ആദ്യ കണ്ടുമുട്ടലിലെ വഴക്ക് എന്റെ വീട്ടിൽ വെച്ചായിരുന്നു; അന്നേ അറിയാമായിരുന്നു; സുഹാസിനിയോട് രേവതി
സിനിമാ രംഗത്തെ അടുത്ത സുഹൃത്തുക്കളാണ് രേവതിയും സുഹാസിനിയും. തമിഴ്, തെലുങ്ക്, മലയാളം സിനിമാ രംഗത്ത് രണ്ട് പേരും നിറഞ്ഞ് നിന്ന ഒരു കാലഘട്ടവും ഉണ്ടായിരുന്നു. കുറേക്കൂടി മലയാളം സിനിമകളിൽ അഭിനയിച്ചത് രേവതിയാണ്. നിരവധി ശ്രദ്ധേയ വേഷങ്ങൾക്ക് രേവതിക്ക് മലയാളത്തിൽ നിന്ന് ലഭിച്ചു. കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, കിലുക്കം, ദേവാസുരം തുടങ്ങി ശ്രദ്ധേയമായ ഒരുപിടി സിനിമകളിൽ രേവതി മലയാളത്തിൽ അഭിനയിച്ചു.
രേവതിയും സുഹാസിനിയും തമ്മിലുള്ള രസകരമായ സംഭാഷണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സുഹാസിനി അവതാരകയായെത്തുന്ന സിനി ഉലകം ചാനലിലെ ചാറ്റ് ഷോയിൽ അതിഥിയായത്തിയതായിരുന്നു രേവതി. തങ്ങളുടെ പഴയ ഓർമ്മകൾ രണ്ട് പേരും ഷോയിൽ പങ്കുവെച്ചു. രേവതിയുടെ അന്നത്തെ ഭർത്താവ് സുരേഷിന്റെ ഉയരക്കൂടുതൽ കാരണം വിവാഹ വാർഷികത്തിന് സുഹൃത്തുക്കളെല്ലാം നിങ്ങൾക്ക് ഏണിയാണ് സമ്മാനമായി തന്നതെന്നും സുഹാസിനി തമാശയോടെ ഓർമ്മിപ്പിച്ചു.

എനിക്കിപ്പോഴും ഓർമ്മയുണ്ട്. നിങ്ങൾ വീട്ടിൽ ഡിന്നറിന് ക്ഷണിച്ചു. 30 പേർക്ക് ബിരിയാണി വെക്കുകയായിരുന്നു രേവതി. സ്റ്റൂളിൽ കയറി നിന്നാണ് ബിരിയാണി ഉണ്ടാക്കിയിരുന്നത്. ആ കാഴ്ച ഇന്നും എനിക്ക് ഓർമ്മയുണ്ടെന്നും സുഹാസിനി പറഞ്ഞു. ഇത് കേട്ട രേവതിയും വിട്ടില്ല. അന്നല്ലേ നീ മണിരത്നത്തെ ആദ്യമായി കാണുന്നതെന്ന് രേവതി ഓർമ്മിപ്പിച്ചു. അന്ന് നിങ്ങൾക്കുള്ളിൽ ഒരു വഴക്ക് നടന്നെന്നും രേവതി പറഞ്ഞു.
കല്യാണത്തിന് മുമ്പ് ആദ്യമായി ഞങ്ങൾ വഴക്കിടുന്നത് നിങ്ങളുടെ വീട്ടിലാണ്. പിന്നീട് കല്യാണവും നടന്നു. വഴക്കിട്ടവർ കല്യാണം കഴിച്ചത് നിങ്ങൾക്കെല്ലാം ആശ്ചര്യമായിരുന്നില്ലേയെന്ന് സുഹാസിനി ചോദിച്ചു. ഇല്ല ഞങ്ങൾക്ക് അറിയാമായിരുന്നെന്ന് രേവതി ചിരിച്ച് കൊണ്ട് പറഞ്ഞു.

1988 ലാണ് സംവിധായകൻ മണിരത്നവും സുഹാസിനിയും വിവാഹം കഴിക്കുന്നത്. നന്ദൻ മണിരത്നം എന്ന മകനും ഇരുവർക്കും പിറന്നു. മുമ്പൊരിക്കൽ തങ്ങളുടെ പ്രണയത്തെക്കുറിച്ച് സുഹാസിനി സംസാരിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ 33ാം വയസ്സിലാണ് സുഹാസിനിയെ കാണുന്നത്. അന്ന് മണിരത്നം വളർന്ന് വരുന്ന സംവിധായകനാണ്. സുഹാസിനിയാവട്ടെ പ്രശസ്തയായ നടിയും.
ഇരുവരും പിന്നീട് പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് കടക്കുകയും ചെയ്തു. സന്തോഷകരമായ കുടുംബ ജീവിതത്തിന്റെ രഹസ്യമെന്തെന്ന് സുഹാസിനി മുമ്പ് തുറന്ന് പറഞ്ഞിരുന്നു. കാര്യങ്ങൾ തുറന്ന് സംസാരിക്കുന്നവരാണ് ഞങ്ങൾ രണ്ട് പേരുമെന്ന് സുഹാസിനി അന്ന് പറഞ്ഞു.
വീട്ടിൽ എന്തെങ്കിലും ഒരു കാര്യമുണ്ടെങ്കിൽ ഭർത്താവ് ഷൂട്ടിംഗ് നിർത്തി വരണമെന്ന് ഞാൻ പ്രതീക്ഷിക്കുന്നില്ല, താൻ ജോലി ചെയ്യുമ്പോൾ അദ്ദേഹവും ശല്യപ്പെടുത്താറില്ലെന്നും സുഹാസിനി അന്ന് പറഞ്ഞു. സുഹാസിനിയുടെയും മണിരത്നത്തിന്റെയും മകൻ നന്ദൻ ലൈം ലൈറ്റിൽ നിന്ന് മാറി നിൽക്കുന്ന വ്യക്തിയാണ്. സിനിമാ രംഗത്തോട് താൽപര്യമില്ലാത്ത നന്ദൻ ഓക്ഫോർഡിൽ പൊളിറ്റിക്കൽ സയൻസാണ് പഠിച്ചത്.
മറുവശത്ത് രേവതി ഇപ്പോൾ സിംഗിളാണ്. സിനിമാട്ടോഗ്രാഫർ സുരേഷ് ചന്ദ്ര മേനോനായിരുന്നു രേവതിയുടെ ഭർത്താവ്. 1986 ലായിരുന്നു ഇവരുടെ വിവാഹം. അഭിപ്രായ വ്യത്യാസങ്ങൾ വന്നതോടെ 2002 ൽ ഇവർ മാറിത്താമസിച്ചു. 2013 ൽ ഔദ്യോഗികമായി വിവാഹ മോചനവും നേടി. 2018 ലാണ് താനെരു അമ്മയാണെന്ന കാര്യം രേവതി തുറന്ന് പറയുന്നത്. വിട്രോ ഫെർട്ടിലെെസേഷനിലൂടെയാണ് രേവതി അമ്മയായത്. മഹി എന്നാണ് മകളുടെ പേര്. അഭിനയനവും സംവിധാനവുമായി കരിയറിൽ ഇപ്പോഴും സജീവമാണ് രേവതി.


Click it and Unblock the Notifications