ഏറ്റവും കൂടുതൽ ആഗ്രഹിച്ച നിമിഷം, ഇതാണ് മനുഷ്യർ; ഭാവന മംമ്തയെ കണ്ടപ്പോൾ; പ്രതികരിച്ച് രഞ്ജു രഞ്ജിമാർ
നടിമാരായ ഭാവനയും മംമ്ത മോഹൻദാസും നേരിട്ട് കണ്ടുമുട്ടിയ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. തന്റെ പുതിയ ചിത്രം അനോമിയുടെ റിലീസിനെത്തിയതായിരുന്നു ഭാവന. മംമ്ത ജയറാം ചിത്രം ആശകൾ ആയിരം കാണാനെത്തിയതും. രണ്ട് പേരും കെട്ടിപ്പിടിച്ചു. ഭാവനയുടെ സിനിമയ്ക്ക് മംമ്ത ആശംസകളും അറിയിച്ചു. ഇതേക്കുറിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാറുടെ പ്രതികരണമാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിച്ച ഒരു മൊമെന്റ്. ഇതാണ് മനുഷ്യർ എന്ന് കുറിച്ച രഞ്ജു രഞ്ജിമാർ തന്നെ ഏറ്റവും കൂടുതൽ സ്വാധീനിച്ച രണ്ട് പേർ ഇവരാണെന്നും പറഞ്ഞു. നിരവധി തവണ മംമ്തയ്ക്ക് വേണ്ടി രഞ്ജു രഞ്ജിമാർ മേക്കപ്പ് ചെയ്തിട്ടുണ്ട്. കരിയർ പ്രതിസന്ധി ഘട്ടം നേരിട്ട സാഹചര്യത്തിൽ മംമ്തയാണ് രഞ്ജു രഞ്ജിമാർക്ക് തുണയായത്. ഇതിൽ എക്കാലവും മംമ്തയോട് തനിക്ക് കടപ്പാടുണ്ടെന്ന് രഞ്ജു പല തവണ പറഞ്ഞിട്ടുള്ളതാണ്. ഒരിക്കൽ മംമ്തയെയും ഭാവനയെയും കുറിച്ച് രഞ്ജു രഞ്ജിമാർ സംസാരിച്ചിരുന്നു.

മംമ്ത കുറച്ച് നാൾ ബ്രേക്ക് എടുത്തത് മംമ്തയുടെ കരിയറിനെ ഒരുപാട് ബാധിച്ചിട്ടുണ്ട്. ഇന്ന് ബോളിവുഡിലെ ഒരാൾക്കൊപ്പം നിൽക്കാനുള്ള കഴിവുള്ള നടിയാണ് മംമ്ത. അത് പോലെ തന്നെയാണ് ഭാവനയും. ഭാവനയുടെ വളർച്ച വളരെ വേഗത്തിലായിരുന്നു. അങ്ങനെയൊരു ആർട്ടിസ്റ്റിന്റെ വളർച്ച ഇന്ന് വല്ലാത്തൊരു പ്രതിസന്ധി ഘട്ടത്തിൽ നിൽക്കുന്നത് കാണുമ്പോൾ സങ്കടം തോന്നാറുണ്ടെന്നാണ് മുമ്പ് ഫിൽമിബീറ്റിന് നൽകിയ അഭിമുഖത്തിൽ രഞ്ജു രഞ്ജിമാർ പറഞ്ഞത്.
ജീവിതത്തിൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നോട്ട് വന്നവരാണ് ഭാവനയും മംമ്തയും. ആരോഗ്യ പ്രശ്നങ്ങൾ മംമ്തയെ വല്ലാതെ അലട്ടിയിരുന്നു. രണ്ട് തവണ കാൻസറിനെ അതിജീവിച്ചു. ഇതിന് ശേഷം വിറ്റിലിഗൊ എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനും നേരിട്ടു. മംമ്ത നേരിട്ട പ്രശ്നങ്ങൾ നേരിട്ട് കണ്ടയാളാണ് രഞ്ജു രഞ്ജിമാർ. ഞങ്ങൾ ഒരുമിച്ച് കരഞ്ഞ ഒരു സാഹചര്യമുണ്ട്. രുദ്രംഗി എന്ന സിനിമയിൽ ഫൈറ്റ് സീൻ ചെയ്യുമ്പോൾ മംമ്തയുടെ കൈയ്ക്ക് വീക്കമുണ്ട്.
ഒരു ദിവസം കൊണ്ട് ഇത്രയും ഫൈറ്റ് സീനെടുക്കണം. അതൊക്കെ ചെയ്ത് പുള്ളിക്കാരി കാരവാനിൽ വന്ന് കൈ വലിച്ച് പിടിച്ച് കരയും. കണ്ണിൽ നിന്ന് കുടു കുടാ വെള്ളം വരും. ഞാൻ ആ കൈ തോളത്തേക്ക് വെച്ച് അവിടെ ഇരിക്കും. ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ട്. ഒരാളെ എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുത്തുന്നതെന്ന് പറഞ്ഞ് ഞാൻ കരയാറുണ്ട്. ഞാൻ ദൈവത്തെ ശപിച്ചിട്ടുണ്ടെങ്കിൽ, മുട്ടുകാലിൽ നിന്ന് പ്രാർത്ഥിച്ചിട്ടുണ്ടെങ്കിൽ അത് മംമ്തയ്ക്ക് വേണ്ടിയാണെന്ന് ഒരിക്കൽ രഞ്ജു രഞ്ജിമാർ പറഞ്ഞിരുന്നു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായി പേരെടുത്ത രഞ്ജു രഞ്ജിമാർ മലയാളത്തിലെ നിരവധി പ്രമുഖ നടിമാർക്ക് മേക്കപ്പ് ചെയ്തിട്ടുണ്ട്. ഇവരിൽ പലരുമായും സൗഹൃദവുമുണ്ട്. പ്രിയാമണി, ഭാവന, മംമ്ത മോഹൻദാസ് എന്നിവരാണ് രഞ്ജുവിന് വളരെ പ്രിയപ്പെട്ട നടിമാർ. മൂവരുമായും അടുത്ത സൗഹൃദം രഞ്ജുവിനുണ്ട്.


Click it and Unblock the Notifications











