'സൗബിനിക്ക പറഞ്ഞത് നിറത്തിന്റേയോ സൗന്ദര്യത്തിന്റേയോ കാര്യമല്ല, ആ വാക്കുകൾ വിഷമിപ്പിച്ചിട്ടില്ല'; അബിൻ ബിനോ!
പബ്ലിക്ക് ഫിഗറോ സെലിബ്രിറ്റിയോ ആയി കഴിഞ്ഞാൽ സമൂഹത്തിലിറങ്ങുമ്പോൾ വാക്കും പ്രവൃത്തിയും വളരെ സൂക്ഷിച്ച് മാത്രമായിരിക്കണം. ഏത് ചെറിയൊരു പ്രവൃത്തിയും ഡയലോഗും ആളുകൾ പെട്ടന്ന് പിടിച്ചെടുക്കുകയും പിഴവ് സംഭവിച്ചാൽ മുഖം നോക്കാതെ വിമർശിക്കുകയും ചെയ്യും.
കാലം മാറിയത് കൊണ്ട് തന്നെ പൊളിറ്റിക്കൽ കറക്ട്നെസ് ഇല്ലാത്ത ഏതൊരു സംസാരവും എത്ര വലിയ തമാശയാണെന്ന് പറഞ്ഞാലും ആളുകൾ അംഗീകരിക്കില്ല. അടുത്തിടെയായി സൂക്ഷിച്ച് വാക്കുകൾ ഉപയോഗിക്കാത്തതിനാൽ മമ്മൂട്ടി അടക്കമുള്ള താരങ്ങൾ അത്തരത്തിൽ വിമർശിക്കപ്പെട്ടിരുന്നു.
അടുത്തിടെ നടൻ സൗബിൻ ഷാഹിർ രോമാഞ്ചം എന്ന സിനിമയുടെ പ്രമോഷനെത്തിയപ്പോൾ ഒതളങ്ങ തുരുത്ത് എന്ന വെബ് സീരിസിലൂടെ ശ്രദ്ധേയനായ നത്ത് എന്ന് വിളിപ്പേരുള്ള നടൻ അബിൻ ബിനോയെ കളിയാക്കി പറഞ്ഞ ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയ വിമർശിക്കുന്നത്.
തമാശയെന്ന് കാണിച്ച് അബിനെ സൗബിൻ ബോഡി ഷെയ്മിങ് നടത്തിയെന്നാണ് വൈറൽ അഭിമുഖം കണ്ടവർ അഭിപ്രായപ്പെടുന്നത്.

രോമാഞ്ചത്തിൽ സൗബിനൊപ്പം ഒരു ശ്രദ്ധേയമായ വേഷം അബിനും ചെയ്തിരുന്നു. ഇപ്പോഴിത സൗബിന്റെ പരാമർശം വലിയ രീതിയിൽ ചർച്ചയാക്കപ്പെടുമ്പോൾ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അബിൻ ബിനോ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അബിൻ വിഷയത്തിൽ തനിക്ക് പറയാനുള്ളത് പറഞ്ഞത്.
സൗബിൻ പറഞ്ഞ വാക്കുകൾ തന്നെ ഒരിക്കലും വിഷമിപ്പിച്ചിട്ടില്ലെന്നാണ് അബിൻ ബിനോ പറയുന്നത്. 'സംവിധായകൻ ജിത്തു മാധവൻ ഒതളങ്ങ തുരുത്ത് കണ്ടിട്ടാണ് രോമാഞ്ചത്തിലേക്ക് എന്നെ വിളിച്ചത്. രോമാഞ്ചത്തിന്റെ കഥ കേട്ടപ്പോൾത്തന്നെ ഇതിൽ അഭിനയിക്കണമെന്ന് ആഗ്രഹമായി.'

'പടം കണ്ടവരെല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്. സിനിമയിൽ അഭിനയിക്കാൻ കഴിയുമെന്നൊന്നും കരുതിയിട്ടില്ല. ആദ്യമായി അഭിനയിച്ചത് ഒതളങ്ങ തുരുത്തിലായിരുന്നു. വളരെ യാദൃച്ഛികമായി കിട്ടിയ ഭാഗ്യമാണ് അത്.'
'ഒതളങ്ങ തുരുത്ത് കൊണ്ടുവന്ന ഭാഗ്യമാണ് ഇപ്പോൾ രോമാഞ്ചം വരെ എത്തിയത്. എന്റെ വീട് കൊല്ലം കരുനാഗപ്പള്ളിയിൽ ആലപ്പാട് പഞ്ചായത്തിൽ വെള്ളനാട് എന്ന സ്ഥലത്താണ്. അത് കടലിനും കായലിനും ഇടയ്ക്ക് നിൽക്കുന്ന സ്ഥലമാണ്. ഒതളങ്ങ തുരുത്ത് ഷൂട്ട് ചെയ്തിരിക്കുന്നത് കൂടുതലും അവിടെയാണ്.'

'ഞാൻ ഡിഗ്രിക്ക് പോയെങ്കിലും പൂർത്തിയാക്കാതെ വീട്ടിൽ നിൽക്കുകയായിരുന്നു. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി പിഎസ്‌സി കോച്ചിങ്ങിനൊക്കെ പോകുമ്പോഴാണ് അഭിനയമോഹം തോന്നിയത്. കാറ്ററിങ്, കടലിൽ മീൻ പിടിക്കാൻ പോവുകയൊക്കെ ചെയ്യുമായിരുന്നു.'
'ഇതിനിടയിൽ നാട്ടിലുണ്ടാകുന്ന വിഷയങ്ങൾ ഹാസ്യ രൂപത്തിൽ വീഡിയോയാക്കും. സിനിമയിലെത്തണം എന്നാഗ്രഹമുണ്ടെങ്കിലും ആരും സപ്പോർട്ട് ചെയ്യാനില്ലാത്തതുകൊണ്ട് ആ മോഹം ഉള്ളിലൊതുക്കി. നാട്ടിൽ എല്ലാവരും വലിയ പിന്തുണയാണ് തരുന്നത്.'

'കുറച്ചുനാൾ മുമ്പ് എടുത്ത അഭിമുഖമാണ് ഇപ്പോൾ വൈറലാകുന്നത്. സിനിമയുടെ സെറ്റിൽ ഞങ്ങൾ എല്ലാവരും നല്ല സൗഹൃദത്തോടെയാണ് കഴിഞ്ഞത്. സൗബിൻ ഇക്കയ്ക്ക് എന്നോടായിരുന്നു കൂടുതൽ അടുപ്പം. സിനിമ കണ്ടവർക്ക് അറിയാം ഞാനും സൗബിൻ ഇക്കയും തമ്മിൽ നല്ലൊരു കെമിസ്ട്രിയുണ്ട് അത് ജീവിതത്തിലുമുണ്ട്.'
'എന്നെ ഇക്കയുടെ റൂമിൽ വിളിച്ച് ഒരുപാടുനേരം ഇരുന്ന് വർത്തമാനം പറയും. അങ്ങനെ ഞങ്ങൾ തമ്മിൽ നല്ലൊരു അടുപ്പമുണ്ട്. ആ അടുപ്പത്തിന്റെ പേരിലാണ് ഇന്റർവ്യൂവിൽ സൗബിൻ ഇക്ക അങ്ങനെ പറഞ്ഞത്. ഞങ്ങൾ എല്ലാരും തമ്മിൽ തമ്മിൽ പ്രേതം എന്ന് വിളിക്കാറുണ്ട്.'

'ആ വീഡിയോയിൽ, ഇതിൽ ലുക്ക് വച്ചിട്ട് സിനിമയിൽ ആരായിരിക്കും പ്രേതമെന്ന് ഇക്ക ചോദിക്കുമ്പോൾ ഞാൻ ചിരിച്ചു. ആ ചിരിയിലാണ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാൻ ഞാനാണ് പ്രേതമെന്ന് പറഞ്ഞത്. അതിനെ ബോഡി ഷെയ്‌മിങ്ങോ ആക്ഷേപമോ ആയി കാണാൻ പറ്റില്ല.'
'സൗബിനിക്ക പറഞ്ഞത് നിറത്തിന്റെയോ സൗന്ദര്യത്തിന്റെയോ കാര്യമൊന്നുമല്ല. വെറുതെ എന്നെ തമാശയ്ക്ക് കളിയാക്കിയതാണ്. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. സിനിമയിൽ ഒരു തുടക്കക്കാരനായ എനിക്ക് വലിയ പ്രോത്സാഹനവും പിന്തുണയും അദ്ദേഹം തന്നിട്ടുണ്ട്.'
'എനിക്ക് അദ്ദേഹത്തോടും ആ സ്വാതന്ത്ര്യമുണ്ട്. അദ്ദേഹം എനിക്ക് സഹോദരനെപ്പോലെയാണ്. അവിടെ ഞാൻ വിഷമിച്ച് ഇരിക്കുകയൊന്നും അല്ലായിരുന്നു. അദ്ദേഹം പറയുന്നത് കേട്ടിട്ട് എനിക്ക് വിഷമമോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ല. അദ്ദേഹം അങ്ങനെയൊന്നും ചിന്തിച്ചിട്ടുകൂടി ഇല്ല. തമാശയ്ക്ക് പറഞ്ഞ ഒരു കാര്യം എടുത്ത് വെറുതെ വിവാദമുണ്ടാക്കരുത്' അബിൻ ബിനോ പറഞ്ഞു.


Click it and Unblock the Notifications











