'സുധിലയം... ഞങ്ങളും മനസിൽ കണ്ട പേര്'; ഗൃഹപ്രവേശം തൊട്ടരികെ, പുതിയ വീടിന്റെ പേര് വെളിപ്പെടുത്തി രേണു!
കൊല്ലം സുധിയുടെ മരണം ഉൾക്കൊള്ളാൻ ഇന്നും പ്രിയപ്പെട്ടവർക്കും ആരാധകർക്കും കഴിഞ്ഞിട്ടില്ല. ഒരു വർഷം മുമ്പ് ഒരു സ്റ്റേജ് ഷോയിൽ പങ്കെടുത്ത് മടങ്ങവെയാണ് വാഹനാപകടത്തിൽപ്പെട്ട് സുധിയുടെ വേർപാടുണ്ടായത്. കുറേ വർഷങ്ങളായി കലാരംഗത്തുണ്ടെങ്കിലും കാര്യമായി ഒന്നും സമ്പാദിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ഭാര്യ രേണുവിനും മക്കളായ കിച്ചുവിനും റിതുലിനുമൊപ്പം സന്തുഷ്ടകരമായ ജീവിതമായിരുന്നു സുധിക്ക്. ഭാര്യയ്ക്കും മക്കൾക്കുമായി ഒരു കൊച്ചു വീട് എന്നും സുധിയുടെ സ്വപ്നമായിരുന്നു.
വിശ്രമമില്ലാതെ സ്റ്റേജ് ഷോകളിൽ അടക്കം സജീവമായി നിന്നതും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടിയായിരുന്നു. എന്നാൽ ആഗ്രഹം സഫലീകരിക്കാൻ കഴിയാതെ സുധി പോയപ്പോൾ സുധിയുടെ പ്രിയപ്പെട്ടവർ ആ സ്വപ്നം നടപ്പിലാക്കാൻ തീരുമാനിച്ചു. സുധിയുടെ കുടുംബത്തിനായി കോട്ടയത്ത് നിർമ്മിക്കുന്ന വീടിന്റെ അവസാനഘട്ട മിനുക്ക് പണികളാണ് നടക്കുന്നത്.

കേരള ഹോം ഡിസൈൻസ്, ഫ്ലവേഴ്സ് ചാനൽ, 24 ന്യൂസ് എന്നിവയെല്ലാം സംയുക്തമായാണ് സുധിയുടെ സ്വപ്ന ഭവനം പണിതുയർത്തുന്നത്. ചിങ്ങത്തിൽ ഗൃഹപ്രവേശന ചടങ്ങുകൾ ഉണ്ടാകുമെന്ന് അടുത്തിടെ രേണു പറഞ്ഞു. സോഷ്യൽമീഡിയയിൽ സജീവമായ രേണു ഇപ്പോൾ വീടിന് നൽകാൻ പോകുന്ന പേര് എന്താണ് വെളിപ്പെടുത്തി. സുധിലയം എന്നാണ് വീടിന് നൽകാൻ ഉദ്ദേശിക്കുന്ന പേര്.
നെയിംപ്ലേറ്റുമായി നിൽക്കുന്ന ചിത്രം പങ്കിട്ട് വീട് നിർമ്മിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദിയും അറിയിച്ചു രേണു. പേര് സുധിയുടെ ആരാധകർക്കും ഇഷ്ടപ്പെട്ടുവെന്നത് കമന്റിൽ നിന്നും വ്യക്തമാണ്. ഞങ്ങൾ മനസിൽ കണ്ട പേര്. രേണുവിനും കുഞ്ഞുങ്ങൾക്കും നല്ലത് വരട്ടെ, എല്ലാം നന്നായി വരട്ടെ, സന്തോഷത്തോടെ ഇരിക്കൂ, ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയാണ് കമന്റുകൾ. സുധിയുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് വഹിക്കുന്നത് ഫ്ലവേഴ്സും 24 ന്യൂസും ചേർന്നാണ്.
വീട് കണ്ടപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. ഇത്രയും വലിയ വീടാണോ നമുക്ക് കിട്ടാൻ പോകുന്നതെന്ന് കണ്ട് ശരിക്കും ഞെട്ടി. നമ്മുടെ മനസിൽ ഒരു വീടുണ്ടല്ലോ. അതിലും വലിയ വീടാണ് പണിയുന്നത്. എന്നെ സംബന്ധിച്ച് സ്വപ്നം കാണാൻ പറ്റാത്ത വീടാണ് അവർ തരുന്നത്. വീടിന് വേണ്ടി ചെയ്തവരോടൊക്കെ നന്ദി മാത്രമെയുള്ളൂ എന്നാണ് അടുത്തിടെ വീട് പണിയുടെ വിശേഷങ്ങൾ പങ്കിട്ട് സംസാരിക്കവെ രേണു പറഞ്ഞത്.
സുധിയുടെ പാത പിന്തുടർന്ന് രേണുവും അഭിനയത്തിലേക്ക് ഇറങ്ങി കഴിഞ്ഞു. ചില ഷോർട്ട് ഫിലിമുകളിലും കൂടാതെ നാടകാഭിനയത്തിലും രേണു സജീവമാണ്. സുധിയുടെ രണ്ട് മക്കളെ വളർത്തി ഒരു നിലയിൽ എത്തിക്കുക. അവർക്ക് കരുത്തായി ഒപ്പം നിൽക്കുക എന്നതാണ് രേണുവിന്റെ ലക്ഷ്യം. മറ്റൊരു വിവാഹത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്ന് അടുത്തിടെ ഗോസിപ്പുകൾ ഉണ്ടായപ്പോൾ രേണു തന്നെ വ്യക്തമാക്കിയിരുന്നു.

രേണുവിന്റെയും സുധിയുടെയും പ്രണയ വിവാഹമായിരുന്നു. ആദ്യ വിവാഹബന്ധം തകർന്നശേഷമാണ് സുധി രേണുവിനെ പരിചയപ്പെടുന്നത്. പിന്നീട് അത് പ്രണയമായി. അഞ്ച് വർഷം മുമ്പായിരുന്നു വിവാഹം. ഷോകൾ കണ്ട് തോന്നിയ ഇഷ്ടം രേണു സുധിയോട് പറയുകയായിരുന്നു. സുധിയുടെ ആദ്യ വിവാഹത്തിലുള്ള മകനമാണ് കിച്ചു. സുധിക്ക് ആരാധകരെ സമ്പാദിച്ച് കൊടുത്ത സ്റ്റാർ മാജിക്ക് ഷോയിൽ ഇടയ്ക്ക് രേണുവും മക്കളും എത്താറുണ്ടായിരുന്നു.
അതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് സുപരിചിതയാണ് രേണു. കുടുംബമായിരുന്നു സുധിയുടെ ലോകം. അതുകൊണ്ട് തന്നെ ഷൂട്ടിനിടയിലെ ബ്രേക്ക് സമയത്തെല്ലാം സുധി രേണുവിനും മക്കൾക്കുമരികിലേക്ക് ഓടിയെത്തും. സുധിക്ക് കുടുംബത്തോടുള്ള സ്നേഹത്തെ കുറിച്ച് ലക്ഷ്മി നക്ഷത്രയും വാചാലയാകാറുണ്ട്.
സുധി മരിച്ചുവെന്നത് വിശ്വസിക്കാൻ കഴിയാത്തതിനാൽ ദൂരെ എവിടെയോ ഷോ ചെയ്യാൻ പോയിരിക്കുകയാണെന്നാണ് തങ്ങളെല്ലാം മനസിനെ പറഞ്ഞ് വിശ്വസിപ്പിച്ചിരിക്കുന്നതെന്നാണ് രേണുവും സുധിയുടെ സഹപ്രവർത്തകരും പറയാറുള്ളത്.


Click it and Unblock the Notifications