ഇമോജികളുടെ അർത്ഥം യുവ തലമുറ മനസിലാക്കണം; കാസ്റ്റിംഗ് കൗച്ചിനെ അന്ന് നേരിട്ടതിങ്ങനെ; രേവതി
സിനിമാ പ്രേക്ഷകർക്ക് മറക്കാനാകാത്ത നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ച നടിയാണ്. എൺപതുകളിൽ തെന്നിന്ത്യൻ സിനിമാ ലോകത്തേക്ക് കടന്ന് വന്ന നായിക നടിമാരിൽ ഏറ്റവും ജനപ്രീതി നേടിയവരിൽ ഒരാളാണ് രേവതി. വർഷങ്ങൾക്കിപ്പുറവും രേവതി ചെയ്ത കഥാപാത്രങ്ങൾ സിനിമാ ലോകത്ത് ഇന്നും ചർച്ചയാകുന്നു. കിലുക്കം, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ തുടങ്ങിയ മലയാള സിനിമകൾ ഇതിന് ഉദാഹരണമാണ്.
തമിഴിൽ രേവതി ചെയ്ത സിനിമകളിൽ പലതും വൻ ജനപ്രീതി നേടി. മൗനരാഗം, പുന്നഗൈ മന്നൻ, കിഴക്ക് വാസൽ തുടങ്ങിയ സിനിമകൾ രേവതിയെ തമിഴകത്തിന്റെ ജനപ്രിയ നായികയാക്കി. സിനിമാ രംഗത്ത് രേവതി ഇന്നും സജീവമാണ്. കഴിഞ്ഞ വർഷം ഭൂതകാലം എന്ന മലയാള സിനിമയിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം രേവതിക്ക് ലഭിച്ചു. അഭിനയത്തിനൊപ്പം സംവിധാന രംഗത്തും രേവതി ശ്രദ്ധേയ സാന്നിധ്യമാണ്.

സലാം വെങ്കി എന്ന ബോളിവുഡ് ചിത്രമാണ് രേവതി അടുത്തിടെ സംവിധാനം ചെയ്തത്. കജോൾ ആണ് സിനിമയിൽ പ്രധാന വേഷം ചെയ്യുന്നത്. എബിപി ചാനലിന് നൽകിയ അഭിമുഖത്തിൽ രേവതി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് തുറന്ന് സംസാരിച്ച രേവതി യുവ അഭിനേതാക്കൾ പ്രൊഫഷനിൽ കാണിക്കേണ്ട ചില ഉത്തരവാദിത്വങ്ങളും ചൂണ്ടിക്കാട്ടി.
എൺപതുകളിലും തൊണ്ണൂറുകളിലും ഞങ്ങൾക്ക് മൊബൈൽ ഫോണുകൾ ഇല്ല. മൊബൈൽ ഫോണുകളും മെസേജിംഗുമാണ് ഇപ്പോഴത്തെ പല പ്രശ്നങ്ങളുടെയും കാരണമെന്ന് കരുതുന്നു. അന്ന് ഇത്തരം ആവശ്യങ്ങൾ നമ്മുടെ മുഖത്ത് നോക്കി പറയണം. അത് എളുപ്പമല്ല. പക്ഷെ ഇന്ന് ഒരു മെസേജിൽ കൂടെ പറയാം. പുരുഷനും സ്ത്രീയുമുള്ളിടത്തെല്ലാം ചില ഫ്ലർട്ടിംഗ് ഉണ്ടാകും. അത് ഹോർമോണുകളുടെ ഭാഗമാണ്. പക്ഷെ അതിനപ്പുറം പോകുമ്പോൾ സമ്മതം വേണം.

അന്ന് കൺസന്റിനെക്കുറിച്ചൊന്നും അറിയില്ല. ഡിപ്ലോമാറ്റിക്കായി നോ എന്ന് പറയും. ചിലപ്പോൾ നമുക്ക് അടുത്തറിയാവുന്ന ആളുകളോട് പറയും. സിനിമാ രംഗത്ത് ഇത്തരം കാര്യങ്ങൾ പറയാൻ ബുദ്ധിമുട്ടാണ്. കാരണം അത് എല്ലായിടത്തും പ്രചരിക്കും. എന്റെ അമ്മ എന്നോട് വളരെ ഓപ്പൺ ആയിരുന്നു. മോശം സ്പർശനവും ശരിയായ സ്പർശനവും എനിക്ക് പറഞ്ഞു. എനിക്ക് തുറന്ന് പറയാൻ പറ്റുന്ന സാഹചര്യത്തിലാണ് ഞാൻ വളർന്നത്.
പക്ഷെ അപ്പോൾ പോലും ഞാൻ ഡിപ്ലോമാറ്റിക്കായാണ് നോ പറഞ്ഞതെന്ന് ഇന്ന് തോന്നുന്നുണ്ട്. ഇന്നാണെങ്കിൽ സോറി, എനിക്ക് താൽപര്യമില്ലെന്ന് കൃത്യമായി പറഞ്ഞേനെ. ഇന്ന് ഇത്തരം ചോദ്യങ്ങൾ മെസേജുകളായി വരുന്നു. ഡബ്ല്യുസിസിയിൽ ഇതേക്കുറിച്ച് ചർച്ച നടന്നു. ഇമോജികൾ എന്താണ് അർത്ഥമാക്കുന്നതെന്ന് നമ്മൾ മനസിലാക്കണം. ഇമോജികളിലൂടെ തെറ്റായ സൂചനയാണ് നിങ്ങൾ നൽകുന്നത്.
ഒരു പ്രൊഫഷണൽ സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഇമോജികൾ ഉപയോഗിക്കരുത്. എന്താണോ പറയാനുള്ളത് അത് പറയുക. പക്ഷെ എന്തെങ്കിലും പറഞ്ഞാൽ വർക്ക് ലഭിക്കില്ല. കുട്ടികൾ എപ്പോഴും ബാലൻസ് ചെയ്ത് കൊണ്ടിരിക്കുകയാണ്. ഇത് കഠിനകരമായ സമയമാണ്.
ഞാനൊരിക്കലും കടന്ന് പോകാത്ത സാഹചര്യങ്ങളിലൂടെ അവർ പോകുന്നുണ്ടെന്നും രേവതി ചൂണ്ടിക്കാട്ടി. ഡബ്ല്യുസിസി സംഘടനയുടെ രൂപീകരണത്തിന് മുന്നിൽ നിന്ന നടിയാണ് രേവതി. ഒരു ഘട്ടത്തിൽ താര സംഘടനയായ അമ്മയ്ക്കെതിരെ നടി സംസാരിക്കുകയും ചെയ്തിരുന്നു.


Click it and Unblock the Notifications