സ്ഫടികം സെറ്റിൽ തിലകനങ്കിൾ എന്നെ അകറ്റി നിർത്തി; വർഷങ്ങൾക്ക് ശേഷം കണ്ടപ്പോൾ പറഞ്ഞ കാരണം; രൂപേഷ്
മലയാള സിനിമയുടെ ചരിത്രത്തിൽ എഴുതപ്പെട്ട സിനിമയാണ് സഫ്ടികം. പഴകുന്തോറും വീര്യം കൂടുന്ന സിനിമയായാണ് ഭദ്രൻ ഒരുക്കിയ ഈ സിനിമയെ പ്രേക്ഷകർ കാണുന്നത്. 1995 ൽ പുറത്തിറങ്ങിയ സ്ഫടികത്തിൽ മോഹൻലാൽ, തിലകൻ, കെപിഎസി ലളിത, നെടുമുടി വേണു, ഉർവശി, സ്ഫടികം ജോർജ് തുടങ്ങിയവരുടെ മികച്ച പ്രകടനവുമായിരുന്നു. സിനിമയിലെ രംഗങ്ങളും ഡയലോഗുകളും പ്രേക്ഷകരെ ആഴത്തിൽ തൊട്ടു. 4 കെ ദൃശ്യ മികവോടെ സ്ഫടികം വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിച്ചിരിക്കുകയാണ് ഭദ്രൻ.

വൻ വരവേൽപ്പാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. സിനിമയിൽ മോഹൻലാലിന്റെ ബാല്യകാലം അഭിനയിച്ചത് നടൻ രൂപേഷാണ്. രൂപേഷ് തിലകനെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
മറ്റ് സഹതാരങ്ങളെ പോലെ തിലകൻ തന്നോട് സ്ഫടികം സെറ്റിൽ സംസാരിച്ചില്ലെന്നും അതിന് കാരണമുണ്ടായിരുന്നെന്നും രൂപേഷ് പറയുന്നു. ബിഹൈന്റ്വുഡ്സുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ബാക്കി എല്ലാവരും ഭയങ്കര ഫ്രണ്ട്ലിയായിരുന്നു. നെടുമുടി വേണുവങ്കിളും ലളിതാന്റിയും ലാലേട്ടനുമെല്ലാം. പക്ഷെ തിലകനങ്കിൾ കാണുമ്പോൾ കണ്ണ് തുറുപ്പിച്ച് നോക്കും, നമ്മളെ അകറ്റി നിർത്തും. സ്നേഹത്തോടെ സംസാരിക്കാനൊന്നും വരില്ല'
'1993 യിലെ കാര്യമാണ് ഞാൻ പറയുന്നത്. 2010 ൽ ചിത്രാഞ്ജലി സ്റ്റുഡിയോയിൽ ഇരിക്കുമ്പോൾ തിലകനങ്കിൾ വടിയും കുത്തി കാറിൽ നിന്ന് ഇറങ്ങി. എന്നെ കണ്ട് അത്രയും ദൂരത്ത് നിന്ന് തോമാ എന്ന് വിളിച്ചു'
'അങ്കിളിന് എന്നെ മനസ്സിലായോയെന്ന് ചോദിച്ചു. മനസ്സിലാവേണ്ടെന്താ നിന്നെ ഏത് ദൂരത്ത് കണ്ടാലും എനിക്കറിയാമെന്നൊക്കെ പറഞ്ഞ് സംസാരിച്ച് തുടങ്ങി'

'ഞാൻ നിന്നോട് അന്ന് സംസാരിച്ചില്ല, നിനക്ക് വിഷമമായോ എന്ന് ചോദിച്ചു. ഞാൻ മനപ്പൂർവം ദേഷ്യം പിടിച്ച് നിന്നെ മാറ്റി നിർത്തിയതാ. കാരണം ഞാൻ നിന്നോട് ഫ്രണ്ട്ലിയായിക്കഴിഞ്ഞാൽ ചാക്കോ മാഷും തോമസ് ചാക്കോയും തമ്മിലുള്ള ബന്ധം ചിലപ്പോൾ മുിറിഞ്ഞ് പോവുമെന്ന് അദ്ദേഹം പറഞ്ഞു,' രൂപേഷ് പറഞ്ഞതിങ്ങനെ.
തിലകന്റെ കരിയറിലെ തന്നെ ഐക്കണിക് വേഷങ്ങളിലൊന്നായാണ് സ്ഫടികത്തിലെ ചാക്കോ മാഷ് എന്ന കഥാപാത്രം വിലയിരുത്തപ്പെടുന്നത്. മോഹൻലാൽ, കെപിഎസി ലളിത എന്നിവരുമായുള്ള തിലകന്റെ കോംബിനേഷൻ സീനുകൾ ഇന്നും എവർഗ്രീനായി നിലനിൽക്കുന്നു.
തിലകന്റെ അഭിനയ മികവിനെക്കുറിച്ച് നേരത്തെ പല പ്രമുഖരും സംസാരിച്ചിട്ടുണ്ട്. അസാമാന്യ പ്രതിഭയായിരുന്ന തിലകന് പക്ഷെ കരിയറിൽ വിവാദങ്ങളേറെയായിരുന്നു. ഈ വിവാദങ്ങൾ മൂലം തിലകന് അവസാന നാളിൽ കുറേ സിനിമകൾ നഷ്ടപ്പെട്ടു.

സിനിമാ സംഘടനകൾ തിലകനെ വിലക്കിയ സമയത്തായിരുന്നു ഇത്. ഉസ്താദ് ഹോട്ടൽ, ഇന്ത്യൻ റുപ്പി തുടങ്ങിയ സിനിമകളിലാണ് വിവാദങ്ങൾക്ക് ശേഷം തിലകൻ അഭിനയിച്ചത്. രണ്ട് സിനിമകളിലെ തിലകന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2012 സെപ്റ്റംബർ 24 നാണ് തിലകൻ മരിക്കുന്നത്. സിനിമാ ലോകത്ത് തിലകന്റെ അസാന്നിധ്യം ഇന്നും പ്രകടമായിത്തന്നെ കാണുന്നു.
ചാക്കോ മാഷ് എന്ന കഥാപാത്രത്തെയാണ് സ്ഫടികത്തിൽ തിലകൻ അവതരിപ്പിച്ചത്. സ്ഫടികത്തിന് പുറമെ തിലകൻ കരിയറിൽ അടയാളപ്പെടുത്തപ്പെട്ട നിരവധി സിനിമകളുണ്ട്. മൂന്നാം പക്കം, കിരീടം, പെരുന്തച്ചൻ, കണ്ണെഴുതി പൊട്ടും തൊട്ട് തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.
നാടക കലാരംഗത്ത് നിന്നും വന്ന തിലകന്റെ ശബ്ദമായിരുന്നു ഏറ്റവും ശ്രദ്ധേയം. വൈകാരികമായ എല്ലാ തലങ്ങളെയും തന്റെ ശബ്ദത്തിലൂടെ പ്രകടിപ്പിക്കാൻ തിലകന് കഴിഞ്ഞു.


Click it and Unblock the Notifications