പ്രായത്തേക്കാൾ പക്വതയുള്ള കുഞ്ഞ്, അച്ഛനെ മനസിലാക്കി; റീബയും അമ്പാടിക്ക് പ്രിയപ്പെട്ടവൾ, അമന്റെ മറുപടി!
നാല് ദിവസം മുമ്പ് മൂകാംബിക ക്ഷേത്രത്തിൽ വെച്ചായിരുന്നു നടി വീണ നായരുടെ മുൻ ഭർത്താവും ആർജെയും നർത്തകനുമെല്ലാമായ അമൻ ഭൈമിയുടെ വിവാഹം. അടുത്ത സുഹൃത്തായ റീബ റോയിയേയാണ് അമൻ വിവാഹം ചെയ്തത്. ഇരുവരും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. മൂകാംബികയിൽ വളരെ ലളിതമായി നടന്ന വിവാഹത്തിനുശേഷം അടുത്ത സുഹൃത്തുക്കളേയെല്ലാം അമനും റീബയും ഒരുമിച്ച് സന്ദർശിച്ചിരുന്നു.
നവദമ്പതികൾ തങ്ങളുടെ വീട്ടിൽ വന്നതിന്റെയും ഒരുമിച്ച് സമയം ചിലവഴിക്കാൻ കഴിഞ്ഞതിന്റെയും സന്തോഷം ആര്യയും സിബിനും സോഷ്യൽമീഡിയ വഴി പങ്കുവെച്ചിരുന്നു. വിവാഹവും സുഹൃത്തുക്കളുമായുള്ള ഒത്തുചേരലിനുമെല്ലാം ശേഷം അമൻ ഭാര്യയ്ക്കൊപ്പം തിരിച്ച് ദുബായിലേക്ക് മടങ്ങി. രണ്ടുപേരും ഏറെ നാളുകളായി ദുബായിലാണ് സെറ്റിൽ ചെയ്തിരിക്കുന്നത്.

തിരികെ പോകും മുമ്പായി ഏക മകൻ അമ്പാടിക്കൊപ്പം സമയം ചിലവഴിക്കാനും അമൻ ശ്രദ്ധിച്ചിരുന്നു. റീബ അമ്പാടിക്ക് പരിചിതമായ മുഖമാണ്. കാരണം ഇടയ്ക്കിടെ അമനൊപ്പം താമസിക്കാനായി അമ്പാടി ദുബായിൽ എത്താറുണ്ട്. താൻ ഷോകളും ഷൂട്ടുമായി വീട്ടിൽ നിന്നും മാറി നിൽക്കേണ്ട സാഹചര്യം വരുമ്പോൾ അമനാണ് കുഞ്ഞിനെ പരിപാലിക്കുന്നതെന്ന് വീണ തന്നെ പലപ്പോഴായി പറഞ്ഞിരുന്നു.
വിവാഹശേഷം റീബയുമായി അമ്പാടിയെ കാണാൻ പോയതിന്റെ സന്തോഷം സോഷ്യൽമീഡിയ വഴി അമൻ പങ്കുവെച്ചിട്ടുണ്ട്. ഫോട്ടോയെക്കാൾ ശ്രദ്ധിക്കപ്പെട്ടത് അമൻ നൽകിയ ക്യാപ്ഷനായിരുന്നു. തന്നെ മനസിലാക്കുന്ന കുഞ്ഞിനെയാണ് മകനായി ലഭിച്ചത് എന്നത് അമൻ ക്യാപ്ഷനിലൂടെ പറയാതെ പറയുന്നുണ്ട്. പ്രതീക്ഷിച്ചതിനേക്കാൾ പക്വതയുള്ള ഒരു മകനെ ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്.
നിന്നിൽ എപ്പോഴുപം ദയ നിലനിൽക്കട്ടെ. സത്യം മാത്രമേ നിന്റെ ചുവടുകളെ നയിക്കൂ... എന്നാണ് അമൻ മകനും പുതിയ പങ്കാളിക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. മകൻ എല്ലാ കാര്യങ്ങളേയും മനസിലാക്കുന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും അവന്റെ പക്വത തന്റെ ജോലി എളുപ്പമാക്കാറുണ്ടെന്ന് മുമ്പ് വീണയും പറഞ്ഞിട്ടുണ്ട്.
രണ്ടാം വിവാഹം കഴിഞ്ഞുവെന്ന സന്തോഷം സോഷ്യൽമീഡിയയിൽ പങ്കുവെച്ചപ്പോൾ ആശംസകളേക്കാൾ വിമർശനമാണ് അമന് നേരിടേണ്ടി വന്നത്. കൂടുതൽ ഹേറ്റ് കമന്റും കുഞ്ഞുമായി ബന്ധപ്പെടുത്തിയായിരുന്നു. കുഞ്ഞിന് അച്ഛന്റേയും അമ്മയുടേയും ലാളനവും സ്നേഹവുമെല്ലേ നഷ്ടപ്പെടുന്നത് എന്നായിരുന്നു കമന്റുകൾ. വിവാഹബന്ധം തകരുമ്പോൾ ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് കുഞ്ഞുങ്ങളാണ്.

ഇവനൊക്കെ മനുഷ്യനാണോയെന്നും ചിലർ വിമർശിച്ച് കുറിച്ചിരുന്നു. എല്ലാത്തിനുമുള്ള മറുപടിയാണ് ഒറ്റ ഫോട്ടോയിലൂടെ അമൻ നൽകിയത്. അമനോടുള്ള അതേ അടുപ്പവും സനേഹവും വീണയുടെ മകന് റീബയോടുമുണ്ടെന്നതും ഫോട്ടോയിൽ നിന്നും വ്യക്തമാണ്. മകനൊപ്പമാണ് ഇത്തവണ അമൻ ഓണം ആഘോഷിച്ചത്. അമന്റെ രണ്ടാം വിവാഹത്തിന്റെ ഫോട്ടോകൾ പുറത്ത് വന്നപ്പോൾ വീണ നായർ പങ്കിട്ട പോസ്റ്റ് ചർച്ചയായിരുന്നു.
നമ്മൾ എല്ലാവരും രണ്ട് ചിത്രങ്ങളുമായി ജീവിക്കുന്നു. ഒന്ന് മിഥ്യാബോധം... മറ്റൊന്ന് എൻ്റെ യഥാർത്ഥ ഞാൻ. ഞാൻ എൻ്റെ യഥാർത്ഥ എന്നിലേക്ക് പടിപടിയായി നടന്നടുക്കുന്നു... നന്ദി. എല്ലാവരെയും ഞാൻ സ്നേഹിക്കുന്നു. ലോകഃ സമസ്താഃ സുഖിനോ ഭവന്തു... എന്നായിരുന്നു ഒരു യാത്രയിൽ നിന്നുള്ള വീഡിയോ പങ്കിട്ട് വീണ കുറിച്ചത്.
അമനുമായുള്ള ദാമ്പത്യം ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വീണ അവസാനിപ്പിച്ചത്. വർഷങ്ങളോളം പ്രണയിച്ചശേഷമായിരുന്നു ഇരുവരുടേയും വിവാഹം. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയപ്പോൾ വീണ ഏറ്റവും കൂടുതൽ സംസാരിച്ചതും അമനേയും കുഞ്ഞിനേയും കുറിച്ചായിരുന്നു. കണ്ണേട്ടൻ എന്ന് വീണ വിളിക്കുന്നത് ഇപ്പോഴും ബിബി പ്രേക്ഷകരുടെ കാതിലുണ്ട്. ഭർത്താവാണ് ലോകമെന്ന് പറഞ്ഞ് കഴിഞ്ഞിരുന്ന വീണയുടെ ദാമ്പത്യം തകർന്നുവെന്നത‍് പ്രേക്ഷകർക്കും അവിശ്വസനീയമായ ഒരു വാർത്തയായിരുന്നു.


Click it and Unblock the Notifications











