അനിയത്തിയുടെ കൂട്ടുകാരിയാണ് എന്റെ ഭാര്യ! രജിസ്റ്റര്‍ വിവാഹം കഴിഞ്ഞിട്ടാണ് അവള്‍ പോലും കഥയറിഞ്ഞത്; റിയാസ് ഖാന്‍
വര്‍ഷങ്ങള്‍ക്ക് മുന്‍പേ മസില്‍മാനായി മലയാള സിനിമയില്‍ നിറഞ്ഞ് നിന്ന താരമാണ് റിയാസ് ഖാന്‍. കൂടുതല്‍ സിനിമകളിലും വില്ലന്‍ വേഷം അവതരിപ്പിച്ച റിയാസ് ഖാന്‍ ഇടയ്ക്ക് കോമഡി കഥാപാത്രങ്ങളും ചെയ്തിരുന്നു. അത്തരത്തില്‍ കുഞ്ചാക്കോ ബോബന്‍ നായകനായിട്ടെത്തിയ ജലോത്സവം എന്ന സിനിമയിലെ കഥാപാത്രമാണ് ദുബായ് ജോസ്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിയാസ് ഖാന്റെ ഈ കഥാപാത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് നടന്റെ പ്രണയകഥയും തരംഗമായി. തെന്നിന്ത്യന്‍ നടിയായിരുന്ന ഉമയാണ് റിയാസ് ഖാന്റെ ഭാര്യ. ഇരുവരും തമ്മില്‍ പ്രണയത്തിലായതും ഒളിച്ചോടി പോയി വിവാഹം കഴിച്ചതിനെ പറ്റിയും മുന്‍പ് വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് താരം വെളിപ്പെടുത്തിയത്.

'ഉമ എന്ന പെണ്‍കുട്ടിയെ എനിക്ക് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അറിയാമായിരുന്നു. എന്റെ അനിയത്തി റോഷ്‌നി ഇടയ്ക്കിടെ ആ പേര് വീട്ടില്‍ പറയും. അവളുടെ ബെസ്റ്റ് ഫ്രണ്ടാണ് ഉമ. പ്രശസ്ത തമിഴ് നടി കമലയുടെയും സംഗീതസംവിധായകന്‍ കാമേഷിന്റെയും മകള്‍. സ്‌കൂളില്‍ പഠിക്കുമ്പോള്‍ എന്റെ അനിയത്തി റോഷ്‌നിയുടെ ഒരുമിച്ചിരുന്ന് പഠിക്കാനും ഹോംവര്‍ക്ക് ചെയ്യാനും ഒക്കെയായി ഉമ ഇടയ്ക്ക് വീട്ടില്‍ വരും.
അന്ന് എന്നെ സംബന്ധിച്ച് വെറും സില്ലി ഗേള്‍സ് എന്ന മട്ടില്‍ ഞാന്‍ അവരെ ശ്രദ്ധിച്ചതേയില്ല. പിന്നീട് അമേരിക്കയില്‍ ബിസിനസ് പഠനം കഴിഞ്ഞ് 22-ാം വയസ്സില്‍ ഞാന്‍ നേരെ വന്ന് ലാന്‍ഡ് ചെയ്തത് പ്രണയത്തിലേക്കാണ്. അന്ന് സിനിമയില്‍ നായകനാവാനായി ഞാനൊരു സിനിമയുടെ ഓഡിഷനു പോയി. അതിലെനിക്ക് സെലക്ഷനും കിട്ടി.
അപ്പോഴാണ് റോഷ്‌നി ആ സിനിമയില്‍ നായികയായി ഉമയെ നോക്കിക്കൂടെ എന്ന് ചോദിക്കുന്നത്. എന്റെ നിര്‍ദ്ദേശത്തില്‍ ഉമ ഓഡിഷന് എത്തി. വളരെ അടുത്തറിയാമായിരുന്ന, അടുത്തുണ്ടായിരുന്ന ഒരാളെ ആദ്യമായാണ് ഇത്ര അടുത്ത് കണ്ടത്. ഒടുവില്‍ ആ സിനിമയിലെ നായികയായി ഉമയെ നിശ്ചയിച്ചെങ്കിലും പല കാരണങ്ങള്‍ കൊണ്ടും പടം നീണ്ടു നീണ്ടു പോയി.
അതിനിടയില്‍ നായികയും നായകനും ഇടയ്ക്കിടെ ആരുമറിയാതെ കാണാനും മിണ്ടാനും ഒക്കെ തുടങ്ങി. അന്നത്തെ കാലത്ത് ഇമെയിലും ഷോപ്പിംഗ് മാളും മള്‍ട്ടിപ്ലക്‌സും ഒന്നും ഇല്ലല്ലോ കണ്ടുമുട്ടാന്‍. അതുകൊണ്ട് തമ്മില്‍ കാണുന്നതിന് വേണ്ടി ഞങ്ങള്‍ പുതിയൊരു വഴി കണ്ടെത്തി.
വീഡിയോ കാസറ്റ് മാറ്റാനെന്ന് പറഞ്ഞ് ഉമ വീട്ടില്‍ നിന്നിറങ്ങും. വഴിയില്‍ ഞാന്‍ കാറുമായി കാത്തു നില്‍ക്കും. എന്നിട്ട് ഉമ്മയുടെ കൂട്ടുകാരി സിന്ധുവിന്റെ വീട്ടിലേക്ക് ആദ്യം പോകും. അവിടുത്തെ ലാന്‍ഡ് ലൈനില്‍ നിന്ന് ഉമ വീട്ടിലേക്ക് വിളിക്കും. ഞാന്‍ സിന്ധുവിന്റെ വീട്ടിലുണ്ടെന്ന് പറയും. ഫോണ്‍ വച്ചതും അവിടുന്ന് ടാറ്റയും പറഞ്ഞു മറ്റെവിടെയെങ്കിലും പോയി സംസാരിച്ചിരിക്കും.

ഇതൊന്നും ഉമ്മയുടെ ബെസ്റ്റ് ഫ്രണ്ടും എന്റെ അനിയത്തിയുമായ റോഷ്‌നിക്ക് പോലും അറിയില്ലായിരുന്നു. അങ്ങനെ പ്രണയം ഏഴെട്ട് മാസം കഴിഞ്ഞപ്പോള്‍ കാര്യങ്ങള്‍ അവളുടെ വീട്ടില്‍ അറിഞ്ഞു. അവള്‍ക്ക് 9 വയസ്സുള്ളപ്പോഴാണ് അച്ഛന്‍ മരിക്കുന്നത്. അതിന് ശേഷം അവളുടെ കാര്യങ്ങള്‍ നോക്കിയിരുന്നത് ബന്ധുക്കളാണ്. അതുകൊണ്ടുതന്നെ ഇത് നടക്കില്ലെന്ന് അവര്‍ തീര്‍ത്തു പറഞ്ഞു.
പിന്നെ ഒരു പ്രണയ സിനിമയെ വെല്ലുന്ന രംഗങ്ങളാണ് അവളുടെ വീട്ടില്‍ നടന്നത്. ഉമ കര്‍ശന നിയന്ത്രണത്തിലായതോടെ തമ്മില്‍ കാണാനോ സംസാരിക്കാനോ പറ്റാത്ത അവസ്ഥയായി. ഇക്കാര്യം ഞാനെന്റെ അച്ഛനെ വിളിച്ചറിയിച്ചു. എങ്കില്‍ നീ അവളെ വിളിച്ചോണ്ട് വാ എന്നാണ് അച്ഛന്‍ പറഞ്ഞത്.
വിചാരിച്ചിരിക്കാതെ സിന്ധുവിന്റെ വീട്ടില്‍ പോകാന്‍ ഒരു ദിവസം ഉമയ്ക്ക് അനുവാദം കിട്ടി. കിട്ടിയ അവസരത്തിന് ഞാന്‍ സിന്ധുവിന്റെയും മറ്റ് സുഹൃത്തുക്കളുടെയും സഹായത്തോടെ അവളെ തട്ടിക്കൊണ്ടുപോന്നു. രജിസ്റ്റര്‍ മാരേജ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അമ്മയും റോഷ്‌നിയും പോലും കഥകള്‍ അറിയുന്നതെന്നാണ്', റിയാസ് ഖാന്‍ പറയുന്നത്.


Click it and Unblock the Notifications