രക്ഷപ്പെടാൻ പോകുന്നത് കമൽഹാസൻ, അന്ന് രാംചരൺ ശങ്കറിനെ എതിർത്തു; ഇന്ത്യൻ 3യിൽ നിന്നും ലൈക്ക പിന്മാറി?
കഴിഞ്ഞ വർഷം വലിയ ഹൈപ്പോടെ തിയേറ്ററിൽ റിലീസ് ചെയ്യുകയും എന്നാൽ വൻ പരാജയമായി മറുകയും ചെയ്ത സിനിമയാണ് കമൽഹാസൻ-ശങ്കർ കൂട്ടുകെട്ടിൽ എത്തിയ ഇന്ത്യൻ 2. ചിത്രത്തിന്റെ ആദ്യ ഭാഗത്തോട് രണ്ടാം ഭാഗം ഒരു തരത്തിലും നീതി പുലർത്തിയില്ലെന്നായിരുന്നു പ്രേക്ഷക പ്രതികരണം. മോശം തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരിൽ വിമർശനങ്ങളും ട്രോളുകളും ഏറ്റുവാങ്ങിയ സിനിമ ബോക്സ് ഓഫീസിലും മൂക്കും കുത്തി വീണു.
ഒടിടിയിൽ എത്തിയപ്പോഴും തിയേറ്ററിലേതിന് സമാനമായ പ്രതികരണങ്ങൾ ആയിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. യുക്തിയില്ലാത്ത രംഗങ്ങള്‍ നിറച്ച് സിനിമയെ നശിപ്പിച്ചുവെന്നായിരുന്നു ആക്ഷേപം. കമല്‍ഹാസന്റെ കഥാപാത്രത്തിന് പുറമെ സിദ്ധാര്‍ഥ്, പ്രിയാ ഭവാനിശങ്കര്‍ എന്നിവരുടെ കഥാപാത്രങ്ങളെയും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങി.

വൈദ്യശാസ്ത്രത്തിന്റെയും ഫിസിക്സിന്റെയും സാമാന്യ യുക്തിയെ ചോദ്യം ചെയ്യുന്ന രംഗങ്ങളാണ് സിനിമയിലുടനീളമെന്നും വി.എഫ്.എക്സിനും നിലവാരമില്ലെന്നും അഭിപ്രായമുയർന്നിരുന്നു. കഴിഞ്ഞ കുറച്ച് അധികം വർഷങ്ങളായി ശങ്കർ ഇന്ത്യൻ 2വിന് പിന്നാലെയായിരുന്നു. എന്നാൽ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ അതുവരെ ഉണ്ടായിരുന്ന പ്രതീക്ഷ പ്രേക്ഷകരിൽ ഇല്ലാതെയായി.
വരാൻ പോകുന്നത് ഒരു തരത്തിലും ആദ്യ ഭാഗത്തോട് കിടപിടിക്കില്ലെന്ന് ട്രെയിലർ കണ്ടപ്പോൾ തന്നെ സിനിമാപ്രേമികൾ മനസിലാക്കിയിരുന്നു. എന്നിട്ടും പലരും തിയേറ്ററിലേക്ക് പോയത് തന്നെ കമൽഹാസൻ-ശങ്കർ കോമ്പോ നിരാശപ്പെടുത്തില്ലെന്ന പ്രതീക്ഷയിലായിരുന്നു. യന്തിരൻ 2.0യ്ക്കുശേഷം ശങ്കർ സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഇന്ത്യൻ 2.
ഈ സിനിമയുടെ പരാജയത്തിന് പിന്നാലെ രാംചരണിനെ നായകനാക്കി ഒരുക്കിയ ഗെയിം ചെയ്ഞ്ചർ റിലീസ് ചെയ്ത് പോയ ഇമേജ് തിരികെ പിടിക്കാൻ സംവിധായകൻ ശ്രമിച്ചുവെങ്കിലും ചിത്രം രാംചരണിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ദുരിന്തമായി തീർന്നു. ഇന്ത്യൻ 2വിന് പിന്നാലെ ഗെയിം ചെയ്ഞ്ചറും പരാജയമായപ്പോൾ സംവിധാനത്തിലുള്ള ശങ്കറിന്റെ ടച്ച് നഷ്ടപ്പെട്ടുവെന്നും കളം വിട്ട് പോകേണ്ട സമയമായി എന്നുമായിരുന്നു സിനിമാപ്രേമികളുടെ പ്രതികരണം.
ഇപ്പോഴിതാ ഇന്ത്യൻ 2 വീണ്ടും സിനിമാപ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്. അതിന് കാരണം ഈ സീരിസിലെ അവസാനത്തെ സിനിമയായ ഇന്ത്യൻ 3യുടെ നിർമ്മാണ പങ്കാളിത്തത്തിൽ നിന്നും ലൈക്ക പ്രെഡക്ഷൻസ് പിന്മാറി എന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ച് തുടങ്ങിയതാണ്. ഇന്ത്യൻ 3 യുടെ ചില ഭാഗങ്ങൾ ഇനിയും ചിത്രീകരിക്കാനുണ്ട്. അതിന് ഗണ്യമായ ബജറ്റ് ആവശ്യമാണ്.

പക്ഷെ ഇന്ത്യൻ 2 വിന്റെ പരാജയം കാരണം പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് പ്രോജക്ടിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോർട്ട്. ഇതോടെയാണ് ഇന്ത്യൻ 2വും ശങ്കറും ചർച്ചയായി മാറിയത്. ലൈക്ക പ്രൊഡക്ഷൻസ് എടുത്ത ഏറ്റവും ബുദ്ധിപരമായ തീരുമാനമാണെന്നും നാണക്കേടിൽ നിന്നും കമൽഹാസൻ എന്നാണ് റെഡ്ഡിറ്റിൽ പ്രത്യക്ഷപ്പെടുന്ന കമന്റുകൾ. ഇത്രയും കാലം ഉണ്ടായിട്ടും മൂന്നാം ഭാഗം ശങ്കർ ചിത്രീകരിച്ച് കഴിഞ്ഞില്ലേയെന്നുള്ള സംശയമായിരുന്നു മറ്റ് ചിലർ പ്രകടിപ്പിച്ചത്.
ഇന്ത്യൻ 2 പരാജയപ്പെട്ടതുകൊണ്ട് സീനുകൾ റീ ഷൂട്ട് ചെയ്യാനുള്ള തന്ത്രമാണ് സംവിധായകന്റേതെന്നും കമന്റുകളുണ്ട്. രാം ചരൺ നായകനായ ഗെയിം ചെയ്ഞ്ചർ റീ ഷൂട്ട് ചെയ്യാൻ ശങ്കറിന് പ്ലാനുണ്ടായിരുന്നുവെന്നും എന്നാൽ നടൻ എതിർത്തതിനാലാണ് അത് സംഭവിക്കാതിരുന്നതെന്നും ചിലർ കുറിച്ചു. രണ്ടാം ഭാഗം കണ്ടശേഷം ആദ്യ ഭാഗവും കമൽഹാസനേയും പോലും വെറുത്തുപോയിയെന്നും ചിലർ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ 3ക്കായി കാത്തിരിക്കുന്നില്ലെന്നും ആരാധകർ കുറിച്ചു. ഇന്ത്യൻ 2 വിന് ഇത്രയും നെഗറ്റീവ് റെസ്പോൺസ് പ്രതീക്ഷിച്ചില്ലെന്നാണ് സിനിമയുടെ റിലീസിനുശേഷം ശങ്കർ പ്രതികരിച്ച് മുമ്പ് പറഞ്ഞത്. ഇന്ത്യന്‍ 2 വിന്റെ അവസാന ഭാഗത്ത് ഇന്ത്യന്‍ 3 യിലെ ഏതാനും രംഗങ്ങള്‍ കാണിക്കുന്നുണ്ട്.


Click it and Unblock the Notifications











