തോറ്റ് തോറ്റ് ജയിക്കാന്‍ ടൊവിനോയോളം മറ്റൊരു നടനില്ല; ആ ടൊവിനോയാണ് ഇന്ന് മിന്നല്‍ മുരളിയാവുന്നത്, ആർ ജെ സലിം
മലയാളത്തിലെ ആദ്യ സൂപ്പര്‍ഹിറോ ചിത്രവുമായി എത്തുകയാണ് നടന്‍ ടൊവിനോ തോമസ്. ബേസില്‍ ജോസഫിന്റെ സംവിധാനത്തിലൊരുങ്ങുന്ന മിന്നല്‍ മുരളി ഒടിടി പ്ലാറ്റ് ഫോമിലൂടെയാണ് റിലീസ്. മലയാള സിനിമാപ്രേമികളെ വിസ്മയിപ്പിക്കാന്‍ സിനിമയ്ക്ക് സാധിക്കുമെന്ന് തന്നെയാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാവുന്നത്. അതേ സമയം തോറ്റ് തോറ്റ് ജയിക്കുന്നവന്‍ ആവാന്‍ ടൊവിനോയോളം തെളിച്ചമുള്ള ആളില്ല മലയാളത്തില്‍ എന്ന് പറയുകയാണ് ആര്‍ ജെ സലീം. പരാജയപ്പെട്ട നായക കഥാപാത്രങ്ങള്‍ ഹിറ്റാക്കിയ ആളാണെന്നും പ്രത്യേകമായിട്ടുള്ള ഒരു അഭിനയ സാധ്യത ബിന്ദുവാണ് ടൊവിനോ എന്നും അദ്ദേഹം പറയുന്നു.

''ഒരു പ്രത്യേക അഭിനയ സാധ്യതാ ബിന്ദുവിന്റെ പേരാണ് ടൊവിനോ. ഗോവണി പോലെ താഴെക്കിറങ്ങാനും ജനല് പോലെ പുറത്തേയ്ക്ക് പറക്കാനും സാധ്യതയുള്ള, ഇരു ദിശകള്‍ സൂക്ഷിക്കുന്ന ആക്ടിങ് പോയിന്റ്. ഒരേ സമയം ഒത്ത ശരീരം കൊണ്ടും അടഞ്ഞ സ്വരം കൊണ്ടും ഒത്ത സാമ്പ്രദായിക പുരുഷ ലക്ഷണമുള്ളയാളും, അതെ സമയം തന്നെ ഏറ്റവും കൂടുതല്‍ പേടികളും, കോംപ്ലെക്‌സുകളും, തോല്‍വികളും, ഇന്‍സെക്യൂരിട്ടികളും, ഫ്രജൈല്‍ ഈഗോയും തന്റെ തലമുറയില്‍ ഏറ്റവുമധികം സ്‌ക്രീനില്‍ കൊണ്ട് വന്നയാളും ടൊവിനോയാണ്.

ദുല്‍ഖറിന്റെ പയ്യന്‍ ഫിസീകിന്റെയും പൃഥ്വിയുടെ ഇന്റിമിഡേറ്റിങ് പ്രെസെന്‍സിനും ഇടയിലെവിടെയോ വെറും കൈയ്യകലത്താണ് ശരീരം കൊണ്ട് ടൊവിനോ സ്വയം മാര്‍ക്ക് ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഇപ്പുറത്തു ഒരു കുപ്രസിദ്ധ പയ്യനാവാനും അപ്പുറത്തു ആടിത്തിമിര്‍ക്കുന്ന കളയിലെ ഷാജിയാവാനും ടോവിനോയ്ക്ക് ഒരു നാല് പാദം നടന്നാല്‍ മതി. പരാജയപ്പെട്ടവന്റെ നായകനാണ് ടൊവിനോയുടെ പ്രധാനപ്പെട്ട എല്ലാ വേഷവും. കളയിലെ ഷാജിയും മായാനദിയിലെ മാത്തനും മൊയിദീനിലെ അപ്പുവും ലൂക്കയിലെ ആ പേരിലെ തന്നെ വേഷവും, മുതല്‍ കാണെക്കാണയിലെ അലന്‍ വരെയുള്ളവര്‍ ജീവിതത്തിന്റെ അപ്രതീക്ഷിതകളില്‍ സ്വയം നഷ്ടപെട്ടവരാണ്.

അതിലോരോന്നിനും ടൊവിനോ കൊടുക്കുന്ന നിറഭേദങ്ങള്‍ വല്ലാതെ വിശ്വസനീയമാണ്. കാണേക്കാണയിലെ പാട്ടിനിടെ, ഭാര്യയുടെ നോട്ടം കൊണ്ടുള്ള നിയന്ത്രണത്തില്‍ അലന്‍ ഒരു നിമിഷത്തേക്ക് വിരണ്ടു പോയി. പെട്ടെന്ന് കുഴപ്പമൊന്നുമില്ല എന്ന മട്ടില്‍ കണ്ണുകൊണ്ടു തന്നെ തിരികെ ആംഗ്യം കാണിക്കുന്നൊരു ഷോട്ടുണ്ട്. ഒരു സെക്കന്‍ഡോ മറ്റോ മാത്രമുള്ള ഒരു ഷോട്ട്. അത് മാത്രം മതിയാവും ടൊവിനോ എന്ന നടനെ മാര്‍ക്ക് ചെയ്യാന്‍. നടക്കുന്തോറും പുറകിലേക്ക് വലിയുന്ന മാത്തനും, മൊയിദീനിലെ ഫോറെവര്‍ മെലങ്കളിക് ആന്‍ഡ് റൊമാന്റിക് അപ്പുവും വിഷാദങ്ങളുടെ രണ്ടു ലോകങ്ങളാണ്.
Recommended Video

പക്ഷെ ഇപ്പുറത്തു ആണത്ത പ്രകടനം കാണിക്കേണ്ടി വരുമ്പോള്‍, അത് മാരിയിലായാലും കല്‍കിയിലായാലും ലൂസിഫറിലായാലും ടൊവിനോ തന്റെ ശരീരത്തിന്റെ മറ്റൊരു സാധ്യതയെ തന്നെ തുറന്നു വെക്കാറുണ്ട്. പരാജയമോ പേടിയോ തീര്‍ച്ചക്കുറവോ ഇല്ലാതെ, ആത്മവിശ്വാസത്തിന്റെ ആള്‍രൂപമായി തന്നെ. ആ ടൊവിനോയാണ് ഇന്ന് മിന്നല്‍ മുരളിയാവുന്നത്. അറിഞ്ഞിടത്തോളം മുരളി സങ്കോചമുള്ളവനാണ്, പേടിയുള്ളവനാണ്, ഉറപ്പോ ആത്മവിശ്വാസമോ വേണ്ട അളവില്‍ ഇല്ലാതെ തനിക്ക് കൈവന്ന ശക്തിയില്‍ ആശങ്കയുള്ളവനാണ്. ഒരേ സമയം ശരീരം കൊണ്ട് സൂപ്പര്‍ ഹീറോയും മനസ്സ് കൊണ്ട് അതിനു പരുവപ്പെട്ടിട്ടില്ലാത്തവനും. ഇത് ചെയ്യാന്‍ ടൊവിനോയ്ക്കല്ലാതെ മറ്റാര്‍ക്കാണ് ഇന്ന് സാധിക്കുക. ഒരു മലയാളി സൂപ്പര്‍ ഹീറോയാവാന്‍, തോറ്റ് തോറ്റ് ജയിക്കുന്നവനാവാന്‍ ടൊവിനോയോളം തെളിച്ചമുള്ള ആളില്ല മലയാളത്തില്‍.


Click it and Unblock the Notifications











