'മൊഴി മാറ്റിയ നടിക്കെതിരെ ഞാൻ ശക്തമായി പ്രതികരിച്ചതാണ്; പക്ഷെ ഡബ്ല്യുസിസിയുടെ ഭാഗത്ത് നിന്നുണ്ടായത്'
അഭിപ്രായങ്ങൾ തുറന്ന് പറയാൻ മടിയില്ലാത്ത വ്യക്തിയാണ് സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ. നടിയെ ആക്രമിച്ച കേസ്, ഹേമ കമ്മിറ്റി റിപ്പോർട്ട് തുടങ്ങിയയിലെല്ലാം തന്റേതായ നിലപാട് രഞ്ജു രഞ്ജിമാർക്കുണ്ട്. ഇതിന്റെ പേരിൽ കരിയറിൽ തിരിച്ചടിയുണ്ടായെങ്കിലും രഞ്ജു തന്റെ അഭിപ്രായങ്ങളുമായി മുന്നോട്ട് പോയി. നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത രഞ്ജുവിന്റെ അടുത്ത സുഹൃത്താണ്. ഇപ്പോഴിതാ കേസിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെക്കുകയാണ് രഞ്ജു രഞ്ജിമാർ.
മൂവി വേൾഡ് മീഡിയ മിഡിൽ ഈസ്റ്റിനോടാണ് പ്രതികരണം. ഈ കേസിൽ ചൂണ്ടിക്കാട്ടേണ്ടത് വിസ്താരം അവസാനിപ്പിക്കാൻ സമയമായി എന്നതാണ്. നീതി നടപ്പിലാക്കാമായിരുന്നു. ഇനി പൾസർ സുനിക്ക് ജാമ്യം കിട്ടിയതിനാൽ ഇനി കഥ എങ്ങോട്ട് പോകുന്നു എന്ന് നമുക്ക് ഊഹിക്കാൻ കഴിയും. കേസിൽ എനിക്ക് അറിയാവുന്ന കാര്യങ്ങൾ മാത്രമാണ് ഞാൻ പറഞ്ഞിട്ടുള്ളത്. എനിക്ക് ഒരാളെയും ചവിട്ടി താഴ്ത്താനോ ക്രൂശിക്കപ്പെടുന്നത് കണ്ട് രസിക്കാനോ കഴിയില്ല.

എനിക്കറിയാവുന്ന സത്യം മാത്രമാണ് പറഞ്ഞത്. ഈ വിഷയത്തിൽ പ്രസ്താവന ഇറക്കിയതിൽ നിന്ന് നഷ്ടങ്ങളേ ഉണ്ടായിട്ടുള്ളൂ. ഒരു നേട്ടങ്ങളും ഉണ്ടായിട്ടില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ കൂടുതൽ സപ്പോർട്ടായി നിന്നത് ഡബ്ല്യുസിസി എന്ന അസോസിയേഷനാണ്. ആ അസോസിയേഷനിൽ നിന്ന് പോലും എനിക്ക് അനുകൂലമായ പിന്തുണ വന്നിട്ടില്ല. ഒരാളിൽ നിന്നും കിട്ടിയിട്ടില്ല. ആകെക്കൂടി എന്നെ വിളിച്ച് എന്തെങ്കിലുമൊരു കാര്യം പറഞ്ഞത് രമ്യ നമ്പീശനാണെന്നും രഞ്ജു രഞ്ജിമാർ പറയുന്നു.
ആരൊക്കെയോ എന്തൊക്കെയോ ചെയ്യുന്നു. ആരൊക്കെയോ എന്തൊക്കെയോ പറയാൻ മടിക്കുന്നു. സ്വന്തം തന്തയാണെങ്കിലും നിലപാട് നിലപാട് തന്നെയായിരിക്കണം എന്ന് ഉറച്ച് വിശ്വസിക്കുന്ന ആളാണ്. പല ആർട്ടിസ്റ്റുകളുടെയും വർക്കുകൾക്ക് എന്നെ വിളിച്ചിട്ടുണ്ട്. ആ ആർട്ടിസ്റ്റുകളുടെ വർക്ക് വേണ്ടെന്ന് ഞാൻ ശക്തമായി പറഞ്ഞിട്ടുമുണ്ട്. ഞാൻ ഫേസ്ബുക്കിൽ ശക്തമായി പ്രതികരിച്ചിട്ടുണ്ട്. കേസിൽ മൊഴി മാറ്റി പറഞ്ഞു എന്ന കാരണത്തിൽ ഒരു ആർട്ടിസ്റ്റിന്റെ ഫോട്ടോ വെച്ച് തന്നെ ഞാൻ ശക്തമായി പ്രതികരിച്ചിട്ടുണ്ട്.

അതേസമയം രഞ്ജു രഞ്ജിമാരെ വർക്കിൽ ഉൾപ്പെടുത്താമെന്ന് ഡബ്ല്യുസിസിയിലെ ഒരു അംഗങ്ങളും ചിന്തിച്ചിട്ടില്ലെന്നും രഞ്ജു രഞ്ജിമാർ തുറന്നടിച്ചു. ഡബ്ല്യുസിസിയുടെ ഭാഗത്ത് നിന്നും തനിക്ക് വേണ്ട പിന്തുണ ലഭിച്ചില്ലെന്ന് നേരത്തെയും രഞ്ജു രഞ്ജിമാർ പറഞ്ഞിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഡബ്ല്യുസിസിയെ നിരവധി പേർ പ്രശംസിക്കുന്നുണ്ടെങ്കിലും സംഘടനയ്ക്കെതിരെ ഇപ്പോഴും വിമർശനങ്ങൾ വരുന്നുണ്ട്.
കഴിഞ്ഞ ദിവസം നടി മൈഥിലിയും ഡബ്ല്യുസിസിയെ വിമർശിച്ചു. താൻ പ്രശ്നങ്ങളിലൂടെ കടന്ന് പോകുന്ന ഘട്ടത്തിൽ ഡബ്ല്യുസിസി സോഷ്യൽ മീഡിയയിലൂടെ പിന്തുണ അറിയിച്ചു. എന്നാൽ സംഘടനയിൽ തന്റെ സുഹൃത്തുക്കളുമുണ്ടായിരുന്നു. അവരാരും തന്നെ വിളിച്ച് എന്താണ് പ്രശ്നമെന്ന് ചോദിച്ചില്ല. അതിൽ തനിക്ക് വിഷമമുണ്ടെന്നും മൈഥിലി തുറന്ന് പറഞ്ഞു. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയും സംഘടനയെ വിമർശിച്ചു. വിമൺ ഇൻ സിനിമ കലക്ടീവ് എന്നതിനപ്പുറം സെലക്ടീവാണ് ഡബ്ല്യസിസിയെന്ന് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. പല കാര്യങ്ങളിലും ഡബ്ല്യുസിസി വ്യക്തത വരുത്തുന്നില്ലെന്നും ഭാഗ്യലക്ഷ്മി തുറന്നടിച്ചു.


Click it and Unblock the Notifications