twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐവി ശശിയുടെ സംഗീതാഭിരുചിയും പിടിവാശിയും

    By എസ് രാജേന്ദ്രബാബു
    |

    ചലച്ചിത്ര സംവിധാനത്തിലും കലാസംവിധാനത്തിലും ഛായാഗ്രഹണത്തിലും എഡിറ്റിംഗിലും സമര്‍ത്ഥനായിരുന്ന ഐവി ശശിയുടെ സംഗീതാഭിരുചിയെക്കുറിച്ചുള്ള നിരീക്ഷണം വ്യത്യസ്തവും കൗതുകകരവുമായിരിക്കും. ഒരു മൂളിപ്പാട്ടു പോലും പാടാത്ത അദ്ദേഹം അപൂര്‍വങ്ങളായ ഷോട്ടുകള്‍ കൊണ്ട് അതീവഹൃദ്യങ്ങളായാണ് തന്റെ സിനിമയിലെ ഗാനചിത്രീകരണങ്ങള്‍ നിര്‍വഹിച്ചിട്ടുള്ളത്.

    സംഗീത സംവിധായകന്‍ ചിട്ടപ്പെടുത്തുന്ന ഈണങ്ങളില്‍ നിന്ന് ഏറെ അനുയോജ്യമായത് തെരഞ്ഞെടുക്കുമ്പോള്‍ അതായിരുന്നു ഏറ്റവും ശരിയെന്ന് സഹപ്രവര്‍ത്തകര്‍ പോലും പിന്നീട് ആശ്ചര്യപ്പെട്ടിട്ടുണ്ട്. ശശിയുടെ ചിത്രങ്ങളിലെ പ്രശസ്തങ്ങളായ ഗാനങ്ങള്‍ തന്നെയാണ് അതിന്റെ പ്രധാന തെളിവ്. ഇഷ്ടപ്പെട്ട ഈണങ്ങള്‍ സ്വീകരിക്കാന്‍ കാട്ടുന്ന പിടിവാശിക്ക് അവയുടെ മൗലികതയേച്ചൊല്ലിയുള്ള വിവാദങ്ങള്‍ അദ്ദേഹത്തിന് യാതൊരുവിധ പ്രതിസന്ധിയും സൃഷ്ടിച്ചിരുന്നില്ല. ഈ പ്രത്യേകത അദ്ദേഹത്തിന്റെ ആദ്യ ചിത്രത്തില്‍ നിന്നു തന്നെ തുടങ്ങുന്നു. 'ആദ്യസമാഗമ ലജ്ജയിലാതിരാ...' (ഉത്സവം), 'തുഷാരബിന്ദുക്കളേ... (ആലിംഗനം)', 'രാഗേന്ദു കിരണങ്ങള്‍..., ഉണ്ണി ആരാരിരോ... (അവളുടെ രാവുകള്‍)' എന്നിങ്ങനെ ഉദാഹരണങ്ങള്‍ എത്രവേണമെങ്കിലും നിരത്താനുണ്ട്.

     ഐവി ശശിയെക്കൊണ്ട് സംവിധാനം നിര്‍വഹിപ്പിച്ചു

    മുകളിലെ ചിത്രം- (അഭിനന്ദനം എന്ന ചിത്രത്തിന്റെ റെക്കോഡിംഗിനു ശേഷം എടുത്ത ചിത്രം. കണ്ണൂര്‍ രാജന്‍, യേശുദാസ്, ലതിക, ബഹദൂര്‍, നിര്‍മ്മാതാവ് രഘുനാഥ് തുടങ്ങിയവര്‍)

    മദിരാശി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ക്രിസ്റ്റ്യന്‍ ആര്‍ട്ട്‌സ് ആന്റ് കമ്യൂണിക്കേഷന്‍ സര്‍വീസസ് എന്ന സ്ഥാപനം നിര്‍മ്മിച്ച ചിത്രമാണ് 'കാറ്റു വിതച്ചവന്‍'. സ്ഥാപനത്തിന്റെ നിയമാവലി അനുസരിച്ച് ചിത്രത്തിന്റെ സംവിധാനം മേലധികാരിയെയല്ലാതെ മറ്റാരെയും ഏല്‍പിക്കാന്‍ കഴിയുമായിരുന്നില്ല. മേലധികാരിക്ക് ചലച്ചിത്ര രംഗവുമായി തീരെ പരിചയം ഇല്ലാതിരുന്നതിനാല്‍ തന്റെ പേരില്‍ ഐവി ശശിയെക്കൊണ്ട് സംവിധാനം നിര്‍വഹിപ്പിച്ചു. ശശി അന്ന് സ്വതന്ത്ര സംവിധായകനായിരുന്നില്ല. ചിത്രം വന്‍വിജയമായി. അതോടെ അടുത്ത ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കഥയും തിരക്കഥയും ഗാനങ്ങളും തയാര്‍. ചിത്രത്തിന് 'കായല്‍' എന്നു പേരിട്ടു. ഇനി ചിത്രീകരണം തുടങ്ങുകയേ വേണ്ടൂ. അപ്രതീക്ഷിതമായി മേലിടത്തില്‍ നിന്ന് വെള്ളിടി പോലെ ഒരറിയിപ്പ് വന്നു. ചലച്ചിത്ര നിര്‍മ്മാണം നിറുത്തിവയ്ക്കുക! എല്ലാവരും നിരാശരായി. ഗത്യന്തരമില്ലാതെ തിരക്കഥയും ഗാനങ്ങളും ഐവി ശശിക്കു നല്‍കി. അങ്ങനെ ഐവി ശശിയുടെ ആദ്യചിത്രം സ്വന്തം പേരില്‍ പുറത്തു വന്നു - 'ഉത്സവം.' 'കാറ്റു വിതച്ചവ'ന്റെ സംഗീത സംവിധായകരായ പീറ്റര്‍ - റൂബന്‍ തന്നെയായിരുന്നു 'കായലി'ന്റെ ഗാനങ്ങളും ചിട്ടപ്പെടുത്തിയത്. പ്രോജക്ട് മുഴുവനായും ഐവി ശശിക്കു കൈമാറിയതോടെ പുതിയ നിര്‍മ്മാതാവിന്റെ താത്പര്യപ്രകാരം സംഗീത സംവിധായകനായി അവരോധിക്കപ്പെട്ടത് എടി ഉമ്മര്‍ ആണ്. എന്നാല്‍ പീറ്റര്‍ - റൂബന്‍ ചിട്ടപ്പെടുത്തി വച്ച ഗാനങ്ങള്‍ കൈവിടാന്‍ ശശി ഒരുക്കമായിരുന്നില്ല. അവ അദ്ദേഹം അത്രത്തോളം ഇഷ്ടപ്പെടുകയും അതിന്റെ ചിത്രീകരണത്തിന്റെ വിശദാംശങ്ങളും ഷോട്ടുകളും പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. അങ്ങനെ ആദ്യചിത്രമായ 'ഉത്സവ'ത്തില്‍ പീറ്റര്‍ - റൂബന്‍ ചിട്ടപ്പെടുത്തിയ ഗാനങ്ങള്‍ എടി ഉമ്മറിന്റെ പേരില്‍ പുറത്തു വന്നു.

     ഇഷ്ടപ്പെട്ട ഗാനം

    കൊച്ചിന്‍ സംഘമിത്ര എന്ന നാടകസംഘത്തിനു വേണ്ടി ബിച്ചു തിരുമല രചിച്ച 'ദണ്ഡകാരണ്യം' എന്ന നാടകത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയത് കണ്ണൂര്‍ രാജന്‍ ആയിരുന്നു. അതില്‍ ലതിക പാടിയ ഒരു ഗാനം ശശി കേള്‍ക്കാനിടയായി. ഗാനം വളരെ ഇഷ്‌പ്പെട്ടതിനാല്‍ തന്റെ അടുത്ത ചിത്രത്തില്‍ ആ ഗാനം ഉള്‍പ്പെടുത്താന്‍ അദ്ദേഹം ആഗ്രഹിച്ചു. സംഗീത സംവിധായകനായി കണ്ണൂര്‍ രാജനെയും നിശ്ചയിച്ചു. ലതികയെ ആ ഗാനത്തിലൂടെ പിന്നണിഗാന രംഗത്ത് പരിചയപ്പെടുത്താനും ഉറപ്പിച്ചു. എന്നാല്‍ എടി ഉമ്മറിനു പകരം കണ്ണൂര്‍ രാജനെ സംഗീത സംവിധായകനാക്കാന്‍ നിര്‍മ്മാതാവ് തയാറായില്ല. ഇഷ്ടപ്പെട്ട ഗാനം ഉപേക്ഷിക്കാന്‍ ശശിയും തയാറല്ല. ഒടുവില്‍ ശശിയുടെ അഭ്യര്‍ത്ഥന മാനിച്ച്് കണ്ണൂര്‍ രാജന്‍ തന്റെ ഗാനം വിട്ടുകൊടുത്തു. അങ്ങനെ ആ ഗാനം ഉമ്മറിന്റെ പേരില്‍ 'ആലിംഗനം' എന്ന ചിത്രത്തിലൂടെ എസ് ജാനകിയുടെ ശബ്ദത്തില്‍ പുറത്തു വന്നു - 'തുഷാരബിന്ദുക്കളേ...' ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് എടി ഉമ്മറിനും മികച്ച പിന്നണിഗായികയ്ക്കുള്ള അവാര്‍ഡ് എസ് ജാനകിക്കും ലഭിച്ചു. ചിത്രം 'ആലിംഗനം'. കണ്ണൂര്‍ രാജന് പ്രത്യുപകാരമായി ഐവി ശശി 'അഭിനന്ദനം' എന്ന അടുത്ത ചിത്രം നല്‍കി. അതിലെ 'പുഷ്പതല്‍പത്തില്‍ നീ വീണുറങ്ങി' എന്ന ഗാനത്തിലൂടെ ലതികയെ പിന്നണിഗായികയായി പരിചയപ്പെടുത്തുകയും ചെയ്തു.

    അവളുടെ രാവുകള്‍

    മലയാളത്തില്‍ യുവമാനസങ്ങളുടെ തരളിത വികാരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയ ആദ്യചിത്രം ഐവി ശശിയുടെ 'അവളുടെ രാവുകള്‍' ആണെന്നു പറയാം. അതിന്റെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ ശശി തികച്ചും അസംതൃപ്തനായിരുന്നു. താന്‍ വിഭാവനം ചെയ്യുന്ന രംഗങ്ങള്‍ക്ക് തീരെ യോജിക്കുന്നവയായിരുന്നില്ല ഗാനങ്ങളൊന്നും തന്നെ. 'സ്വാമി' എന്ന ഹിന്ദി ചിത്രത്തിലെ രണ്ടു ഗാനങ്ങളുടെ ഈണം ശശിയെ വല്ലാതെ സ്വാധീനിച്ചിരുന്നു. തന്റെ രംഗങ്ങള്‍ക്ക് അവ അനുയോജ്യമാണെന്നു തോന്നിയപ്പോള്‍ അതിന്റെ മൗലികതെയക്കുറിച്ചോ ഔചിത്യത്തെക്കുറിച്ചോ ചിന്തിക്കാതെ അദ്ദേഹം ആ ഗാനങ്ങളുടെ ഈണം പൂര്‍ണമായി കടംകൊണ്ടു. അങ്ങനെ 'അവളുടെ രാവുകള്‍'ക്കു വേണ്ടി 'രാഗേന്ദു കിരണങ്ങള്‍ ഒളിവീശിയില്ല...', 'ഉണ്ണി ആരാരിരോ...' എന്നീ ഗാനങ്ങള്‍ പിറവിയെടുത്തു. എടി ഉമ്മറിനു വേണ്ടി പ്രഗത്ഭ സംഗീത കലാകാരനായ ഗുണസിംഗ് ആണ് അവ സമര്‍ത്ഥമായി സന്നിവേശിപ്പിച്ചത്. വര്‍ഷങ്ങളോളം ആ ഗാനങ്ങള്‍ മലയാളിമനസ്സിലാകെ ആഞ്ഞു വീശി. ഈണം കടംകൊണ്ടതാണെങ്കിലും ആ ഗാനങ്ങളുടെ ചിത്രീകരണത്തിന്റെ മനോഹാരിതയും വശ്യതയും ശശിയുടെ തീരുമാനത്തെ ശരിവയ്ക്കുന്നതായിരുന്നു.

    ഐവി ശശി എന്ന സംവിധാന പ്രതിഭ

    മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രീകരിച്ച ഏഴാം കടലിന്നക്കരെ എന്ന ചിത്രത്തിനായി ദേവരാജന്‍ മാസ്റ്റര്‍ റെക്കോഡ് ചെയ്ത ഗാനങ്ങള്‍ ഉപേക്ഷിച്ച് എംഎസ് വിശ്വനാഥനെക്കൊണ്ട് പുതിയ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിയതും ശശിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാഹരണമാണ്. അയല്‍ക്കാരി (ഇലഞ്ഞിപ്പൂമണമൊഴുകി വരുന്നു...), 'മീന്‍' (സംഗീതമേ നിന്‍ പൂഞ്ചിറകില്‍..., ഉല്ലാസപ്പൂത്തിരികള്‍ കണ്ണിലണിഞ്ഞവളേ...), 'ഈറ്റ' (മലയാറ്റൂര്‍ മലഞ്ചരുവിലെ പൊന്മാനേ..., മുറിക്കിച്ചുവന്നതോ മാനം..., തുള്ളിക്കൊരുകുടം പേമാരി...), 'ഇതാ ഇവിടെ വരെ' (വെണ്ണയോ വെണ്ണിലാവുറഞ്ഞതോ..., ഇതാ ഇതാ ഇവിടെവരെ...) തുടങ്ങിയ ചിത്രങ്ങളിലൂടെ മികച്ച ഗാനങ്ങള്‍ സംഭാവന ചെയ്ത ദേവരാജന്‍ മാസ്റ്ററുമായി വഴിപിരിയാന്‍ ഇടയാക്കിയതായിരുന്നു ആ തീരുമാനമെങ്കിലും തൊഴിലിനോടുള്ള തന്റെ പ്രതിബദ്ധതയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ തയാറല്ലാത്ത കലാകാരനെയാണ് ഐവി ശശി എന്ന സംവിധാന പ്രതിഭയിലൂടെ കാണാനാവുക.

    English summary
    S Rajendra Babu about I V Sasi
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X