അവരെ പോലെ വലിയ ഒരു നടി എനിക്ക് നല്‍കിയ പിന്തുണ വലുതാണ്, മനസുതുറന്ന് റിസബാവ
മലയാളത്തില്‍ നായകനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ അഭിനയിച്ച താരമാണ് റിസബാവ. സിനിമകള്‍ക്കൊപ്പം സീരിയലുകളിലും നടന്‍ തിളങ്ങിയിരുന്നു. സിദ്ധിഖ്-ലാല്‍ കൂട്ടുകെട്ട് സംവിധാനം ചെയ്ത ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന പ്രതിനായക വേഷമായിരുന്നു റിസബാവയുടെതായി കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ഷാജി കൈലാസ് സംവിധാനം ചെയ്ത ഡോ പശുപതി എന്ന ചിത്രത്തിലൂടെയാണ് റിസബാവ സിനിമയില്‍ എത്തിയത്. തുടര്‍ന്ന് വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നൂറിലധികം സിനിമകളില്‍ നടന്‍ അഭിനയിച്ചിരുന്നു.
അഭിനയത്തിന് പുറമെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും തിളങ്ങിയ താരമാണ് നടന്‍. 1990ലായിരുന്നു റിസബാവയുടെ ആദ്യ ചിത്രമായ ഡോ പശുപതി പുറത്തിറങ്ങിയത്. ഇന്നസെന്‍റ്, നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, പാര്‍വതി തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തിയ ചിത്രമായിരുന്നു അത്. അതേസമയം താന്‍ നായകനായ ഒരെയൊരു ചിത്രത്തെ കുറിച്ചും അതില്‍ ജോഡിയായി അഭിനയിച്ച നായികയെ കുറിച്ചും റിസബാവ പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ഡോ പശുപതിയില്‍ തന്റെ നായികയായി അഭിനയിച്ച പാര്‍വതിയുമൊത്തുളള ലൊക്കേഷന്‍ ഓര്‍മ്മകളാണ് നടന്‍ പങ്കുവെച്ചത്. ഒരു പുതുമുഖമെന്ന നിലയില്‍ അവര്‍ തന്നോട് ഇടപെട്ട രീതിയെ കുറിച്ചെല്ലാം റിസബാവ മനസുതുറന്നു. ആദ്യമായി അഭിനയിക്കാനെത്തിയപ്പോള്‍ പാര്‍വതിയെ പോലെ വലിയ ഒരു നടി തനിക്ക് നല്‍കിയ പിന്തുണ വളരെ വലുതാണ് എന്ന് റിസബാവ പറയുന്നു.

അത്രയ്ക്കും സിംപിളായ നടിയാണ് പാര്‍വതി. സിനിമയുടെ റിലീസിന് മുന്‍പ് ദൂരദര്‍ശനില്‍ ചിത്രഗീതം നടക്കുമ്പോള്‍ ഡോക്ടര്‍ പശുപതിയിലെ പാട്ട് സീന്‍ കാണിച്ചു. പാര്‍വതിക്കൊപ്പം വന്ന പുതിയ നായകന്‍ കലക്കുമെന്നായിരുന്നു പല ചെറുപ്പക്കാരും അന്ന് പറഞ്ഞത്. അത് ഞാന്‍ കേള്‍ക്കാനിടയായപ്പോള്‍ വല്ലാത്ത ടെന്‍ഷനായി.

എന്റെ ജീവിതത്തില്‍ അത്രയേറെ പ്രിയപ്പെട്ട സിനിമയാണ് ഡോക്ടര്‍ പശുപതി. പാര്‍വതിക്ക് പറ്റിയ ഒരു നായകനായിരുന്നില്ല. താനെങ്കിലും ഒരുപാട് സ്‌നേഹത്തോടെയാണ് പാര്‍വതി എന്നോട് പെരുമാറിയത്. അത് പോലെ മറ്റൊരു നടിയും എന്നോട് പെരുമാറിയിട്ടില്ല. റിസബാവ അഭിമുഖത്തില്‍ പറഞ്ഞു. മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരില്‍ ഒരാളാണ് പാര്‍വതി.

ഒരുകാലത്ത് സൂപ്പര്‍താരങ്ങളുടെയെല്ലാം നായികയായി പാര്‍വതി മലയാളത്തില്‍ തിളങ്ങിയിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. അതേസമയം സിനിമകള്‍ക്ക് പുറമെ മിനിസ്‌ക്രീന്‍ രംഗത്തും തിളങ്ങിയ താരമാണ് റിസബാവ. വര്‍ഷങ്ങള്‍ നീണ്ട കരിയറില്‍ നിരവധി സീരിയലുകളിലും നടന്‍ അഭിനയിച്ചിരുന്നു.

സെവന്‍സ്, കര്‍മ്മയോഗി, നിദ്ര, പ്രണയം തുടങ്ങിയ സിനിമകളില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായും റിസബാവ എത്തിയിരുന്നു. സഹനടനായുളള വേഷങ്ങളിലൂടെയാണ് റിസബാവ മലയാളത്തില്‍ കൂടുതല്‍ തിളങ്ങിയത്. വികെ പ്രകാശ് സംവിധാനം ചെയ്ത കര്‍മ്മയോഗി എന്ന ചിത്രത്തിലെ ഡബ്ബിംഗിന് മികച്ച ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുളള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും റിസബാവയ്ക്ക് ലഭിച്ചിരുന്നു. ചിത്രത്തില്‍ തലൈവാസല്‍ വിജയ്ക്ക് വേണ്ടിയായിരുന്നു റിസബാവ ഡബ് ചെയ്തത്.


Click it and Unblock the Notifications











