അവർക്കൊപ്പമെല്ലാം അഭിനയിച്ചതാണ്, അന്ന് തിരിച്ചറിഞ്ഞില്ല; ഇനി അങ്ങനെ അഭിനയിക്കില്ലെന്ന് തീർത്ത് പറയും; രേവതി
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരാൻ വേണ്ടി ഡബ്ല്യുസിസിക്കൊപ്പം നിന്ന് ഏറെ പ്രയത്നിച്ച വ്യക്തിയാണ് നടി രേവതി. കടുത്ത സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നെങ്കിലും രേവതിയും ഡബ്ല്യുസിസിയിലെ മറ്റ് അംഗങ്ങളും പിന്നോട്ട് പോയില്ല. ഇപ്പോഴിതാ ഡബ്ല്യുസിസിയെക്കുറിച്ചും ഹേമ കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചും സംസാരിക്കുകയാണ് രേവതി. ഒപ്പമഭിനയിച്ച സഹപ്രവർത്തകരായ നടൻമാർ ഹേമ കമ്മിറ്റി വിഷയത്തിൽ തന്നെ നിരാശപ്പെടുത്തിയെന്ന് രേവതി പറയുന്നു. തന്തി ടിവി തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം.
എന്തുകൊണ്ട് നിങ്ങൾ ശബ്ദിക്കുന്നില്ല എന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. അത് വളരെ വേദനിപ്പിച്ചു. ഇവരുടെയെല്ലാം കൂടെ ഞാൻ വർക്ക് ചെയ്തതാണ്. അന്ന് തിരിച്ചറിഞ്ഞില്ല. അവരുടെ പെൺകുട്ടികൾ ഈ ഇൻഡസ്ട്രിയിലേക്ക് വരുമ്പോൾ സുരക്ഷിതത്വം വേണ്ടേ. എന്റെ സ്വാർത്ഥ ലക്ഷ്യങ്ങൾക്ക് വേണ്ടിയല്ല ഞാൻ പ്രവർത്തിക്കുന്നത്. ഏത് മൂവ്മെന്റിനും വിപ്ലവത്തിനും സമയമെടുക്കും. പക്ഷെ നിർത്താതെ മുന്നോട്ട് പോകുന്നതാണ് ഏക വഴി. മനസുടഞ്ഞാൽ പോലും.

ചില സമയത്ത് ഞങ്ങൾ വളരെ വിഷമിക്കും. അപ്പോൾ പരസ്പരം വിളിച്ച് ഊർജം നൽകും. അപ്പോൾ മാത്രമേ പ്രതീക്ഷിക്കുന്ന മാറ്റം കൊണ്ട് വരാൻ സാധിക്കൂയെന്ന് രേവതി പറയുന്നു. എനിക്ക് വർക്കുകൾ നഷ്ടപ്പെട്ടാൽ അതൊരു പ്രശ്നമേയല്ല. പക്ഷെ ഞങ്ങൾക്കൊപ്പമുള്ള പെൺകുട്ടികൾക്ക് വർക്കുകൾ നഷ്ടപ്പെട്ടു. സിനിമ അവരുടെ ജീവിതോപാധിയാണ്. സിനിമ ലഭിച്ചില്ലെങ്കിൽ അവരുടെ കുടുംബം മുന്നോട്ട് പോകില്ല. പക്ഷെ എന്നിട്ടും അവർ കൈ കോർത്ത് നിന്നു.
അവരെ ഞാൻ അഭിനന്ദിക്കുന്നു. എനിക്ക് പ്രശ്നമില്ല. കേരളത്തിൽ തന്നെ താമസിച്ച് ജോലി ചെയ്യുന്നവർ ഇതിന് വേണ്ടി നിന്നതാണ് വലിയ കാര്യം. പുരുഷൻ അടിച്ചാൽ തിരിച്ചൊന്നും പറയരുതെന്ന് സ്ത്രീകൾ കരുതുന്നു. കാരണം അതാണ് അവർ കണ്ട് വളർന്നത്. തന്നെ സ്നേഹിക്കുന്നത് കൊണ്ടാണ് അടിക്കുന്നതെന്ന് കരുതരുത്. ഒരുപക്ഷെ ഞാനും അങ്ങനെ മുമ്പ് അഭിനയിച്ചിരിക്കാം. ഇനി അങ്ങനെ അഭിനയിക്കാൻ പറഞ്ഞാൽ പറ്റില്ലെന്ന് തീർത്ത് പറയുമെന്നും രേവതി വ്യക്തമാക്കി.

സോഷ്യൽ മീഡിയയിൽ വരുന്ന അധിക്ഷേപങ്ങളെക്കുറിച്ചും രേവതി സംസാരിച്ചു. മുഖം കാണില്ല, എന്ത് വേണമെങ്കിലും പറയാം എന്ന ധൈര്യത്തിൽ നമ്മൾ കാണുകയും കേൾക്കുകയും ചെയ്യാത്ത മോശം വാക്കുകളാണ് അവർ ഉപയോഗിക്കുന്നതെന്ന് രേവതി ചൂണ്ടിക്കാട്ടി. എന്ത് നടന്നാലും വിരൽ ചൂണ്ടുന്നത് സ്ത്രീകൾക്ക് നേരെയാണ്. മക്കൾ തെറ്റ് ചെയ്താൽ അമ്മയെയാണ് കുറ്റം പറയുക. അതിൽ നിന്നെല്ലാം സമൂഹത്തിൽ മാറ്റം വരുമ്പോഴേക്കും സോഷ്യൽ മീഡിയ വന്നു.
മുഖമില്ലാത്ത കുറേപ്പേർ അധിക്ഷേപിക്കുന്നു. വിവാഹത്തിൽ പുരുഷൻമാർക്ക് എന്തുമാകും സ്ത്രീകൾ പുണ്യവതികളാണ് എന്ന ചിന്താഗതിയാണ് പണ്ട് മുതലേ. അത് ശരിയല്ലെന്നും രേവതി പറഞ്ഞു. മലയാളത്തിൽ ഭൂതകാലം എന്ന സിനിമയിലാണ് രേവതിയെ ഒടുവിൽ പ്രേക്ഷകർ കണ്ടത്. രേവതി സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്ടിന്റെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











