മറ്റ് രണ്ട് നടിമാരായിരുന്നെങ്കിൽ അവിടെ മറ്റൊരു ഷോ നടന്നേനെ; പ്രിയാമണിയും മംമ്തയും അത്ഭുതപ്പെടുത്തി; രഞ്ജു
സെലിബ്രിറ്റി മേക്കപ്പ് രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള രഞ്ജു രഞ്ജിമാർക്ക് സിനിമാ ലോകത്ത് നിരവധി സൗഹൃദങ്ങളുണ്ട്. ഒരു കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കേറിയ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ ആയിരുന്നു. കരിയറിൽ തനിക്ക് അവസരങ്ങൾ നഷ്ടമായതിനെക്കുറിച്ച് രഞ്ജു രഞ്ജിമാർ നേരത്തെ സംസാരിച്ചിട്ടുണ്ട്. മലയാള സിനിമാ ലോകത്തെ ചില വിവാദങ്ങളിൽ നിലപാടെടുത്തതോടെയാണ് തന്റെ അവസരങ്ങൾ കുറഞ്ഞതെന്ന് രഞ്ജു രഞ്ജിമാർ തുറന്ന് പറയുകയുണ്ടായി.
ഇപ്പോഴിതാ മംമ്ത മോഹൻദാസ്, പ്രിയാമണി എന്നിവരെക്കുറിച്ച് രഞ്ജു രഞ്ജിമാർ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. തന്നെ ഏറെ പ്രചോദിപ്പിച്ച വ്യക്തിയാണ് മംമ്തയെന്ന് രഞ്ജു പറയുന്നു. കൗമുദി മൂവീസിനോടാണ് പ്രതികരണം. മംമ്ത എനിക്കൊരു യൂണിവേഴ്സിറ്റിയാണ്. ഞങ്ങൾക്കിടയിൽ ഗോസിപ്പുകളില്ല. എന്നെ ഒരുപാട് അത്ഭുതപ്പെടുത്തിയ കാര്യങ്ങളുണ്ട്. ഡി ഫോർ ഡാൻസ് റിയാലിറ്റി ഷോയിൽ മംമ്ത മോഹൻദാസും പ്രിയാമണിയുമാണ് ഒരുമിച്ച് ജഡ്ജായി ഇരിക്കുന്നത്.

മേക്കപ്പ് റൂമിൽ ഇവർ രണ്ട് പേരെയും ഞാനാണ് മേക്കപ്പ് ചെയ്യുന്നത്. ഈ സ്ഥാനത്ത് മറ്റ് രണ്ട് നടിമാരായിരുന്നെങ്കിൽ ഈ റിയാലിറ്റി ഷോ കഴിയുമ്പോൾ വേറൊരു റിയാലിറ്റി ഷോ നടന്നേനെ എന്ന് ഞാനും എന്റെ ഹെയർ സ്റ്റെെലിസ്റ്റും പറയും. പ്രിയാമണിക്ക് ഡ്രസ് സെലക്ട് ചെയ്യുന്നത് മംമ്ത മോഹൻദാസും മംമ്തയ്ക്ക് ഡ്രസ് സെലക്ട് ചെയ്യുന്നത് പ്രിയാമണിയുമാണ്.
മേക്കപ്പ് ചെയ്യുമ്പോൾ അവർ പരസ്പരം സജഷൻസ് പറയും. ഷൂട്ട് കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് ഫുഡ് കഴിക്കാൻ പോകും. പ്രസന്ന മാസ്റ്ററും നീരജുമുൾപ്പെടെ നാല് പേരും വൈകുന്നേരം എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിക്കും. ആ ആത്മ സൗഹൃദങ്ങൾ എനിക്ക് വേറൊരിടത്തും കാണാൻ പറ്റിയിട്ടില്ല. പലയിടങ്ങളിലും മേക്കപ്പ് ചെയ്യാൻ പോകുമ്പോൾ അപ്പുറത്ത് എന്താണ് സംഭവിക്കുന്നതെന്ന് അറിയാനുള്ള കൗതുകം ഞാൻ മറ്റുള്ള നടിമാരിൽ കണ്ടിട്ടുണ്ട്.

ബാംഗ്ലൂരിൽ പോകുമ്പോൾ റൂം കിട്ടിയില്ലെങ്കിൽ നേരെ എനിക്ക് പ്രിയ ചേച്ചിയുടെ വീട്ടിൽ പോകാം. അത്രയും ക്ലോസ് ആണ്. പ്രിയ ചേച്ചിയുടെ വീട്ടിൽ അങ്ങനെ അധികം മേക്കപ്പ് ടീമുകളൊന്നും പോയിട്ടില്ല. എനിക്ക് എപ്പോൾ ചെന്നാലും ആ വീട്ടിൽ ഒരു റൂം കിടക്കാൻ തരും. ഭക്ഷണം തരും. ജവാന്റെ ഷൂട്ട് നടക്കുമ്പോൾ പ്രിയാമണിക്ക് ഭയങ്കര തിരക്കാണ്. ആ സമയത്ത് വിളിച്ചാലും സെക്കന്റുകൾക്കുള്ളിൽ മറുപടി തരും.
ഏത് ജനങ്ങൾക്കിടയിലും നമ്മളവിടെ ഉണ്ടെന്ന് കണ്ടാൽ ഓടി വരും. പ്രതിസന്ധി ഘട്ടത്തിൽ തന്നെ തുണച്ചത് മംമ്ത മോഹൻദാസാണെന്നും രഞ്ജു രഞ്ജിമാർ പറയുന്നു. ഒരു കാലഘട്ടത്തിൽ എന്നോടൊപ്പം ഉണ്ടാകുമെന്ന് വിശ്വസിച്ചിരുന്നവരുണ്ട്. പിന്നീട് ഇവരാരും എനിക്കൊപ്പമില്ലെന്ന് ഞാൻ തിരിച്ചറിഞ്ഞപ്പോൾ എനിക്കൊരു കച്ചിത്തുരുമ്പ് ഇട്ട് തന്നയാളാണ് മംമ്ത മോഹൻദാസ്.
മംമ്തയുടെ കൂടെ മേക്കപ്പിന് പോയത് കൊണ്ട് തനിക്ക് വർക്കുകൾ നഷ്ടമായെന്നും രഞ്ജു രഞ്ജിമാർ തുറന്ന് പറഞ്ഞു. ഇവൾ മംമ്തയുടെ ആളാണ്. മംമ്ത മറ്റേ ആളിന്റെ ആളാണെന്ന് പറയും. കണക്ഷൻസ് പറഞ്ഞിട്ടുള്ള പൊളിറ്റിക്സ് നമുക്കിടയിൽ നിൽക്കുന്നുണ്ട്. അത് വളർന്ന് കൊണ്ടിരിക്കുന്നു. അത്തരം കാര്യങ്ങൾ കൊണ്ട് ഒരുപാട് അവസരം നഷ്ടപ്പെട്ടിട്ടുണ്ട്. ഒരുന നേരത്തെ ആഹാരത്തിനുള്ള വകയാണ്, ഇതിലൂടെ കിട്ടുന്നതെന്ന് ചിന്തിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെയുള്ളൂയെന്നും രഞ്ജു രഞ്ജിമാർ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications