'സമ്മാനം വാങ്ങാൻ ചെന്നപ്പോൾ പിടിച്ച് വലിച്ച് മണി ചേട്ടൻ ഒരുപാട് നേരം കെട്ടിപിടിച്ച് നിന്നു'; ആർഎൽവി രാമകൃഷ്ണൻ
മലയാളിയുടെ നെഞ്ചിടിപ്പായിരുന്നു കലാഭവൻ മണി. മൺമറഞ്ഞുപോയ അനശ്വര കലാകാരൻ ഇന്നും കേരളക്കരയ്ക്ക് വിങ്ങുന്ന ഓർമയാണ്. നാട് കണ്ട ഏറ്റവും ജനകീയനായ കലാകാരനായിരുന്നു കലാഭവൻ മണി. നൂറുകണക്കിന് കഥാപാത്രങ്ങളിലൂടെയും ഗാനങ്ങളിലൂടെയും അദ്ദേഹം ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു. കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ മലയാളത്തിന്റെ എക്കാലത്തെയും വലിയ സാംസ്‌കാരിക ഈടുവെയ്പുകളാണ്. നാട്ടുമൊഴി വഴക്കങ്ങളും ഭൂതകാല സംസ്കൃതിയും ഗ്രാമീണ ജീവിതവും നിറഞ്ഞ് നിന്നതായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങളും കഥാപാത്രങ്ങളും.
മരണമില്ലാത്ത അതുല്യ കലാകാരന്റെ ഓർമ്മകൾക്ക് എട്ട് വർഷം തികയുമ്പോൾ അദ്ദേഹത്തിന്റെ സഹോദരനും മോഹിനിയാട്ടം നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണൻ പങ്കിട്ട അനുഭവമാണ് ശ്രദ്ധനേടുന്നത്. അടുത്തിടെ അമൃത ടിവി സംഘടിപ്പിച്ച ഓർമയിൽ എന്നും പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ സഹോദരനെ കുറിച്ച് രാമകൃഷ്ണൻ നിറകണ്ണുകളോടെയാണ് സംസാരിച്ചത്.

ചേട്ടൻ തനിക്ക് തന്ന ഏറ്റവും വലിയ സമ്മാനനത്തെ കുറിച്ചും വേദയിൽ വെച്ച് രാമകൃഷ്ണൻ വെളിപ്പെടുത്തി. ഇത്രയും നാൾ നൃത്തം പഠിച്ചിട്ടും ഒരു വേദിയില്ല. പക്ഷെ കലാമത്സരങ്ങൾ കാണാൻ വേണ്ടി ഞാൻ പോയിരിക്കും. ചേട്ടൻ വലുതായി സാമ്പത്തികമായി സെറ്റപ്പായി കഴിഞ്ഞപ്പോൾ എംജി യൂണിവേഴ്സിറ്റി കലോത്സവത്തിൽ കളിക്കണമെന്ന് ആഗ്രഹം വന്നു.
തൃപ്പൂണിത്തറ ആർഎൽവി കോളജിലാണ് ഞാൻ പഠിച്ചുകൊണ്ടിരുന്നത്. ആ സമയം കോളജിന് യൂണിവേഴ്സിറ്റി അഫിലിയേഷൻ കിട്ടിയ ആദ്യ വർഷമായിരുന്നു. അങ്ങനെ കലോത്സവത്തിൽ പങ്കെടുക്കാൻ ഒരു ചാൻസ് കിട്ടി കഴിഞ്ഞപ്പോൾ ഞാൻ കരുതിയത് ചേട്ടൻ സിനിമ നടനായതുകൊണ്ട് എനിക്ക് എല്ലാ കാര്യത്തിലും പിന്തുണയുണ്ടാകുമെന്നാണ്. അങ്ങനെ മത്സരത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം ചേട്ടനോട് ഞാൻ പോയി പറഞ്ഞു.
കാരണം പങ്കെടുക്കാൻ സാമ്പത്തികം ആവശ്യമാണല്ലോ. ചേട്ടൻ തരുമെന്ന് കരുതിയാണ് വലിയ കാര്യത്തിൽ പോയി ചോദിച്ചത്. നമുക്കൊന്നും മത്സരം ചേർന്നതല്ല. അതുകൊണ്ട് കലാമത്സരങ്ങൾക്ക് പോകണ്ട. കലയെ ജീവിത സപര്യയാക്കി കൊണ്ടുപോയാൽ മതിയെന്നും മത്സരിക്കാൻ പോകേണ്ടെന്നും പറഞ്ഞു. പക്ഷെ എനിക്ക് പങ്കെടുക്കണമെന്ന് തന്നെയായിരുന്നു ആഗ്രഹം.
അതുകൊണ്ട് തന്നെ ചേട്ടന്റെ ഡ്രൈവർമാരെയൊക്കെ എപ്പോഴും ഞാൻ ഫോൺ ചെയ്ത് വിളിച്ച് പറയും പൈസയുടെ കാര്യമൊന്ന് പറയാമോയെന്ന്. അങ്ങനെ അവസാനം ചേട്ടൻ എനിക്ക് കുറച്ച് പൈസ തന്നു. പക്ഷെ ആ പൈസയുമായി അവിടേക്ക് പോയാൽ ഒന്നും നടക്കാൻ പോകുന്നില്ല. അതിനാൽ ഞാൻ ആദ്യ ഗൾഫ് യാത്ര കഴിഞ്ഞ് വന്നപ്പോൾ ചേട്ടൻ എനിക്ക് കൊണ്ടുതന്ന സ്വർണ്ണ ചെയിൻ വിറ്റു. മത്സരത്തിൽ പങ്കെടുത്തു.

മത്സരം നടക്കുന്ന സമയത്ത് ആകാശത്തിലെ പറവകൾ എന്ന സിനിമയുടെ ഷൂട്ടിങ് കോട്ടയത്ത് നടക്കുന്നുണ്ട്. അങ്ങനെ മത്സരങ്ങൾ കഴിഞ്ഞു. കലാപ്രതിഭയായിരുന്നു. അങ്ങനെ അവസാന ദിവസം സമ്മാനം വാങ്ങാനായി കാത്തിരിക്കുമ്പോൾ വലിയൊരു ആരവം കേട്ടു.
അപ്പോഴതാ ചേട്ടനാണ് വരുന്നത്. ചേട്ടൻ വേദിയിൽ അതിഥിയായി വന്നിരുന്നു ഞാൻ കലാപ്രതിഭയുടെ സമ്മാനം വാങ്ങാനായി ചെന്നു. സമ്മാനം വാങ്ങാൻ ചേട്ടന്റെ അടുത്ത് ചെന്നപ്പോൾ അദ്ദേഹം എന്നെ പിടിച്ച് വലിച്ച് ചേർത്ത് ഒരുപാട് നേരം മുറുക്കി കെട്ടിപിടിച്ച് നിന്നു.
ശേഷം പ്രസംഗിക്കുന്ന സമയത്ത് ചേട്ടൻ ഇങ്ങനെ പറഞ്ഞു... ഇവന് ഞാൻ മത്സരത്തിൽ പങ്കെടുക്കാൻ മുഴുവൻ പൈസയും കൊടുക്കാതിരുന്നത് മത്സരിക്കാനും സമ്മാനം നേടാനും ഒരു വാശിയുണ്ടാകാൻ വേണ്ടിയാണ്. അതിന് അവൻ എന്നോട് മധുരകരമായി പകരം വീട്ടി. കാരണം ഒരു ദിവസത്തെ പത്രത്തിൽ പോലും അവന്റെ പേര് വന്നില്ല.
അവൻ വിജയിച്ചപ്പോഴെല്ലാം എന്റെ പേരാണ് അച്ചടിച്ച് വന്നത്. അതുകൊണ്ട് ഈ സമ്മാനം എന്നെക്കാൾ വലിയ കലാകാരന് സമർപ്പിക്കുന്നുവെന്നായിരുന്നു എന്നാണ് ആർഎൽവി രാമകൃഷ്ണൻ നിറകണ്ണുകളോടെ ഓർമകൾ പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications