രജിനികാന്തിനൊപ്പം സിനിമ ചെയ്യാതിരുന്നതിന് കാരണം; ആ നടിയുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം: ഉർവശി
തുടരെ റിലീസുകളുമായി കരിയറിൽ സജീവമാണ് നടി ഉർവശി. എൺപതുകളിൽ വന്ന നായിക നടിമാരിൽ ഇന്നും പ്രേക്ഷക സ്വീകാര്യതയും വലിയ അവസരങ്ങളുമുള്ള ചുരുക്കം നടിമാരിൽ ഒരാളാണ് ഉർവശി. മലയാളത്തിലും തമിഴിലും ഒരേ പോലെ തിളങ്ങാൻ കഴിഞ്ഞ നടി. കരിയർ തുടങ്ങുന്നത് തമിഴിലാണെങ്കിലും പിന്നീട് മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാൻ തുടങ്ങി. തമിഴിൽ കമൽ ഹാസൻ ഉൾപ്പെടെയുള്ള നായകൻമാർക്കാെപ്പം അഭിനയിച്ച നടിയാണ് ഉർവശി.
എന്നാൽ രജിനികാന്തിനൊപ്പം ഒരു സിനിമയും ചെയ്തിട്ടില്ല. ഇതേക്കുറിച്ച് സംസാരിക്കുകയാണിപ്പോൾ നടി. മുമ്പ് രജിനികാന്തിന്റെ നായികയായി അവസരങ്ങൾ വന്നെങ്കിലു ചെയ്യാനായില്ലെന്ന് ഉർവശി പറയുന്നു. കെെരളി ടിവിയോടാണ് പ്രതികരണം. രജിനികാന്തിനൊപ്പം ഞാൻ സിനിമ ചെയ്യണമെന്ന് ഒരുപാട് പേർ ആഗ്രഹിച്ചിട്ടുണ്ട്. കമൽ സാറിന്റെ കൂടെ അഭിനയിച്ചല്ലോ ഇനി എപ്പോഴാ രജിനി സാറിന്റെ കൂടെയെന്ന് ഒത്തിരി പേർ ചോദിച്ചിരുന്നു.
രജിനി സാറിന്റെ കൂടെ സിനിമകൾ വന്നെങ്കിലും ചെയ്യാൻ പറ്റാതെ പോയതാണ്. സോങ്സും ഗ്ലാമറസ് സംഗതികളും ഉണ്ടാവുമെന്നുള്ളത് കൊണ്ട് പലപ്പോഴും ഒഴിവാക്കേണ്ടി വന്നതാണ്. തുടക്ക കാലത്ത് അദ്ദേഹത്തിന്റെ മകളായി അഭിനയിക്കാൻ അവസരം വന്നിരുന്നു. നല്ലവന്ക്ക് നല്ലവൻ എന്നായിരുന്നു സിനിമയുടെ പേര്. മകളായി അഭിനയിച്ചാൽ പിന്നീട് അദ്ദേഹത്തിന്റെ നായികയാകാൻ പറ്റില്ലെന്ന് എല്ലാവരും പറഞ്ഞു. പിന്നെ പല പടങ്ങളും മാറിപ്പോകുകയായിരുന്നെന്നും അപ്പോഴേക്കും താൻ മലയാളത്തിലേക്ക് ശ്രദ്ധ കൊടുത്തെന്നും ഉർവശി വ്യക്തമാക്കി.

അഭിമുഖത്തിൽ തന്റെ ജീവിതത്തെക്കുറിച്ചും ഉർവശി മനസ് തുറക്കുന്നുണ്ട്. ഇനിയൊരു ജന്മം ലഭിച്ചാൽ ആരാകണമെന്ന ചോദ്യത്തിന് നടി മറുപടി നൽകി. എന്റെ കുടുംബം എന്നോടൊപ്പം ഉണ്ടാകണമെന്ന് മാത്രം ആഗ്രഹിക്കുന്നു. മറ്റുള്ളതെല്ലാം എങ്ങനെയായാലും കുഴപ്പമില്ല. ഒരു കലാകാരിയാകാൻ ആയിരത്തിൽ ഒരു ജന്മത്തിലേ സാധിക്കൂ എന്നാണ്. നമ്മൾ സ്വയം പരിചയപ്പെടുത്താതെ നമ്മളെ ഇങ്ങോട്ട് വന്ന് ആളുകൾ പരിചയപ്പെടുന്ന ജന്മം കിട്ടുക വലിയ പ്രയാസമാണ്. കലാകാരിയായി ജനിച്ചതിൽ വലിയ സന്തോഷമേയുള്ളൂയെന്ന് ഉർവശി പറയുന്നു.
സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ വളരെ മൗനിയായ കുട്ടിയായിരുന്നു. ഇങ്ങനത്തെ ഞാനേ ആയിരുന്നില്ല. സിനിമയാണെന്നെ സംസാരിക്കുന്നയാളാക്കി മാറ്റിയത്. എല്ലാ ടീച്ചേർസിനും ഇഷ്ടമുള്ള ഏറ്റവും നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു ഞാൻ. പഠിത്തത്തിൽ കവിഞ്ഞ് വേറെ യാതൊരു താൽപര്യവും ഇല്ലായിരുന്നു. ഒരു മത്സരത്തിലും ചേരാൻ താൽപര്യമില്ല. പഠിക്കാൻ മാത്രമേ അറിയുമായിരുന്നുള്ളൂ. ഒരുപാട് കുട്ടികളുടെ കൂടെ കളിക്കുക പോലുമില്ലായിരുന്നു. ഇന്നത്തെ എന്നെ സമ്മാനിച്ചത് സിനിമയാണ്.
കൽപ്പന വികൃതിയായിരുന്നു. അച്ഛന്റെ കയ്യിൽ നിന്ന് ദിവസവും അടി കിട്ടും. മൂന്ന് നേരവും ഗുളിക കഴിക്കുന്നത് പോലെ ചിലപ്പോൾ അടി കിട്ടും. കല ചേച്ചി ചെയ്യുന്നത് ആരും കാണില്ല. ചെറുതായി നുള്ളുമ്പോൾ നമ്മൾ അടിക്കുന്നതേ കാണൂയെന്നും ഉർവശി തമാശയോടെ പറയുന്നു. നടിയുടെ മകൾ തേജാലക്ഷ്മി അഭിനയ രംഗത്തേക്ക് കടന്ന് വരാനുള്ള ഒരുക്കത്തിലാണ്. ഇതേക്കുറിച്ചും ഉർവശി സംസാരിച്ചു.
പഠിത്തം പൂർത്തിയാക്കി ജോലിയൊക്കെ ആയിട്ട് മതി സിനിമയിലേക്കെന്ന് പറഞ്ഞതാണ്. അവളത് പാലിച്ചു. നല്ല മാർക്കോടെ ജയിച്ചു. കോഴ്സ് പാസായി. അവളുടെ സമ്പാദ്യം അവൾ ചെലവാക്കി. എന്താണ് ആന്റീ, ആന്റി ഒമ്പതാം ക്ലാസിൽ സിനിമയിൽ വന്നു, തേജ ജോലിയും ചെയ്തില്ലേ. ഒരു വർഷം അവൾ ട്രെെ ചെയ്ത് നോക്കട്ടെയെന്ന് ഫ്രണ്ട്സെല്ലാം പറഞ്ഞു. അങ്ങനെയാണ് താൻ സമ്മതിക്കുന്നതെന്നും ഉർവശി വ്യക്തമാക്കി.
അന്തരിച്ച നടി കെപിഎസി ലളിതയുമായുണ്ടായിരുന്ന ആത്മബന്ധത്തെക്കുറിച്ചും ഉർവശി സംസാരിച്ചു. അമ്മയും അച്ഛനുമായി വലിയ അടുപ്പമുള്ളയാളായിരുന്നു. എല്ലാ സെറ്റിലും എന്റെ രക്ഷകർത്താവായിരുന്നു. ഇവിടെ വന്ന് ഇരിക്കെന്ന് പറയും. സമപ്രായക്കാരായ ആരുടെ കൂടെ ഇരിക്കാനും സമ്മതിക്കില്ല. കൽപ്പന ചേച്ചിയോട് അങ്ങനെയായിരുന്നില്ല. എന്നെ ആദ്യം തൊട്ടിലിൽ നിന്നെടുക്കുന്നത് ലളിത ചേച്ചിയാണ്. ആ സ്നേഹം തന്നോടുണ്ടായിരുന്നെന്നും ഉർവശി ഓർത്തു.
ഉർവശിയുടെ കരിയറിൽ ഇന്നും എടുത്ത് പറയുന്ന സിനിമ തലയണമന്ത്രം ആണ്. ഈ സിനിമയെക്കുറിച്ചും നടി സംസാരിച്ചു. 20 വയസിലാണ് ആ സിനിമയിൽ അഭിനയിക്കുന്നത്. ഡയരക്ടറുടെ വിശ്വാസമാണത്. ആ ഡയരക്ടറുടെ (സത്യൻ അന്തിക്കാട്) സിനിമയിലേക്ക് പോയാൽ എന്നെ എനിക്കറിയാവുന്നതിൽ കൂടുതൽ അവർക്കറിയാമെന്നും ഉർവശി പറയുന്നു.


Click it and Unblock the Notifications











