ആ കുട്ടിയിൽ എന്തോ പ്രത്യേകതയുണ്ട്, മകനെപ്പോലെ കണ്ടു; സ്വന്തം മകനെക്കാൾ സ്ഥാനം ധനുഷിന് നൽകിയ രഘുവരൻ!
വേറിട്ട ഭാവവും സംഭാഷണ രീതിയും ആകാരഭംഗിയും കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ച നടനായിരുന്നു രഘുവരൻ. വില്ലനായും നായകനായും സഹനടനായുമെല്ലാം ഒരു കാലത്ത് രഘുവരൻ സ്റ്റാറായിരുന്നു. അകാലത്തിൽ അദ്ദേഹത്തെ നഷ്ടപ്പെട്ടുവെന്നത് വേദനയായി സിനിമാ പ്രേമികളുടെ ഹൃദയത്തിലുണ്ട്. ഇന്നും ജീവിച്ചിരുന്നുവെങ്കിൽ തമിഴിലും മലയാളത്തിലും നിരവധി കഥാപാത്രങ്ങൾക്ക് അദ്ദേഹം ജീവൻ നൽകുമായിരുന്നു.
രഘുവരന് പകരമാകാൻ മറ്റൊരാൾ ഇന്നേവരെ തെന്നിന്ത്യയിൽ ഉണ്ടായിട്ടില്ല. ചലച്ചിത്ര ലോകത്ത് ഉടലെടുക്കുന്ന ചില സൗഹൃദങ്ങൾ വെറും പ്രൊഫഷണൽ ബന്ധങ്ങൾ എന്നതിന് അപ്പുറത്തേക്ക് പോകാറുണ്ട്. അതിന്റെ മികച്ച ഉദാഹരണമാണ് അന്തരിച്ച നടൻ രഘുവരനും നടൻ ധനുഷും തമ്മിലുണ്ടായിരുന്ന ആഴമുള്ള ബന്ധം.

ഇതിനെക്കുറിച്ച് ഒരു അഭിമുഖത്തിൽ നടിയും രഘുവരന്റെ മുൻ ഭാര്യയുമായ രോഹിണി വികാരഭരിതയായി പങ്കുവെച്ചിരുന്നു. ധനുഷിന്റെ ആദ്യ ചിത്രം കാതൽ കൊണ്ടേൻ പുറത്തിറങ്ങിയ സമയത്ത് തന്നെ ആ സിനിമ കണ്ട് ധനുഷിലെ പ്രതിഭ രഘുവരൻ മനസിലാക്കിയിരുന്നുവെന്നും അതേ കുറിച്ച് തന്നോട് സംസാരിച്ചിട്ടുണ്ടെന്നും രോഹിണി പറയുന്നു.
ധനുഷിന്റെ അഭിനയത്തിൽ രഘുവരൻ അതീവ സംതൃപ്തനായിരുന്നു. ഞാനും രഘുവും വിവാഹമോചിതരായിരുന്നുവെങ്കിലും ഞാൻ മകൻ റിഷിയേയും കൊണ്ട് രഘുവിനെ കാണാൻ പോവുകയും ഒരുപാട് നേരം ഒരുമിച്ച് ഇരുന്ന് സംസാരിക്കുകയും എല്ലാം ചെയ്യുമായിരുന്നു. ഫ്രണ്ട്ലിയായി മുന്നോട്ട് പോയിരുന്ന കാലഘട്ടം ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നു.
സെൽവരാഘവന്റെ കാതൽ കൊണ്ടേൻ റിലീസായ സമയത്ത് ഒരു സംഭവം നടന്നു. ആ സിനിമ കണ്ടശേഷം അദ്ദേഹം എന്നോട് പറഞ്ഞു ആ പയ്യനിൽ എന്തോ ഒന്ന് ഉണ്ട്. ഒരു പ്രത്യേകതയുണ്ടെന്ന്. കാതൽ കൊണ്ടേനിലെ ധനുഷിന്റെ പെർഫോമൻസ് അദ്ദേഹത്തെ അത്രത്തോളം ഇംപ്രസ് ചെയ്തിരുന്നു. അത് അദ്ദേഹം എന്നോട് പങ്കുവെക്കുകയും ചെയ്തു. പിന്നീട് യാരഡി നീ മോഹിനിയിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.
ആ സിനിമയുടെ ഷൂട്ട് നടക്കുമ്പോൾ ധനുഷുമായി ഇടപഴകുമ്പോൾ അവൻ എന്റെ മകൻ എന്ന രീതിയിൽ ഫീൽ വരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. യാരഡി നീ മോഹിനിയുടെ സെറ്റിൽ ഒരുപാട് തവണയൊന്നും ഞാൻ പോയിട്ടില്ല. ഒരിക്കൽ റിഷിയെ ഡ്രോപ്പ് ചെയ്യാൻ പോയപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. ധനുഷ് എനിക്ക് മകനെപ്പോലെയാണെന്ന് രോഹിണി പറഞ്ഞു.

പിന്നീട് വർഷങ്ങൾക്കുശേഷം ധനുഷിനൊപ്പം മൂന്ന് എന്ന സിനിമയിൽ ഞാൻ അഭിനയിച്ചു. ആ ഷൂട്ടിങ് വേളയിൽ രഘുവരനുമായി ബന്ധപ്പെട്ട ഓർമകളെല്ലാം ധനുഷും എന്നോട് പങ്കുവെച്ചിരുന്നു. രഘുവരൻ ധനുഷിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളും രഘുവരൻ മരിച്ചശേഷം ധനുഷ് അദ്ദേഹത്തോടുള്ള ആദരവ് മൂലം എന്നോട് പറഞ്ഞ കാര്യങ്ങളും കേട്ടപ്പോഴാണ് അവരുടെ മനോഹരമായ ബന്ധം എത്തരത്തിൽ ഉള്ളതായിരുന്നുവെന്ന് മനസിലാക്കാൻ എന്നെ സഹായിച്ചത്.
താരങ്ങൾ അല്ലെങ്കിൽ അഭിനേതാക്കൾ എന്ന നിലയിൽ അവർ പരസ്പരം പുലർത്തിയിരുന്ന ബഹുമാനവും കാലക്രമേണ വളർന്നുവന്ന ആഴമായ വാത്സല്യവും ധനുഷ്-രഘുവരൻ പങ്കാളിത്തത്തെ സ്‌ക്രീനിൽ മാത്രമല്ല യഥാർത്ഥ ജീവിതത്തിലും സവിശേഷമാക്കി തീർത്തു എന്നുമാണ് രോഹിണി പറഞ്ഞത്.
ഇന്നും യാരഡി നീ മോഹിനിയിലെ ധനുഷ്-രഘുവരൻ കോമ്പോ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്. വിവിധ ഭാഷകളിലായി 150ലേറെ ചിത്രങ്ങളിലാണ് രഘുവരൻ അഭിനയിച്ചത്. ചെന്നൈ കിങ്സ് എന്ന നാടകസംഘത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്ന രഘുവരന്‍ ഒരു മനിതനിന്‍ കഥ എന്ന തമിഴ് സീരിയലിലൂടെയാണ് ശ്രദ്ധേയനായത്.
കക്കയിലൂടെ മലയാള സിനിമയിലേക്കും അരങ്ങേറി. രഘുവരൻ ഓർമയായിട്ട് പതിനേഴ് വർഷങ്ങൾ പിന്നിടുന്നു. 1996ൽ ആയിരുന്നു രോഹിണിയുമായുള്ള നടന്റെ വിവാഹം. 2004ൽ ഇരുവരും വേർപിരിഞ്ഞു.


Click it and Unblock the Notifications











