ല.
ടാഗോറിനെയും അദ്ദേഹത്തിന്റെ കൃതികളെയും അത്യന്തം ആരാധിച്ചിരുന്ന ഋതു തന്റെ പല ചിത്രങ്ങളും ടാഗോറിന്റെ കഥകളെ അടിസ്ഥാനമാക്കി ചിത്രീകരിച്ചവയായിരുന്നു. അദ്ദേഹത്തോടുള്ള കടുത്ത ആരാധനയുടെ സാക്ഷ്യമായാണ് 2012 ൽ അദ്ദേഹം സംവിധാനം ചെയ്ത 'ജീബൻ സ്മൃതി'എന്ന ഡോക്യൂമെന്ററി. സാഹിത്യ സൃഷ്ടികളെ ആസ്‌പദമാക്കിയാണ് ഋതു തന്റെ പല സൃഷ്ടികളും ആവിഷ്കരിച്ചിരിക്കുന്നത്. ശിശിരേന്ദു മുഖോപാദ്ധ്യായ യുടെ നോവലിനെ അടിസ്ഥാനമാക്കിയാണ് ആദ്യചിത്രമായ 'ഹീരേർ അങ്തി' സംവിധാനം ചെയ്തത്.
ടാഗോറിന്റെ കൃതികളിൽ നിന്ന് ചോക്കെർ ബാലിയും നൗകാഡൂബിയും ഒ ഹെന്റിയുടെ ദി ഗിഫ്റ്റ് ഓഫ് ദ മെജൈ എന്ന ചെറുകഥയിൽ നിന്ന് റെയിൻ കോട്ട് തുടങ്ങിയ ചിത്രങ്ങൾ ഋതു അണിയിച്ചൊരുക്കി. ഋതുവിന്റ ആദ്യകാല ശ്രദ്ധേയ ചിത്രങ്ങളിൽ ഒന്നായ 'ഉനിഷെ ഏപ്രിൽ ' മനുഷ്യബന്ധങ്ങളുടെ വൈകാരികതലങ്ങളെ ആഴത്തിൽ തൊട്ടുണർത്തുന്ന ഒരു ചിത്രമാണ്. പ്രശസ്തയായ സരോജിനി എന്ന നർത്തകിയും അവരുടെ മകൾ അദിതിയും തമ്മിലുള്ള സങ്കീർണ്ണമായ ബന്ധത്തിന്റെ മനോഹരമായ ഒരു ആവിഷ്കാരമാണ് 'ഉനിഷി ഏപ്രിൽ'.
ഒരു വർഷകാല സന്ധ്യയിൽ തന്റെ പൂർവ്വകാല പ്രണയിനിയെ തേടി അവളുടെ വീട്ടിലെത്തുന്ന മനുവിന്റെയും നീരുവിന്റെയും കഥ പറഞ്ഞ റെയിൻകോട്ട് പ്രണയത്തിന് ഊഷ്മളത ഒട്ടുംതന്നെ മങ്ങലേൽക്കാതെ നമ്മെ കാണിച്ചുതരുന്നു. ദീർഘമായ മൗനങ്ങളും നിശ്വാസങ്ങളുമൊക്കെ മെഴുകുതിരി വെട്ടത്തിലൂടെ നമുക്ക് മുൻപിൽ അവതരിപ്പിക്കുമ്പോൾ ആഖ്യാനശൈലി കൊണ്ട് തന്നെ സിനിമ ഒരു കവിതപോലെ മനോഹരമായിതീരുന്നു. സ്ത്രീ മനസ്സിന്റെ ആഴങ്ങളെയും അതിന്റെ സങ്കീർണ്ണതകളെയും ഇത്ര തീവ്രതയോടെ ഒപ്പിയെടുത്ത് മറ്റൊരു സംവിധായകൻ ഉണ്ടായിരുന്നില്ല. ഓരോ കഥാപാത്രങ്ങളിലൂടെയും ഓരോ ഫ്രെയിമുകളിലും നമുക്ക് മുമ്പിൽ അവതരിപ്പിച്ച ഓരോ സ്ത്രീജീവിതങ്ങളും ശക്തമായ സാന്നിധ്യം കൊണ്ട് ഇന്നും അണയാതെ നിൽക്കുന്നു. സ്ത്രൈണതയുടെ അവ്യാഖ്യായമായ ജീവിതാവസ്ഥകളെ അസാമാന്യമായ ചാതുരിയോടെ ആവിഷ്കരിച്ചുകൊണ്ട് അനുവാചകഹൃദയങ്ങളിൽ തിരയിളക്കാൻ അദ്ദേഹത്തിന്റെ ചലച്ചിത്രങ്ങൾക്ക് സാധിച്ചിരുന്നു.
ഒരു ചലച്ചിത്രകാരൻ എന്ന നിലയിൽ തന്റെ സൃഷ്ടികൾ ആയുധമാക്കി കൊണ്ട് വർത്തമാനകാല സമസ്യകളോട് ധീരമായി പോരാടുകയാണ് ചെയ്തുകൊണ്ടിരുന്നത്. കേവലം രണ്ട് പതിറ്റാണ്ട് കൊണ്ട് തന്റെ സർഗ്ഗനൈപുണ്യം കൊണ്ട് അസാധാരണമായ കൈയ്യൊതുക്കത്തോട് കൂടിയുള്ള നിരീക്ഷണ പാടവത്തോടെ ഇന്ത്യൻ മധ്യവർഗ്ഗ ജീവിതയാഥാർത്ഥ്യങ്ങളെ ആവിഷ്കരിക്കുകയായിരുന്നു അദ്ദേഹം.
1963 ഓഗസ്റ്റ് 31ന് കൊൽക്കത്തയിലായിരുന്നു ഋതുപർണഘോഷിന്റെ ജനനം. പിതാവായ സുനിൽ ഘോഷ് ഡോക്യുമെന്ററി സംവിധായകനായിരുന്നു. സംവിധാനരംഗത്ത് പിതാവായിരുന്നു ഋതുവിന്റ ഗുരു . പരസ്യ ചിത്രങ്ങൾ സംവിധാനം ചെയ്തു തുടങ്ങിയ ഋതു പിന്നീട് സിനിമയിലേക്ക് ചുവട് മാറ്റുകയായിരുന്നു. സംവിധാനം ചെയ്ത 20 സിനിമകളിൽ 12നും ദേശീയപുരസ്കാരം നേടിയ ഋതു സത്യജിത്ത് റേയ്ക്ക് ശേഷം ഇന്ത്യൻ സിനിമ കണ്ട ഒരു മഹാപ്രതിഭ തന്നെയായിരുന്നു.
Recommended Video
ഒൻപത് വർഷങ്ങൾക്ക് മുൻപ് ഇതേപോലെ ഒരു ദിവസം നിനച്ചിരിക്കാതെ തന്റെ നാൽപ്പത്തി ഒൻപതാം വയസിൽ മരണം വന്ന് അദ്ദേഹത്തെ നിശബ്ദമായി പുൽകിയെങ്കിലും അഭ്രപാളിയിലെ പ്രേക്ഷക മനസിലൂടെ ആ പേര് മായാതെ നിലനിൽക്കും.


Click it and Unblock the Notifications











