നാളെ മറ്റൊരു പെണ്ണിനൊപ്പം അവനെ കാണേണ്ടി വന്നിരുന്നെങ്കിലോ; എനിക്ക് വാക്ക് തന്നിട്ടില്ല; രഞ്‍ജു രഞ്ജിമാർ
മേക്കപ്പ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രഞ്ജു രഞ്ജിമാർ നിരവധി താരങ്ങൾക്ക് മേക്കപ്പ് ആർട്ടിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ട്രാൻസ് കമ്മ്യൂണിറ്റിയിൽ നിന്നുള്ള രഞ്ജു രഞ്ജിമാർ താൻ കടന്ന് വന്ന പാതകളെക്കുറിച്ച് നേരത്തെ സംസാരിച്ചിട്ടുണ്ട്. പൂർണമായും സ്ത്രീയായി മാറാനുള്ള ആഗ്രഹം അടക്കിപ്പിടിച്ച നാളുകളെക്കുറിച്ചും ഇവർ മനസ് തുറന്നിട്ടുണ്ട്. ആഗ്രഹിച്ച ജീവിതം നേടിയെടുത്തതിന്റെ സന്തോഷത്തിലാണ് രഞ്ജു രഞ്ജിമാറിന്ന്.
ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും സൗഹൃദത്തെക്കുറിച്ചും സംസാരിക്കുകയാണ് രഞ്ജു രഞ്ജിമാർ. മൂവി വേൾഡ് മിഡിൽ ഈസ്റ്റിനോടാണ് പ്രതികരണം. പങ്കാളിക്കൊപ്പമുള്ള പ്രണയത്തിനപ്പുറം ആ സൗഹൃദത്തിനാണ് താൻ പ്രാധാന്യം നൽകുന്നതെന്ന് രഞ്ജു രഞ്ജിമാർ പറയുന്നു. മനസാഗ്രഹിക്കുമ്പോൾ വരുന്ന സൗഹൃദം എനിക്കുണ്ടായിരുന്നു. പക്ഷെ ഇപ്പോൾ ഇല്ല. എങ്ങനെയോ എന്നിൽ നിന്ന് അകന്ന് പോയി.

അകന്ന് പോയ ബന്ധത്തെ വീണ്ടും നമ്മളിലേക്ക് അടുപ്പിക്കുക എന്നത് സാധ്യമല്ല. എന്തെങ്കിലും കാരണം കൊണ്ടായിരിക്കുമല്ലോ അകന്ന് പോയത്. ആ കാരണം ഉള്ളിൽ കിടക്കുമ്പോൾ വീണ്ടും അടുക്കാൻ ശ്രമിച്ചാൽ ആ വിള്ളൽ അവിടെ കിടക്കും. ഞാനൊന്നും മനസിൽ വെക്കാറില്ല. രഞ്ജു രഞ്ജിമാർ വളരെ സ്ട്രോങ് ആണെന്ന് ആളുകൾ പറയും. എന്റെ സെൽഫ് റെസ്പെക്ടും സെൽഫ് കെയറും അടിയറവ് പറയുന്ന ഇടങ്ങളുണ്ട്.
ഒന്നും വേണ്ട, നിന്റെ കരുതൽ എന്ന് പറയുന്ന ഇടം. അതൊരു നല്ല കാര്യമല്ല. പക്ഷെ ചിലപ്പോൾ ഞാൻ നിശബ്ദയായിപ്പോയിട്ടുണ്ട്. ആഗ്രഹിച്ച് കിട്ടാതിരുന്ന സൗഹൃദങ്ങൾ ഒരു സമയത്ത് കിട്ടിയപ്പോൾ ഞാൻ സ്വയം മറന്നതായിരിക്കാം. എന്റെ വ്യക്തിത്വം കൂടി ഞാൻ പണയപ്പെടുത്തി പോയി. അതുകൊണ്ടായിരിക്കാം ഇന്നും ഒരാൾക്ക് മുന്നിൽ ഞാൻ തോറ്റ് പോകുന്നത്.

ഞാനൊരു പ്രണയിനി അല്ല. അതിൽ ഞാൻ വേസ്റ്റ് ആണ്. സിനിമയ്ക്ക് പോകുക, കൈ പിടിച്ച് ഇരിക്കുക, ബീച്ചിൽ പോകുക എന്നൊന്നും എന്റെ പ്രണയമല്ല. അതൊക്കെ ആസ്വാദനമാണ്. ഒരുപക്ഷെ ചിലർ അതൊക്കെ ഉള്ളതാണ് പ്രണയമെന്ന് പറയുമായിരിക്കും. തന്നെ സംബന്ധിച്ച് സൗഹൃദമാണ് വലുതെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.
ഒരിക്കലും ജീവിത പങ്കാളിയെ ഞാൻ നോക്കുന്നില്ല. സൗഹൃദമാണെങ്കിൽ പോലും ജീവിത പങ്കാളിയായല്ല കാണുന്നത്. അടുത്ത സുഹൃത്തുക്കളായാണ്. കുറേ അനുഭവങ്ങൾ എന്റെ കൺമുന്നിലൂടെ കടന്ന് പോയിക്കഴിഞ്ഞു. ഈ ജീവിതം ഇങ്ങനെയങ്ങ് പോകാമെന്നാണ് കരുതുന്നതെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.
ബന്ധങ്ങൾ ഇല്ലാതാകുമ്പോഴുള്ള വേദനയുടെ ആഴം പതിയെ കുറയുമെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി. വേണ്ടപ്പെട്ട ആൾ മരിച്ചാലുള്ള ആഘാതം പതിയെ കുറയും. അത് പോലെ തന്നെയാണ്. ഞാനത് പഠിച്ചു. ഒരു ബ്രേക്കപ്പ് പോലെ വന്നപ്പോൾ അതിനെ ലഘൂകരിക്കാൻ ശ്രമിച്ചത് ഇങ്ങനെയുള്ള ചിന്തകളിൽ നിന്നാണ്.
നാളെ ഒരു സമയത്ത് നമ്മൾ പോലുമറിയാതെ ഒരു പെണ്ണിനെ കല്യാണം കഴിക്കുകയോ മറ്റൊരു പെണ്ണിനൊപ്പം കാണേണ്ടി വന്നാലോ എന്ന് ഞാൻ ആലോചിച്ചു. അവർ നമുക്ക് വാക്ക് തന്നിട്ടില്ല. നമ്മൾ അവർക്കും വാക്ക് കൊടുത്തിട്ടില്ല. ഒരു വാഗ്വാദത്തിനും പ്രസക്തിയില്ല. യാഥാർത്ഥ്യത്തെ അംഗീകരിച്ച് മുന്നോട്ട് പോയാൽ പ്രശ്നമില്ലെന്നും രഞ്ജു രഞ്ജിമാർ വ്യക്തമാക്കി.


Click it and Unblock the Notifications