തന്റെ വെയിറ്റ് എങ്ങനെ കുറഞ്ഞു! ആ രഹസ്യം പരസ്യമാക്കി റിമി ടോമി, വീഡിയോ പുറത്ത് വിട്ട് താരം
ടെലിവിഷന്‍ പ്രോഗ്രാമുകളും വിദേശത്തടക്കമുള്ള സ്‌റ്റേജ് പരിപാടികളുമായി തിരക്കോട് തിരക്കിലായിരുന്നു റിമി ടോമി അടക്കമുള്ള താരങ്ങള്‍. എല്ലായിടത്തും ലോക്ഡൗണ്‍ ആയതോടെ താരങ്ങളെല്ലാവരും വീട്ടില്‍ തന്നെ കഴിയുകയായിരുന്നു. മാസങ്ങളോളം വീട്ടില്‍ ഇരുന്നെങ്കിലും റിമി ടോമി ഒരു മിനുറ്റ് പോലും വെറുതേ കളഞ്ഞിട്ടില്ല. നടിയും ഗായികയുമായ റിമിയുടെ ഇന്‍സ്റ്റാഗ്രാം പേജ് സജീവമായി പോസ്റ്റുകള്‍ നിറഞ്ഞിരുന്നു.
വീട്ടില്‍ നിന്നും പാചക പരീക്ഷണങ്ങള്‍ നടത്തിയും ഡാന്‍സ് കളിച്ചും റിമി അത്ഭുതപ്പെടുത്തിയിരുന്നു. അതിലും വലിയ ഞെട്ടലുണ്ടാക്കുന്നത് ശരീരഭാരം കുറച്ച് വളരെ മെലിഞ്ഞിരിക്കുന്ന റിമിയുടെ ചിത്രങ്ങളാണ്. എങ്ങനെയാണ് ഇത്രയും മെലിഞ്ഞതെന്ന് ചോദിക്കുന്ന ആരാധകര്‍ക്ക് അതിന് പിന്നിലെ രഹസ്യം കൂടി താരം വെളിപ്പെടുത്തിയിരിക്കുകയാണ്.

എന്റെ ശരീരഭാരം കുറഞ്ഞതിന് കാരണം റിമി ടോമി ഓഫീഷ്യല്‍ യൂട്യൂബ് ചാനലിലുണ്ടെന്ന് ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ചിത്രത്തില്‍ റിമി സൂചിപ്പിച്ചിരുന്നു. അങ്ങനെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ആ രഹസ്യം റിമി പരസ്യമാക്കിയത്. റിമിയുടെ വീടിന് മുകളില്‍ ഒരുക്കിയിരിക്കുന്ന ജിമ്മില്‍ നിന്നും കഠിനമായ വ്യായമത്തിന് ശേഷമായിരുന്നു ഇത്രയുമൊരു മേക്കവര്‍ സാധിച്ചിരിക്കുന്നത്. എന്നോട് ഏറ്റവും കൂടുതല്‍ പേരും ആവശ്യപ്പെട്ടത് വെയിറ്റ് കുറച്ചത് എങ്ങനെയാണെന്നായിരുന്നു. അതിനെ കുറിച്ച് പറയാനാണേല്‍ ഒരുപാട് പറയാനുണ്ടാവും. പാചകം ചെയ്യുന്നത് കണ്ടപ്പോള്‍ ചിലര്‍ റിമിയ്ക്ക് എന്തോ ടെന്‍ഷന്‍ ഉണ്ടല്ലോ എന്ന് ചോദിച്ചിരുന്നു. പക്ഷേ ഒട്ടും ടെന്‍ഷനില്ലാതെ ചെയ്ത കാര്യമായിരുന്നു അത്.

പണ്ട് ഞാന്‍ എങ്ങനെയാണ് ഇരുന്നത് എന്ന് നിങ്ങളോട് പറയേണ്ട ആവശ്യമില്ല. പതിനെട്ട് വര്‍ഷത്തോളമായി ഞാന്‍ ഈ ഫീല്‍ഡില്‍ വന്നിട്ട്. 2002 ലാണ് ഞാന്‍ മിനിസ്‌ക്രീനില്‍ എത്തുന്നത്. ഇപ്പോള്‍ വയസും പ്രായവുമൊക്കെ ആയി. അപ്പോഴാണ് നമ്മള്‍ കൂടുതല്‍ ആരോഗ്യ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതെന്ന് റിമി പറയുന്നു. ആദ്യമൊന്നും ഞാന്‍ ഡയറ്റ് നോക്കുകയോ ശരീരഭാരം എത്രയുണ്ടെന്നോ നോക്കാറില്ലായിരുന്നു. 2012 ന് ശേഷമാണ് താന്‍ അതെല്ലാം ശ്രദ്ധിച്ച് തുടങ്ങിയത്. ഏത് ഫീല്‍ഡിലുള്ളവരാണെങ്കിലും ദിവസത്തില്‍ ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യണമെന്നാണ് റിമി പറയുന്നത്.

പച്ചവെള്ളം കുടിച്ചാലും ശരീരം വണ്ണം വെക്കുന്നതാണ് തന്റെ പ്രകൃതം. എന്നാലിപ്പോള്‍ എന്റെ പൊക്കത്തിന് അനുസരിച്ച് 52 കിലോ ആണ് ശരീരഭാരം. അതിന് നന്ദി പറയുന്നത് ട്രെയിനര്‍ക്ക് ആണ്. ലോക്ഡൗണ്‍ ആണെങ്കിലും ഫോണിലൂടെ തനിക്ക് നിര്‍ദ്ദേശങ്ങള്‍ കിട്ടിയിട്ടാണ് ചെയ്യുന്നത്. ഓരോ ദിവസവും ചെയ്യുന്ന വ്യായമങ്ങള്‍ എതൊക്കെയാണെന്ന് റിമി വീഡിയോയിലൂടെ കാണിച്ചിരുന്നു. ഒപ്പം അതിന് എന്തൊക്കെ വേണമെന്നുള്ള നിര്‍ദ്ദേശങ്ങളും. കുറുക്ക് വഴികളിലൂടെ ഞാന്‍ ഒരുപാട് ശ്രമിച്ചെങ്കിലും അതൊന്നും ശരിയായില്ല.

പിന്നീടാണ് നമ്മുടെ ശരീരത്തിന് വേണ്ടൊരു ഡയറ്റ് പ്ലാന്‍ കണ്ടെത്തുന്നതും അത് ഫോളോ ചെയ്യുന്നതും. മാസത്തില്‍ ഒന്നോ രണ്ടോ തവണ ജലദോഷവും പനിയും വന്നിരുന്ന എനിക്ക് ഇപ്പോള്‍ അങ്ങനെ വരുന്നില്ല. രോഗപ്രതിരോധശേഷി വര്‍ദ്ധിച്ചുവെന്ന് എനിക്ക് സ്വയം തോന്നുന്നുണ്ട്. റെഗുലറായി വ്യായമം ചെയ്യുന്നത് കൊണ്ടാണ് ഇതെല്ലാം നേടി എടുക്കുന്നത്. പല വഴികളും മടുത്തതിന് ശേഷമാണ് താന്‍ ഇപ്പോള്‍ ചെയ്യുന്ന ഡയറ്റ് പ്ലാനിലെത്തിയതെന്നും അതെന്താണെന്ന് അടുത്ത എപ്പിസോഡില്‍ പറയാമെന്നുമായിരുന്നു റിമി പറഞ്ഞത്. തന്റെ ശരീരഭാരം കുറഞ്ഞതിന് പിന്നില്‍ കൃത്യമായ ഡയറ്റും വ്യായമവും എന്ന് തന്നെയാണ് റിമി പറഞ്ഞ് നിര്‍ത്തുന്നത്.


Click it and Unblock the Notifications