അബുദാബിയിൽ ഇങ്ങേരുടെ വികൃതികൾ കണ്ടു; ആ നടി മാത്രമാണ് എന്നെ സപ്പോർട്ട് ചെയ്തത്: ഷെെനിനെതിരെ രഞ്ജു
നടി വിൻസി അലോഷ്യസിന്റെ പരാതിയിൽ വെട്ടിലായി ഷെെൻ ടോം ചാക്കോ. ലഹരി ഉപയോഗിച്ച് സെറ്റിൽ മോശമായി പെരുമാറിയെന്ന പരാതിയിൽ നടപടികൾ ആരംഭിച്ചു. സിനിമാ സംഘടനകളും വിൻസിക്കൊപ്പമുണ്ട്. ഏറെക്കാലമായി ഷെെനിനെക്കുറിച്ച് സിനിമാ ലോകത്ത് നിന്ന് ഒളിഞ്ഞും തെളിഞ്ഞും പരാതികൾ വന്നിരുന്നു. എന്നാൽ അന്നെല്ലാം പല പ്രമുഖരും ഷെെനിനെ പിന്തുണച്ചു.
ലെെവ് എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ ഷെെൻ ടോം ചാക്കോയുണ്ടാക്കിയ പ്രശ്നങ്ങളെക്കുറിച്ച് ഈ സിനിമയിൽ നടി മംമ്ത മോഹൻദാസിന്റെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്ന രഞ്ജു രഞ്ജിമാർ തുറന്ന് പറയുകയുണ്ടായി. എന്നാൽ ലെെവിന്റെ സംവിധായകൻ വികെപി ഉൾപ്പെടെ രഞ്ജു രഞ്ജിമാറുടെ വിമർശനത്തെ തള്ളിക്കളഞ്ഞു. ഇപ്പോഴിതാ ആ സംഭവത്തെക്കുറിച്ച് വീണ്ടും പരാമർശിച്ചിരിക്കുകയാണ് രഞ്ജു രഞ്ജിമാർ.

'ഒരിക്കൽ ഞാൻ ഈ നടന്റെ ലീലാവിലാസങ്ങൾ ചൂണ്ടിക്കാണിച്ച് പ്രതികരിച്ചപ്പോൾ അകത്തളത്തിൽ ഇരുന്ന് പല പ്രമുഖരും അഭിനന്ദിച്ചു. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ എനിക്കെതിരെ വിരൽ ചൂണ്ടി. എന്റെ സിനിമയുടെ കാര്യം ഞാൻ നോക്കാം, മാപ്പ് പറയണം എന്ന് ആ നടനും കുടുംബവും സംവിധായകനും എന്നോട് ആവശ്യപ്പെട്ടു. എന്നാൽ നിലപാടിൽ ഞാൻ ഉറച്ച് നിന്നു. എന്നെ സപ്പോർട്ട് ചെയ്തത് ആ നടി മാത്രം. (പേര് പറയുന്നില്ല അനുവാദം ഇല്ലാതെ). ആ സിനിമ ഞാൻ കംപ്ലീറ്റ് ചെയ്തു'
'ഈ അടുത്ത കാലത്ത് iffa അബുദാബി വച്ചു നടന്നപ്പോഴും ഇങ്ങേരുടെ വികൃതികൾ നേരിട്ട് കണ്ടു. ചില നടികൾ ചാനൽ ചർച്ചയിൽ ഇവനെ പൊക്കി പറയുന്നു. ഇവൻ അഭിനയിച്ച സിനിമയിൽ ഇവൻ കാട്ടികൂട്ടുന്ന തോന്ന്യവാസം നേരിൽ കണ്ട വെക്തി ആണ് ഞാനും എന്റെ സഹപ്രവർത്തകരും. ഏത് അർത്ഥത്തിൽ ആണ് ഇയാൾ നല്ല നടൻ ആവുന്നേ. ഇയാളുടെ സിനിമകൾ type അല്ലെ. വെള്ള പൂശാൻ ചിലർ,' രഞ്ജു രഞ്ജിമാറുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ഷെെനിന്റെ പേരെടുത്ത് പറയാതെയായിരുന്നു ഒരു ചാനൽ ചർച്ചയിൽ രഞ്ജു രഞ്ജിമാറുടെ തുറന്ന് പറച്ചിൽ. ഈയൊരു നടൻ കാരണം സിനിമാ സെറ്റിൽ ഞാൻ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്. ഈ നടൻ കൃത്യസമയത്ത് വരാതിരിക്കുകയും കോ ആർട്ടിസ്റ്റുമാരോട് വളരെ മോശമായി പെരുമാറുകയും ഷോട്ടിനിടയിൽ ഓടിപ്പോവുകയും ചെയ്തു. ഒമ്പത് മണിക്ക് തീർക്കേണ്ട സീനുകൾ പുലർച്ചെ അഞ്ച് മണി വരെ നീണ്ട് പോയി. ഞങ്ങൾക്ക് ഉറക്കമൊഴിച്ച് കാത്തിരിക്കേണ്ടി വന്നു എന്നായിരുന്നു രഞ്ജു രഞ്ജിമാറുടെ ആരോപണം.എന്നാൽ ഷെെൻ ടോം ചാക്കോ ഷൂട്ടിംഗുമായി സഹകരിക്കുന്ന ആളാണെന്ന് വികെപി പറഞ്ഞു.
വിൻസി അലോഷ്യസിന്റെ പരാതിക്ക് പിന്നാലെ ഷെെനിനെതിരെ നിരവധി പേർ രംഗത്ത് വരുന്നുണ്ട്. അതേസമയം ഷെെനിനെതിരെ നൽകിയ പരാതി പുറത്ത് വന്നതിൽ വിൻസി അലോഷ്യസ് എതിർപ്പറിയിച്ചിട്ടുണ്ട്. വളരെ രഹസ്യമായിരിക്കുമെന്ന് വിശ്വസിച്ചാണ് പരാതി നൽകിയത്. അതെങ്ങനെ ലീക്കായെന്ന് എനിക്കറിയില്ല. ഞാനായിട്ട് നടന്റെ പേരോ സിനിമയുടെ പേരോ പറയാനുദ്ദേശിച്ചിട്ടില്ല.
പരാതി കൊടുക്കണമെന്ന് ഞാൻ വിചാരിച്ചതല്ല. പക്ഷെ ഒരു പ്രൊസീജിയറുണ്ട്. ഞാനെന്റെ നിലപാട് പറഞ്ഞു. അതിന് ഞാൻ വിചാരിച്ചതിനപ്പുറം മീഡിയ കവറേജ് ലഭിച്ചു. ഇതിൽ ഉത്തരം പറയേണ്ടവരുണ്ട്. ആരാണ് പരാതി പുറത്ത് വിട്ടതെങ്കിലും ചെയ്തത് മോശമാണെന്ന് വിൻസി അലോഷ്യസ് മാധ്യമങ്ങളോട് പ്രതികരിച്ചു. നടന്റെ പേര് പുറത്ത് വന്നത് ഈ നടൻ അഭിനയിച്ച് കൊണ്ടിരിക്കുന്ന സിനിമകളെയും ബാധിക്കും. അത് കൊണ്ടാണ് പേര് താൻ പരസ്യമായി പറയാതിരുന്നതെന്നും വിൻസി അലോഷ്യസ് വ്യക്തമാക്കി.


Click it and Unblock the Notifications