'അഖിലിനെ വിളിച്ച് സംസാരിച്ചു... അദ്ദേഹം ഉമ്മ തന്നു, അഖിലിനോട് ആദ്യം എതിർപ്പുണ്ടായിരുന്നു'; റോബിനും ആരതിയും!
ബിഗ് ബോസ് മലയാളം സീസൺ ഫോറും ഫൈവും കണ്ടവർക്ക് റോബിൻ രാധാകൃഷ്ണനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ചുരുക്കം ചില മോട്ടിവേഷൻ വീഡിയോകളിലൂടെയും ഷോട്ട് ഫിലിമിലൂടെ തുടങ്ങിയ കരിയർ റോബിൻ മെച്ചപ്പെടുത്തി എടുത്തത് ബിഗ് ബോസിൽ വന്നശേഷമാണ്.
ബിഗ് ബോസിൽ പങ്കെടുക്കാൻ വരുന്നതിന് മുമ്പ് ഏറ്റവും കൂടുതൽ പ്രിപ്പറേഷൻസ് മാസങ്ങളോളം ചിലവഴിച്ച് നടത്തിയ ഒരേയൊരു മത്സരാർത്ഥിയും റോബിൻ മാത്രമാണ്. എഴുപതാം ദിവസം പുറത്തായില്ലായിരുന്നുവെങ്കിൽ സീസൺ ഫോറിന്റെ വിന്നർ ട്രോഫി റോബിന്റെ വീട്ടിലിരിക്കുമായിരുന്നു.
അഞ്ചാം സീസൺ ഉഷാറില്ലാതെ പോകുന്നുവെന്ന് മനസിലായപ്പോഴാണ് റോബിനെയും രജിത്ത് കുമാറിനെയും ചലഞ്ചേഴ്സായി ഷോയുടെ അണിയറപ്രവർത്തകർ കൊണ്ടുവന്നത്. എന്നാൽ ആ രണ്ട് ദിവസവും അഖിൽ മാരാർ, വിഷ്ണു എന്നിവരുമെല്ലാമായാണ് റോബിൻ കോർത്തത്. ശേഷം സമയപരിധി അവസാനിക്കും മുമ്പ് റോബിൻ പുറത്താകുകയും ചെയ്തു.

ശേഷം വിമാനത്താവളത്തിൽ എത്തി ബിഗ് ബോസ് ഷോയ്ക്കെതിരെ റോബിൻ പറഞ്ഞ കാര്യങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. അതിനുശേഷം സൈബർ ആക്രമണം കൂടിയതിനാൽ സോഷ്യൽമീഡിയയിൽ നിന്നും റോബിൻ വിട്ടുനിൽക്കുകയായിരുന്നു. അന്നും ഇന്നും കേരളത്തിൽ റോബിന് ഒട്ടനവധി ആരാധകരാണുള്ളത്.
അഖിൽ മാരാരുമായി തനിക്ക് യാതൊരു വിധ പ്രശനങ്ങളും ഇല്ലെന്നും സീസൺ ഫൈവ് അവസാനിച്ച ശേഷം താനും അഖിലും ഫോൺ വിളിച്ച് സംസാരിച്ചുവെന്നും പറയുകയാണ് റോബിൻ മൈൽ സ്റ്റോൺ മേക്കഴ്സിന് നൽകിയ പുതിയ അഭിമുഖത്തിൽ.
ഭാവി വധു ആരതി പൊടിക്കൊപ്പം എത്തിയാണ് റോബിൻ വിശേഷങ്ങൾ പങ്കുവെച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി അഭിമുഖങ്ങളിൽ നിന്നെല്ലാം റോബിൻ വിട്ടുനിൽക്കുകയായിരുന്നു. 'അഖിൽ മാരാർ ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷം ഞാൻ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഞങ്ങൾ സംസാരിക്കുകയും ചെയ്തിരുന്നു. ഞാൻ വൈരാഗ്യം ഒന്നും മനസിൽ കൊണ്ടുനടക്കുന്നില്ല.'
'എനിക്ക് പുള്ളിക്കാരനിൽ ഇഷ്ടപ്പെട്ട കാര്യം അദ്ദേഹം കഷ്ടപ്പെട്ട് ഈ നിലയിൽ എത്തിയ ആളാണ് എന്നതാണ്. ഞാനും അത്തരത്തിൽ കഷ്ടപ്പെടുന്ന ഒരാളാണ്. അതിന്റെ ബഹുമാനം എനിക്ക് അദ്ദേഹത്തോടുണ്ട്. ഞാൻ വീണ് കിടന്നപ്പോൾ എന്നെ അടിക്കാൻ പലരും അദ്ദേഹത്തെ ഉപദേശിച്ചിട്ടും അഖിൽ അത് ചെയ്തില്ല.'

'എന്റെയും അഖിൽ മാരാരുടെയും പേര് പറഞ്ഞ് പലരും പരസ്പരം തല്ലുകൂടുന്നുണ്ട്. അതിനോട് എനിക്ക് താൽപര്യമില്ല. ഞാൻ ബിഗ് ബോസിൽ പോയി മനസിലാക്കിയ അഖിൽ മാരാർ വളരെ വ്യത്യസ്തനാണ്. അദ്ദേഹം എനിക്ക് ഉമ്മ തന്നിരുന്നു. അദ്ദേഹം അടുത്തിടെ കാർ വാങ്ങിയത് കണ്ടപ്പോൾ എനിക്ക് അതിയായ സന്തോഷമാണ് തോന്നിയതെന്നും', റോബിൻ പറയുന്നു.
ആരതിയും അഖിൽ മാരാർ വിഷയത്തിൽ പ്രതികരിച്ചു. തുടക്കത്തിൽ വെറുതെ ഇരുന്ന ഡോക്ടറെ അഖിൽ ചില കാര്യങ്ങൾ പറഞ്ഞ് കളിയാക്കിയതിൽ എതിർപ്പുണ്ടെന്നും അല്ലാതെ അദ്ദേഹത്തിന്റെ ഗെയിമിനോട് താൽപര്യമുള്ള ആളാണ്' താനെന്നുമാണ് ആരതി പറഞ്ഞത്.
അലറൽ വീരൻ എന്നാണ് റോബിനെ അഖിൽ ബിഗ് ബോസിലേക്ക് പോകും മുമ്പ് ഒരിക്കൽ വിശേഷിപ്പിച്ചത്. ഉണ്ണി മുകുന്ദൻ ചിത്രത്തിന്റെ പ്രമോഷൻ പരിപാടിയ്ക്കിടെ നടനെതിരെ കൂവാൻ റോബിൻ ആളെ വിട്ടതായും അഖിൽ ആരോപിച്ചത് വലിയ ചർച്ചയായിരുന്നു.
ഉണ്ണി മുകുന്ദന്റെ പരിപാടിയിൽ കൂവാൻ 20000 രൂപ റോബിൻ കൊടുത്തുവെന്ന് റോബിനൊപ്പമുള്ള ഒരു സിനിമാക്കാരൻ തന്നെ തന്നോട് വെളിപ്പെടുത്തിയെന്നാണ് അഖിൽ അന്ന് പറഞ്ഞത്. ഹൗസിലേക്ക് വരും മുമ്പ് അഖിലിന് ഹേറ്റേഴ്സായിരുന്നു കൂടുതൽ. താരം ഗെയിം കളിച്ച് തുടങ്ങിയപ്പോൾ മുതലാണ് ആരാധകർ ഉണ്ടായത്.


Click it and Unblock the Notifications