അമ്മ വേഷങ്ങളിലൂടെ തിളങ്ങിയ മുതിർന്ന നടി മീന ഗണേഷ് അന്തരിച്ചു
അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ മുതിർന്ന നടി മീന ഗണേഷ് അന്തരിച്ചു. 81 വയസായിരുന്നു. ഇന്ന് പുലർച്ചെ ഷൊർണൂർ പികെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖ ബാധിതയായി ഷൊർണ്ണൂരിൽ ചികിത്സയിലായിരുന്നു മീന. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള നടി നാടകങ്ങളിലൂടെയാണ് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. കലാഭവൻ മണിയുടെ അമ്മ വേഷങ്ങളിലൂടെയാണ് മീനയെ മലയാളികൾ സ്നേഹിച്ച് തുടങ്ങുന്നത്.
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം, മിഴി രണ്ടിലും, മീശമാധവൻ തുടങ്ങി നിരവധി സൂപ്പർ ഹിറ്റ് സിനിമകളിൽ മീന അഭിനയിച്ചിട്ടുണ്ട്. സംസ്കാരം വൈകീട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തിൽ നടക്കും. മോഹൻലാലിന് കവിയൂർ പൊന്നമ്മ എന്നത് പോലെ തന്നെ ഹിറ്റായ ഒന്നായിരുന്നു കലാഭവൻ മണി-മീന ഗണേഷ് അമ്മ-മകൻ കോമ്പോ.

മണിയുടെ അമ്മയായി തന്നെയാണ് മീനയെ പ്രേക്ഷകർ സ്വീകരിച്ചിരുന്നതും. ഇരുന്നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുള്ള മീന വാത്സല്യനിധിയായ അമ്മ വേഷങ്ങൾ മാത്രമല്ല ക്രൂരയായ അമ്മ, അമ്മായിയമ്മ റോളുകളും ചെയ്തിട്ടുണ്ട്. മീന ചെയ്തതിൽ ഇപ്പോഴും സോഷ്യൽമീഡിയയിൽ റീലായും മറ്റും വൈറലാകാറുള്ളതും പലരും റീക്രിയേറ്റ് ചെയ്യാറുള്ളതുമായ വേഷം നന്ദനത്തിലെ കാർത്ത്യായനി അമ്മയുടേതാണ്.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി മീന അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയായിരുന്നു. തുടക്കം നാടകങ്ങളിലൂടെയായിരുന്നുവെങ്കിലും മീനയുടെ പിതാവ് അഭിനേതാവായിരുന്നു. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ.പി കേശവനാണ് മീനയുടെ അച്ഛൻ. 1942ൽ പാലക്കാട് കല്ലേക്കുളങ്ങരയിലാണ് മീന ഗണേഷിന്‍റെ ജനനം. സ്കൂൾ കാലഘട്ടം മുതൽ നാടകങ്ങളിൽ അഭിനയിച്ച് തുടങ്ങിയിരുന്നു. മലയാളി സമാജങ്ങളിലടക്കം അഭിനയിച്ചു.
നടിയുടെ ആദ്യ സിനിമ 1976ൽ പുറത്തിറങ്ങിയ മണിമുഴക്കമായിരുന്നു. പക്ഷെ മീനയുടെ മുഖവും അഭിനയ മികവും പ്രേക്ഷകർ ശ്രദ്ധിച്ച് തുടങ്ങിയത് 1991ൽ മുഖചിത്രം എന്ന ജയറാം സിനിമയിൽ അഭിനയിച്ചശേഷമാണ്. അസുഖങ്ങൾ മൂലം സിനിമയിൽ നിന്നും വിട്ടുനിന്ന കാലത്ത് സാമ്പത്തികമായി ഏറെ ഞെരുക്കത്തിലായിരുന്നു താരം. അന്ന് അമ്മ താര സംഘടനയുടെയും ഫിലിം സൊസൈറ്റിയുടെയും പെൻഷൻ ലഭിക്കുന്നത് മാത്രമായിരുന്നു മീന ഗണേഷിന് ആശ്വാസം.

നാടകങ്ങളിൽ ഒപ്പം അഭിനയിച്ചപ്പോൾ പരിചയപ്പെട്ട് സുഹൃത്തായി മാറിയ ആളെയാണ് നടി വിവാഹം ചെയ്തത്. പന്ത്രണ്ട് വർഷങ്ങൾക്ക് മുമ്പാണ് മീനയ്ക്ക് ഭർത്താവിനെ നഷ്ടപ്പെടുന്നത്. ആ ബന്ധത്തിൽ ഒരു മകനും മകളും താരത്തിനുണ്ട്. മക്കളുടെ സംരക്ഷണയിൽ ആയിരുന്നു കഴിഞ്ഞ കുറച്ച് കാലങ്ങളായി മീന.


Click it and Unblock the Notifications











