ലാൽ സർ അല്ലാതെ മറ്റൊരു താരവും അത് ചെയ്യില്ല; അന്ന് പൃഥി എന്നോട് പറഞ്ഞത്; റിയാസ് ഖാന്റെ വാക്കുകൾ
മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയ നടനാണ് റിയാസ് ഖാൻ. ബോളിവുഡ് താരങ്ങളെ പോലെയുള്ള ശരീര ഭംഗിയുമായി മലയാള സിനിമാ രംഗത്തേക്ക് കടന്ന് വന്ന റിയാസ് ഖാൻ വളരെ പെട്ടെന്ന് പ്രേക്ഷക ശ്രദ്ധ നേടി. 2003 ൽ പുറത്തിറങ്ങിയ ബാലേട്ടൻ എന്ന ചിത്രത്തിലൂടെയാണ് റിയാസ് ഖാൻ പ്രേക്ഷക പ്രീതി നേടുന്നത്. മോഹൻലാലിന് ഒപ്പത്തിനൊപ്പം പ്രാധാന്യമുള്ള ഭദ്രൻ എന്ന വില്ലൻ വേഷത്തിലാണ് റിയാസ് ഖാൻ ഈ സിനിമയിൽ അഭിനയിച്ചത്. അതിന് മുമ്പ് മലയാള സിനിമകളിൽ കണ്ട വില്ലനെ പോലെയായിരുന്നില്ല റിയാസ് ഖാൻ.
ഫിറ്റ്നെസിന് വലിയ പ്രാധാന്യം നൽകുന്ന, സിക്സ്പാക്കുള്ള വില്ലനെ അന്ന് മലയാളികൾക്ക് അധികം കണ്ട് പരിചയമില്ല. വില്ലൻ വേഷങ്ങളിലേക്ക് മാത്രം ഒതുങ്ങാതെ ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളും റിയാസ് ഖാൻ ചെയ്തു. കൊച്ചിരാജാവ് എന്ന ചിത്രത്തിൽ റിയാസ് ഖാൻ ചെയ്ത വേഷം ഏറെ ജനപ്രീതി നേടി. ടു കൺട്രീസ് എന്ന ചിത്രത്തിൽ ചെയ്ത കോമഡി വേഷവും ശ്രദ്ധിക്കപ്പെട്ടു. മലയാള സിനിമാ താരങ്ങൾക്കൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് റിയാസ് ഖാൻ.

ബാലേട്ടൻ ചെയ്യുന്ന സമയത്ത് ഇപ്പോഴത്തെ മലയാളം പോലും അറിയില്ല. ആദ്യ ദിവസം ഷൂട്ട് ചെയ്തത് സിനിമയിൽ ഞാൻ പെണ്ണ് കാണാൻ വരുന്ന സീനാണ്. ഡയലോഗ് കുറെയുണ്ട്. പേപ്പറും പിടിച്ച് എന്ത് ചെയ്യുമെന്നാലോചിച്ച് ഞാൻ നിന്നും. അവസാനം ലാൽ സാറോട് പറഞ്ഞു. പിന്നെ ഡയലോഗ് ഇംഗ്ലീഷിലേക്ക് മാറ്റുകയായിരുന്നെന്ന് റിയാസ് ഖാൻ ഓർത്തു. സിനിമ ഡാഡിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
മോഹൻലാലിനൊപ്പമുള്ള മറക്കാനാകാത്ത അനുഭവങ്ങളും റിയാസ് ഖാൻ പങ്കുവെച്ചു. ആറാട്ടിൽ ലാൽ സാർ എന്റെ കാലിൽ പിടിക്കുന്നുണ്ട്. മറ്റൊരു സൂപ്പർസ്റ്റാറും അത് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. ലാൽ സാർ എന്റെ കാലിൽ പിടിച്ചിട്ട് ചോദിച്ചത് മോനെ, മുണ്ട് കറക്ട് മടക്കി കുത്തിയിട്ടുണ്ടോ എന്നാണെന്നും റിയാസ് ഖാൻ പറഞ്ഞു. നടൻ പൃഥിരാജിനെക്കുറിച്ചും റിയാസ് ഖാൻ സംസാരിച്ചു.

സിനിമ തന്നെയാണ് പുള്ളിയുടെ ജീവിതം. ഒരിക്കൽ സിസിഎൽ നടക്കവെ ഞാനും രാജുവും ഷാജി കൈലാസിന്റെ പടത്തിൽ അഭിനയിക്കുകയാണ്. സിസിഎല്ലിന് വന്ന് കൂടെ എന്ന് ഞാൻ ചോദിച്ചു. ഇല്ല റിയാസ്, എന്റെ മൈൻഡ് അങ്ങനെയാണ്. ചേട്ടന് ഇതൊക്കെ വളരെ ഇഷ്ടമാണ്. ഞാൻ ആ സമയത്ത് ഒരു സ്ക്രിപ്റ്റ് എഴുതാം, അല്ലെങ്കിൽ പടം ചെയ്യാം എന്നാണ് ചിന്തിക്കുന്നത്. അല്ലാതെ സിസിഎല്ലിന്റെ ഭാഗമല്ലാതെ നിൽക്കണം എന്ന് കരുതിയല്ല. എന്റെ മൈൻഡ് സെറ്റ് അങ്ങനെയാണെന്ന മറുപടിയാണ് പൃഥി നൽകിയതെന്ന് റിയാസ് ഖാൻ വ്യക്തമാക്കി.
അദ്ദേഹം പറഞ്ഞ രീതിയിൽ എല്ലാമുണ്ട്. ആ ആത്മാർത്ഥത കൊണ്ടാണ് പൃഥിരാജ് കരിയറിൽ ഇത്രയും വലിയ ഉയരത്തിലെത്തിയതെന്നും റിയാസ് ഖാൻ ചൂണ്ടിക്കാട്ടി. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലെല്ലാം വില്ലൻ, പൊലീസ് വേഷങ്ങളിൽ തുടരെ റിയാസ് ഖാൻ അഭിനയിച്ചിട്ടുണ്ട്. 32 വർഷം നീണ്ട കരിയറിൽ മുന്നൂറോളം സിനിമകളാണ് ചെയ്തത്. ഇതിൽ 180 സിനിമകളിൽ പൊലീസ് ഓഫീസറായാണ് അഭിനയിച്ചതെന്നും റിയാസ് ഖാൻ വ്യക്തമാക്കി.


Click it and Unblock the Notifications