വീട്ടമ്മയായി കഴിയാൻ പറ്റില്ലെന്ന് മനസ്സിലാക്കി; ഹീറോകളുമായി ഇപ്പോൾ സൗഹൃദമില്ല; മധു
90 കളിൽ വൻ ആരാധക വൃന്ദം സൃഷ്ടിച്ച ഒരുപാട് നടിമാർ വന്നിട്ടുണ്ട്. ഇവരിൽ ഭൂരിഭാഗം പേരും ഇന്ന് നായിക നിരയിൽ നിന്ന് മാറി. ചില സഹനായിക വേഷത്തിലേക്ക് പോയപ്പോൾ ചിലർ സിനിമാ രംഗം തന്നെ വിട്ടു. 90 കളിലെ മുൻനിര നായിക നടിയായിരുന്നു മധു. റോജ എന്ന സിനിമയിലൂടെയാണ് ഇന്നും മധു അറിയപ്പെടുന്നത്. 1992 ലിറങ്ങിയ ഈ മണിരത്നം സിനിമ വൻ ജനശ്രദ്ധ നേടി.
ഒരു സിനിമ കൊണ്ട് മധുവിന്റെ പ്രശസ്തി കുതിച്ചുയർന്നു. അനശ്വരമായ ഒരുപിടി ഗാനങ്ങളും ഈ സിനിമയിലുണ്ടായിരുന്നു. അരവിന്ദ് സ്വാമിയായിരുന്നു സിനിമയിലെ നായകൻ. മലയാള ചിത്രം യോദ്ധയിൽ നായികാ വേഷം ചെയ്തതും മധുവാണ്. ഈ കഥാപാത്രവും ജനപ്രീതി നേടി.

1991 ലിറങ്ങിയ അഴകൻ എന്ന സിനിമയാണ് നടിയുടേതായി ആദ്യം പുറത്തിറങ്ങിയ ചിത്രം. മമ്മൂട്ടിയും ഭാനുപ്രിയയും ഗീതയുമായിരുന്നു സിനിമയിലെ മറ്റ് താരങ്ങൾ. ഒറ്റയാൾ പട്ടാളം എന്ന സിനിമയിലൂടെയാണ് നടി മലയാള സിനിമാ രംഗത്തേക്ക് വരുന്നത്. ഫൂൽ ഓർ കാന്തേ എന്ന സിനിമയിലൂടെ ഹിന്ദിയിലും തുടക്കം കുറിച്ചു. കരിയറിലെ തിരക്കുകൾക്കിടെയായിരുന്നു മധുവിന്റെ വിവാഹം. 1999 ലാണ് ആനന്ദ് ഷായെ മധു വിവാഹം ചെയ്തത്. ഒരു ഫോട്ടോഷൂട്ടിനിടെയാണ് ഇരുവരും പരിചയപ്പെടുന്നത്.
വിവാഹ ശേഷം അഭിനയ രംഗത്ത് നിന്ന് മധു പിൻമാറി. രണ്ട് പെൺമക്കളും ഇവർക്ക് ജനിച്ചു. 2008 ലാണ് പിന്നീട് നടി സിനിമാ രംഗത്തേക്ക് തിരിച്ച് വരുന്നത്. കഭി സോചാ ഭീ നാ ഥാ എന്ന സിനിമയിലൂടെയാണ് നടി തിരിച്ചു വരുന്നത്. പിന്നീട് സഹനായിക വേഷങ്ങളാണ് നടി ചെയ്തത്.
സിനിമാ രംഗത്തേക്കുള്ള തന്റെ തിരിച്ചുവരവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് മധു. സിനിമാ രംഗത്ത് നിന്ന് പിൻമാറിയ ശേഷം താൻ സിനിമാ ലോകത്തെ സൗഹൃദം ഉപേക്ഷിച്ചിരുന്നെന്ന് മധു പറയുന്നു. '10-12 വർഷത്തോളം അവരുമായി എന്റെ ബന്ധം നിലച്ചു. കാരണം സിനിമാ രംഗം വിടാൻ ഞാൻ തീരുമാനിച്ചിരുന്നു'

'ഇൻഡസ്ട്രിയിലുള്ളവരുമായി കോൺടാക്ട് വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നില്ല. എനിക്ക് മതിയായി ഇൻഡസ്ട്രിയിൽ നിന്ന് പുറത്ത് പോവണം എന്ന ചിന്തയായിരുന്നു അത്. അങ്ങനെയാണ് സിനിമാ രംഗം വിടുന്നത്'
പക്ഷെ ഇന്ന് എല്ലാവരിലേക്കും തിരിച്ചു വന്നു. രവീണയോടും ശിൽപ്പയോടുമൊപ്പം പാർട്ടി ചെയ്തു. പല പരിപാടികളിലും ഞങ്ങൾ ഒത്തുചേരുന്നു. ഞങ്ങളെല്ലാവരും വളർന്നു. വിവാഹം ചെയ്ത് മക്കളുമായി. ഒപ്പം അഭിനയിച്ച ഹീറോകളുമായി ഇപ്പോൾ സൗഹൃദമില്ലെന്നും മധു വ്യക്തമാക്കി.
വിവാഹശേഷം വ്യക്തി ജീവിതത്തിലെ തിരക്കുകളിലേക്ക് നീങ്ങി. എന്നാൽ അഞ്ച് വർഷം കൊണ്ട് താനൊരു വീട്ടമ്മ മാത്രമായി കഴിയാനാഗ്രഹിക്കുന്നില്ലെന്ന് സ്വയം മനസ്സിലാക്കിയെന്നും നടി തുറന്ന് പറഞ്ഞു. അടുത്തിടെ ശാകുന്തളം എന്ന തെലുങ്ക് സിനിമയിൽ മധു അഭിനയിച്ചിട്ടുണ്ട്. മേനക എന്ന കഥാപാത്രമാണ് നടി അവതരിപ്പിച്ചത്. സമാന്തയായിരുന്നു സിനിമയിലെ പ്രധാന വേഷം ചെയ്തത്.
2014 ൽ പുറത്തിറങ്ങിയ സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന സിനിമയിലാണ് മലയാളത്തിൽ അവസാനമായി മധു അഭിനയിച്ചത്. തിരിച്ചു വരവിൽ ചില സീരിയലുകളിലും മധു അഭിനയിച്ചിട്ടുണ്ട്. കാവേരി, ദേവി, സൗന്ദര്യവല്ലി തുടങ്ങിയ സീരിയലുകളാണിവ. ചില റിയാലിറ്റി ഷോകളിൽ ജഡ്ജായും മധു എത്തി.


Click it and Unblock the Notifications











