താനൊരു പ്രത്യേക നായകന്റെയും നടിയല്ലെന്ന് തന്റേടത്തോടെ ഉർവശി പറയാറുണ്ട്! അത്ഭുതപ്പെടുത്തിയെന്ന് ശാരദക്കുട്ടി
ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പേരിന് ഏറ്റവും അര്‍ഹയായിട്ടുള്ള നടിയാണ് ഉര്‍വശി. ചെറിയ പ്രായത്തിലെ നായികയായി അഭിനയിച്ച് തുടങ്ങിയ നടി ഇപ്പോഴും സജീവ സാന്നിധ്യമാണ്. മലയാളത്തിന് പുറമേ മറ്റ് ഭാഷചിത്രങ്ങളിലുമൊക്കെ ഉര്‍വശിയുടെ ശക്തമായ കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ കണ്ട് കഴിഞ്ഞു.
ഇപ്പോഴും ഏത് വേഷവും അനായാസം കൈകാര്യം ചെയ്യുന്ന ഉര്‍വശിയെ കുറിച്ച് എസ്. ശാരദക്കുട്ടി എഴുതിയ കുറിപ്പ് വൈറലാവുകയാണ്. ഉര്‍വശി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ജെ ബേബി എന്ന സിനിമ കണ്ടതിനെ പറ്റിയും അതിലെ കഥാപാത്രത്തെ കുറിച്ചുമാണ് ടീച്ചര്‍ പറയുന്നത്. വിശദമായി വായിക്കാം...

'ഇന്നലെയാണ് എവര്‍ഗ്രീന്‍ ഉര്‍വ്വശി മുഖ്യകഥാപാത്രമായി വരുന്ന ജെ ബേബി എന്ന തമിഴ് സിനിമ പ്രൈം വീഡിയോയില്‍ കണ്ടത്. കാണാത്തവര്‍ കാണുക എന്നല്ലാതെ കൂടുതലായെന്ത് പറയാന്‍. ഉര്‍വശി പല കാലങ്ങളിലായി അഭിനയിച്ച കഥാപാത്രങ്ങളിലാകണം ഓരോ മലയാളി സ്ത്രീയും ഏറ്റവും കൂടുതലായി അവരവരെത്തന്നെ കണ്ടത്.
തലയണമന്ത്രത്തിലെ കാഞ്ചനയും, പൊന്‍മുട്ടയിടുന്ന താറാവിലെ സ്‌നേഹലതയും മഴവില്‍ക്കാവടിയിലെ ആനന്ദവല്ലിയും മിഥുനത്തിലെ സുലോചനയും പലപ്പോഴായി എന്റെ ആന്തരികരഹസ്യങ്ങള്‍ വെളിപ്പെടുത്തുന്നത് കണ്ട് ഞാന്‍ ലജ്ജിക്കുകയും പരിഭ്രമിക്കുകയും ചിരിക്കുകയും ചെയ്തിട്ടുണ്ട്. തീയേറ്ററിലെ കൂട്ടച്ചിരികള്‍ എന്റെ കള്ളത്തരങ്ങള്‍ പിടിക്കപ്പെട്ടതിന്റെ പ്രതികരണങ്ങളായി തോന്നിയിട്ടുണ്ട്.
വിശ്വാസങ്ങളെയും വിരുദ്ധതകളെയും നേരിടാന്‍ കരുത്തുള്ള എത്രയെത്ര കഥാപാത്രങ്ങളിലൂടെ മാറി മാറി സഞ്ചരിച്ച ഈ അഭിനേത്രി ഇന്‍ഡ്യന്‍ സിനിമയിലെ മറ്റേത് അഭിനേതാവിനും മേലെയാണെന്ന് അവര്‍ക്കൊപ്പം അഭിനയിച്ച കമല്‍ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ പലപ്പോഴായി പറയുന്നത് കേട്ടിട്ടുണ്ട്.
എന്നാല്‍ താന്‍ ഒരു പ്രത്യേക നായകന്റെയും നടിയല്ല എന്ന് തന്റേടത്തോടെ പറയാറുണ്ട് ഉര്‍വ്വശി. കുസൃതിയോടെയുള്ള ഒരു ചെറിയ തലയാട്ടലും കണ്ണിറുക്കലും പോലും അര്‍ഥഗംഭീരമാക്കിക്കളയും അവര്‍. ഭരതം, സ്ഫടികം തുടങ്ങിയ നായക കേന്ദ്രിത ചിത്രങ്ങളെ പോലും സൂക്ഷ്മമായ ഭാവവിന്യാസങ്ങളിലൂടെ അവര്‍ തന്റേതാക്കി മാറ്റി. ശരാശരി ചിത്രങ്ങളെ പോലും ഉര്‍വ്വശിയുടെ മികച്ച പ്രകടനം കമ്പോളത്തില്‍ രക്ഷപ്പെടുത്തി. ഒപ്പം പറയാവുന്ന മറ്റൊരാളുണ്ടെങ്കില്‍ അത് കെ.പി.എ.സി ലളിത മാത്രമായിരിക്കും.
കഴകത്തിലെയും നാരായത്തിലെയും വേഷങ്ങള്‍ എത്ര സൂക്ഷ്മഗൗരവത്തിലാണവര്‍ കൈകാര്യം ചെയ്തത്!' ഇവര്‍ വെള്ളിത്തിരയില്‍ വന്നപ്പോഴൊക്കെ മറ്റുള്ളവരേക്കാള്‍ കൂടുതല്‍ അടയാളപ്പെടുത്തി. ഇവരുടെ വര്‍ധിച്ച വോള്‍ട്ടളവില്‍ മറ്റു കഥാപാത്രങ്ങളെയോ സംവിധായകരെയോ പോലും ചിലപ്പോള്‍ നാം കാണാതെ പോയി.

വെള്ളിത്തിരയില്‍ അവര്‍ ഒരു നിമിഷം പോലും വിരസത പകര്‍ന്നില്ല. മറ്റാര് ചുറ്റിനും നിന്നഭിനയിക്കുമ്പോഴും ഉര്‍വ്വശി എന്തു ചെയ്യുന്നു എന്ന് ഞാന്‍ നോക്കിയിരിക്കും. അവരവിടെ തന്റെ നില്‍പ് സാര്‍ഥകമാക്കുന്നുണ്ടാകും. അതിനൊരു ചന്തമുണ്ടാകും.
തനിക്കൊപ്പം തിളങ്ങി നിന്ന താരശരീരങ്ങളേക്കാള്‍ താരതമ്യേന ചെറുപ്പമായ 54-ാം വയസ്സിലാണ്, അതേക്കാള്‍ വളരെ പ്രായമുള്ള ജെ ബേബിയെ ഉര്‍വ്വശി അവതരിപ്പിക്കുന്നത്. മുഖപേശികള്‍ക്കോ ഉടലിലോ പ്ലാസ്റ്റിക് സര്‍ജറി ചെയ്യാത്തതിനാലാകും എന്തൊരു വഴക്കമാണ് ഭാവങ്ങള്‍ക്കും ചലനങ്ങള്‍ക്കും.
അമിതമാകുന്നില്ല ഒരു ചലനവും. കൈവീശിയുള്ള ചടുലമായ നടപ്പിലും കണ്ണിലും മിന്നി മറിയുകയാണ് പഴയ കുസൃതി. ദൈന്യവും ക്രോധവും നിസ്സഹായതയും ഒരേ പോലെ Subtle ആയി അവര്‍ അവതരിപ്പിക്കുന്നതു കണ്ടപ്പോള്‍ ഒരു പാടു സ്ത്രീകള്‍ ഒരുമിച്ച് പാര്‍ക്കുന്ന ഇതുപോലൊരു ശരീരം വേറെ ഉണ്ടോ എന്ന് ഞാനാലോചിച്ചു പോയി.
ജെ ബേബി ഒരു യഥാര്‍ഥ കഥയുടെ ചലച്ചിത്രാവിഷ്‌കാരമാണ്. കണ്ണു നിറയുമ്പോള്‍ തന്നെ ജെ ബേബി ചിരിപ്പിച്ചു. കാണാത്തവര്‍ കാണുക. ഉര്‍വശി ദേശീയ തലത്തില്‍ അംഗീകരിക്കപ്പെടുന്ന ഒരു ദിവസത്തിനായി എത്ര നാള്‍ കാത്തിരിക്കേണ്ടി വരും? ഈയിടെ അപ്പാത്ത കണ്ടപ്പോഴും ഉര്‍വ്വശിയുടെ ഭാവപ്പകര്‍ച്ചകള്‍ അത്ഭുതപ്പെടുത്തി. തീര്‍ച്ചയായും ഉര്‍വ്വശി ഇന്‍ഡ്യന്‍ ചലച്ചിത്രലോകത്തിലെ തന്നെ അപൂര്‍വ്വതയാണ്.
എസ്. ശാരദക്കുട്ടി'....


Click it and Unblock the Notifications











