എന്തൊക്കെ സംഭവിച്ചാലും ഈ സമയത്ത് കൂടെ നിൽക്കണം! സ്നേഹത്തോളം വലിയ മരുന്നില്ല! രേണുവിനൊപ്പം! കുറിപ്പ് വൈറൽ
അസുഖത്തെക്കുറിച്ച് പറഞ്ഞുള്ള രേണു സുധിയുടെ അഭിമുഖം ചര്‍ച്ചയായിക്കൊണ്ടിരിക്കുകയാണ്. പല കാര്യങ്ങളിലും അഭിപ്രായവ്യത്യാസം തോന്നിയിരുന്നുവെങ്കിലും ഇപ്പോള്‍ അവരോടൊപ്പമാണെന്നായിരുന്നു എല്ലാവരും പറഞ്ഞത്. രേണുവിന് പിന്തുണ അറിയിച്ച് മഞ്ജുഷ പോസ്റ്റ് ചെയ്ത കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഞാൻ ഏകദേശം പതിനഞ്ചോളം വർഷങ്ങളായി ഫേസ്ബുക്കിൽ സജീവമാണ്. ഈ വർഷങ്ങൾക്കിടയിൽ ഞാൻ എഴുതിയിട്ടുള്ളത് കൂടുതലും എന്റെ ജീവിതത്തിലെ അനുഭവങ്ങളും, സന്തോഷങ്ങളും സങ്കടങ്ങളും, ചെറിയ കുറിപ്പുകളും കവിതകളും, വീട്ടുവിശേഷങ്ങളും, ഞാൻ ചെയ്യുന്ന റീലുകളുമൊക്കെയാണ്. സത്യത്തിൽ, മറ്റൊരാളുടെ വ്യക്തിജീവിതത്തെക്കുറിച്ചോ ഒരു വ്യക്തിയെക്കുറിച്ചുള്ള അഭിപ്രായമായോ ഞാൻ ഇതുവരെ ഒരു പോസ്റ്റ് പോലും എഴുതിയിട്ടില്ല. അങ്ങനെയൊരു ശീലം എനിക്കില്ല. പക്ഷേ ഇന്ന് ഈ കുറിപ്പ് എഴുതണം എന്ന് എന്റെ മനസ്സ് പറയുകയാണ്. അതുകൊണ്ടാണ് ആദ്യമായി ഒരാളെക്കുറിച്ച് ഇങ്ങനെ കുറച്ച് വരികൾ എഴുതുന്നത്.
സുധിയുടെ വിയോഗത്തിന് ശേഷം ,ജീവിതത്തിൽ ഇത്ര വലിയൊരു നഷ്ടം നേരിട്ടിട്ടും തളരാതെ മുന്നോട്ട് പോകാൻ ശ്രമിക്കുന്നത് കണ്ടപ്പോൾ നിങ്ങളോട് സ്നേഹവും ബഹുമാനവും തോന്നിയിട്ടുണ്ട്. പിന്നീട് ബിഗ് ബോസിൽ നിങ്ങളെ കണ്ടപ്പോൾ ആ ഇഷ്ടം കൂടി. നിങ്ങൾ ജയിക്കണമെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ച ഒരാളായിരുന്നു ഞാൻ. അതുകൊണ്ട് തന്നെ കഴിയുന്നത്ര വോട്ടുകളും ചെയ്തിട്ടുണ്ട്. ഒരു സാധാരണ പ്രേക്ഷക എന്ന നിലയിൽ നിങ്ങളുടെ യാത്ര കാണുമ്പോൾ സന്തോഷവും പ്രതീക്ഷയും തോന്നിയിരുന്നു. എന്നാൽ പിന്നീട് ചില കാര്യങ്ങളിൽ എനിക്ക് നിങ്ങളോട് വിയോജിപ്പുകൾ തോന്നി. ചില വീഡിയോകളും ചില തീരുമാനങ്ങളും എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് മനസ്സിൽ ചെറിയൊരു നിരാശയും ദേഷ്യവും ഉണ്ടായിട്ടുണ്ട്. പക്ഷേ ഇന്ന് അതൊന്നും ഓർക്കാനല്ല ഞാൻ ഈ കുറിപ്പ് എഴുതുന്നത്.

കാരണം നമ്മളാരും പൂർണരല്ല. ഈ ലോകത്ത് തെറ്റുകളില്ലാത്ത മനുഷ്യരില്ല. ഒരു ഭർത്താവിന്റെ പിന്തുണയില്ലാതെ, പ്രത്യേക പരിചരണം ആവശ്യമായ ഒരു മകനെ ഉൾപ്പെടെ മൂന്ന് മക്കളെ വളർത്തിക്കൊണ്ടുവന്ന ഒരാളാണ് ഞാനും. ആ യാത്രയിൽ എനിക്കും വീഴ്ചകൾ പറ്റിയിട്ടുണ്ട്, തെറ്റുകൾ സംഭവിച്ചിട്ടുണ്ട്, കുറവുകൾ ഉണ്ടായിട്ടുണ്ട്. അപ്പോൾ എനിക്ക് കുറവുകളുണ്ടെങ്കിൽ, നിങ്ങൾക്കും ഉണ്ടാകും, മറ്റുള്ളവർക്കും ഉണ്ടാകും. മനുഷ്യരായതിന്റെ ഭാഗമാണ് അത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സോഷ്യൽ മീഡിയയിൽ രേണുവിന്റെ പല രൂപങ്ങളും നമ്മൾ കണ്ടു. ചിലത് ഇഷ്ടപ്പെട്ടു, ചിലത് ഇഷ്ടപ്പെട്ടില്ല. പലപ്പോഴും വിമർശനങ്ങളും കേട്ടു. എന്നാൽ ഇന്ന് തിരിഞ്ഞുനോക്കുമ്പോൾ ഒരു കാര്യം തോന്നുന്നു . ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ഒരാൾക്ക് ചില സമയങ്ങളിൽ ശരിയായ മാർഗനിർദേശവും ആത്മാർത്ഥമായി കൈപിടിച്ചു നടത്താൻ ആളുകളും ലഭിക്കണമെന്നില്ല.
ചില തീരുമാനങ്ങൾ ശരിയായിരിക്കാം, ചിലത് തെറ്റായിരിക്കാം. പക്ഷേ അതിന്റെ പിന്നിൽ ഒരു മനുഷ്യഹൃദയമുണ്ട് എന്ന കാര്യം നമ്മൾ പലപ്പോഴും മറന്നുപോകാറുണ്ട്. രേണുവിന്റെ ചില വീഡിയോകളോ ചില തീരുമാനങ്ങളോ എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടിട്ടില്ല. പക്ഷേ അതിന്റെ പേരിൽ ഒരിക്കലും ഞാൻ ഒരു മോശം കമന്റോ പരിഹാസമോ അവഹേളനമോ എവിടെയും എഴുതിയിട്ടില്ല. കാരണം ഓരോ മനുഷ്യർക്കും അവരുടേതായ ഇഷ്ടങ്ങളും സ്വപ്നങ്ങളും ജീവിതരീതികളും ഉണ്ട്. നമ്മൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും എല്ലാവർക്കും ഇഷ്ടപ്പെടണം എന്നില്ല. അതുപോലെ മറ്റൊരാൾ ചെയ്യുന്ന എല്ലാ കാര്യങ്ങളും നമുക്കും ഇഷ്ടപ്പെടണം എന്നില്ല. പക്ഷേ അഭിപ്രായവ്യത്യാസത്തിനും അധിക്ഷേപത്തിനും തമ്മിൽ വലിയൊരു വ്യത്യാസമുണ്ട്.
ഇന്ന് രേണു നേരിടുന്ന ഈ അവസ്ഥയിൽ നിൽക്കുമ്പോൾ ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. ഇനിയെങ്കിലും ഒരാളുടെ വേദന മനസ്സിലാക്കാൻ ഈ സമൂഹം പഠിക്കണം. നമ്മൾ എഴുതുന്ന ഒരു മോശം വാക്ക് പോലും ചിലപ്പോൾ ഒരാളുടെ മനസ്സിൽ എത്ര വലിയ മുറിവാണ് ഉണ്ടാക്കുന്നതെന്ന് നമ്മൾ അറിയാറില്ല. അതുകൊണ്ട് ദയവായി ബാഡ് കമന്റുകളിലൂടെയും പരിഹാസങ്ങളിലൂടെയും മറ്റുള്ളവരെ വേദനിപ്പിക്കുന്ന ശീലം നമുക്ക് ഒഴിവാക്കാം. ഒരാളെ ഇഷ്ടമില്ലെങ്കിൽ വിമർശിക്കാം, വിയോജിക്കാം, പക്ഷേ അയാളുടെ മനുഷ്യത്തെയോ വേദനയെയോ അപമാനിക്കാതിരിക്കാം. കാരണം അവസാനം നമ്മളെല്ലാവരും മനുഷ്യരാണ്. ഇന്നത്തെ വേദന അവരുടേതാണെങ്കിൽ നാളെയത് നമ്മുടേതും ആകാം.
ഇന്ന് നിങ്ങളുടെ അസുഖവിവരം അറിഞ്ഞപ്പോൾ മനസ്സിൽ ആദ്യം വന്നത് ആ പഴയ അഭിപ്രായങ്ങളൊന്നുമല്ല. പകരം ഒരു സ്ത്രീയുടെ വേദനയും, ഒരു അമ്മയുടെ പോരാട്ടവും, ജീവിതത്തോട് പൊരുതി നിൽക്കുന്ന ഒരു മനുഷ്യന്റെ ധൈര്യവുമാണ്. കിച്ചുവിനോടും ഒരു കാര്യം പറയാനുണ്ട്.
മോനെ, ജീവിതത്തിൽ അഭിപ്രായവ്യത്യാസങ്ങളും പിണക്കങ്ങളും തെറ്റിദ്ധാരണകളും ഉണ്ടായേക്കാം. പക്ഷേ ഒരു മനുഷ്യൻ രോഗത്തോട് പോരാടുന്ന സമയത്ത് അയാൾക്ക് ഏറ്റവും വലിയ മരുന്ന് സ്നേഹമാണ്. ഈ സമയത്ത് നീയും കുടുംബവും രേണുവിന് ധൈര്യമായി ഒപ്പമുണ്ടാകണം. കാരണം, എത്രയൊക്കെ ജീവിതം മാറിയാലും, എത്രയൊക്കെ സാഹചര്യങ്ങൾ വന്നാലും, കുടുംബത്തിന്റെ ഒരു കൈത്താങ്ങിന് പകരം മറ്റൊന്നുമില്ല.
രേണു, നിങ്ങൾ ഈ പോരാട്ടവും ജയിക്കട്ടെ. ദൈവം നിങ്ങൾക്ക് ആരോഗ്യം നൽകട്ടെ. വീണ്ടും പുഞ്ചിരിയോടെ ജീവിതത്തിലേക്ക് മടങ്ങിവരാൻ കഴിയട്ടെ. ഒരുപാട് പേർ നിങ്ങളെ വിമർശിച്ചിട്ടുണ്ടാകാം. ഒരുപാട് പേർ നിങ്ങളെ തെറ്റിദ്ധരിച്ചിട്ടുണ്ടാകാം. പക്ഷേ ഇന്ന് അതിനെയെല്ലാം മറികടന്ന് ഒരു മനുഷ്യനെന്ന നിലയിൽ, ഒരു സ്ത്രീയെന്ന നിലയിൽ, ഒരു അമ്മയെന്ന നിലയിൽ നിങ്ങൾക്ക് വേണ്ടി ഹൃദയം നിറഞ്ഞ പ്രാർത്ഥനകൾ മാത്രം. വേഗം സുഖം പ്രാപിക്കും എന്നുമായിരുന്നു കുറിപ്പ്.


Click it and Unblock the Notifications