തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു, പാവാടയിൽ മുറുക്കി തുപ്പി! തിയേറ്ററിലുണ്ടായ അനുഭവം; എസ് ശാരദക്കുട്ടി

സിനിമയ്ക്ക് അകത്തും പുറത്തുമൊക്കെ നടക്കുന്ന ചൂഷണങ്ങള്‍ വലിയ ചര്‍ച്ചയാവാറുണ്ട്. എന്നാല്‍ തിയേറ്ററിനകത്ത് നിന്നും സ്ത്രീകള്‍ക്ക് നേരിടേണ്ടി വന്നിരുന്ന ദുരനുഭവങ്ങള്‍ നിരവധിയാണ്. ഇപ്പോള്‍ എല്ലാ തിയേറ്ററുകളും സിസിടിവികള്‍ വന്നതോടെയാണ് ഇത്തരം പ്രശ്‌നങ്ങള്‍ അവസാനിച്ചത്. എന്നാല്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കൃത്യം നാല്‍പത്തിമൂന്ന് വര്‍ഷം മുന്‍പ് സിനിമാ കാണാന്‍ പോയപ്പോഴുണ്ടായ ദുരനുഭവത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരിയായ എസ് ശാരദക്കുട്ടി.

ഭരതന്‍ സംവിധാനം ചെയ്ത് രേവതിയും ഭരത് ഗോപിയുമൊക്കെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കാറ്റത്തെ കിളിക്കൂട് എന്ന സിനിമ കാണാന്‍ പോയതിനെ പറ്റിയായിരുന്നു ടീച്ചര്‍ സംസാരിച്ചത്. 43 വര്‍ഷം മുന്‍പ് കണ്ട സിനിമയാണെങ്കിലും അതിനെ കുറിച്ച് പറയാനുള്ള ഓര്‍മ്മ തിയേറ്ററില്‍ നിന്നും പുരുഷന്മാര്‍ ചേര്‍ന്ന് ഉപദ്രവിക്കാന്‍ നോക്കിയതാണെന്നാണ് ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട എഴുത്തിലൂടെ ടീച്ചര്‍ സൂചിപ്പിക്കുന്നത്.

sharadakutty

'കാറ്റത്തെ കിളിക്കൂട് സിനിമയുടെ നാല്‍പത്തിമൂന്നാം വര്‍ഷമാണിത്. ഈ വര്‍ഷത്തില്‍ ഇന്നും മറക്കാന്‍ കഴിയാത്ത എന്റെ ഒരു തീയേറ്ററനുഭവം പങ്കുവെക്കട്ടെ.

അന്ന് സിനിമാ തീയേറ്ററുകളില്‍ സി സി ടി വി ഇല്ലാത്ത കാലം. ഞങ്ങള്‍ 5 പെണ്‍കുട്ടികള്‍ കോളേജില്‍ നിന്ന് കാറ്റത്തെ കിളിക്കൂട് കാണുവാന്‍ കോട്ടയത്തെ ആനന്ദ് തീയേറ്ററില്‍ മാറ്റിനിക്ക് കയറി. അന്ന് ഏതു സിനിമയും റിലീസ് ചെയ്താലുടന്‍ കാണുക പതിവായിരുന്നു.

ഭരതന്റെ സിനിമയല്ലേ, നല്ല തിരക്കാണ്. 5 സീറ്റ് അടുപ്പിച്ചു കിട്ടിയത് ഭാഗ്യമായി. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് ചെറിയ തോണ്ടലുകള്‍ കുത്തലുകള്‍ ഒക്കെ പിന്നില്‍ നിന്ന് കിട്ടാന്‍ തുടങ്ങി. അന്നൊക്കെ സിനിമയ്ക്ക് പോകുമ്പോള്‍ തത്കാലാശ്വാസത്തിനായി സേഫ്റ്റി പിന്‍, ബ്ലേഡ് ഇതൊക്കെ മിക്കപെണ്‍കുട്ടികളും കയ്യില്‍ കരുതും. തിരിച്ച് ചെറിയ തോതിലുള്ള പ്രതിരോധ ശ്രമങ്ങള്‍ നടത്തിയെങ്കിലും പിന്നില്‍ ഒറ്റ ടീമായി വന്നിരിക്കുന്ന അവന്മാര്‍ക്ക് യാതൊരു അടക്കവുമില്ല.

സിനിമയില്‍ രേവതി മോഹന്‍ലാലിനോടും ശ്രീവിദ്യയോടുമുള്ള വാശി തീര്‍ക്കാന്‍ ഗോപിയെ പ്രലോഭിപ്പിക്കുന്ന രംഗമായി. സിനിമയിലേക്കാള്‍ സംഘര്‍ഷം ഞങ്ങള്‍ക്ക്. സിനിമ ശ്രദ്ധിക്കാനേ കഴിയുന്നില്ല. ഞങ്ങളുടെ പിന്നിലൂടെയും, വശങ്ങളിലൂടെയും കൈകള്‍ നീണ്ടു നീണ്ട് വരുന്നു. ദേഹത്താകെ പരതുന്നു. ഉടന്‍ തന്നെ മാനേജറുടെ ഓഫീസില്‍ ചെന്ന് പ്രശ്‌നം അവതരിപ്പിച്ചു. അവര്‍ വന്ന് ശല്യകാരികളെ ഒന്നു താക്കീതു ചെയ്തു. ഇറക്കി വിട്ടൊന്നുമില്ല.

ഞങ്ങള്‍ സിനിമ കാണാന്‍ ശ്രമിച്ചെങ്കിലും ശ്രദ്ധ കിട്ടുന്നില്ല. ഒരു മനസ്സമാധാനവുമില്ല. തീയേറ്റര്‍ വിട്ട് ഇറങ്ങിപ്പോയതുമില്ല. തിരിഞ്ഞു രണ്ടടി കൊടുക്കാമായിരുന്നു എന്നൊക്കെ ഇന്ന് തോന്നുന്നുണ്ട്. അന്നൊന്നും ചെയ്തില്ല.

അതെന്താന്നു ചോദിച്ചാല്‍ അറിയില്ല. അന്നത്തെ കാലത്ത് ചില ഭയങ്ങള്‍ അങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്നേ ഉത്തരമുള്ളു. ആള്‍ക്കൂട്ടത്തിന്റെ കൂടെ ഒരുമിച്ച് പുറത്തിറങ്ങിയാല്‍ മതിയെന്ന് തമ്മില്‍ത്തമ്മില്‍ വിറയ്ക്കുന്ന കൈകള്‍ കൂട്ടിപ്പിടിച്ചു ഞങ്ങള്‍ തീരുമാനിച്ചു.

sharadakutty

ഞങ്ങളാണ് തെറ്റുകാരികളെന്ന് സ്വയം കുറ്റപ്പെടുത്തി. എങ്ങനെയോ രണ്ടര മണിക്കൂര്‍ തള്ളി നീക്കി. സിനിമ തീര്‍ന്നപ്പോഴും ഭയം കുറ്റവാളികള്‍ക്കല്ല, ഞങ്ങള്‍ക്കാണ്, അവന്മാരെ വെളിച്ചത്ത് തിരിച്ചറിയാമല്ലോ എന്നല്ല, അവന്മാര്‍ ഇരുട്ടത്ത് ഞങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ടോ എന്നാണ് വേവലാതി. ഞങ്ങളുടെ ഭയം അങ്ങനെയാണ് പഠിപ്പിച്ചിരുന്നത്.

തീയേറ്ററില്‍ നിന്ന് വേഗമിറങ്ങി തിരക്കിലൂടെ ഓടുകയാണ്. പരസ്പരം ചേര്‍ത്തു പിടിച്ചിട്ടുണ്ട്. ആരോ പിന്നാലെ വരുന്നതു പോലെ ഒരുള്‍ഭയം. വീട്ടിലേക്കുള്ള ആളൊഴിഞ്ഞ ഇടവഴിയില്‍ ചെന്ന് ശ്വാസം നേരെ വിട്ട് ശ്രദ്ധിച്ചപ്പോഴാണ്, ഞങ്ങളില്‍ ഒരാളുടെ നീളമുള്ള തലമുടി ബ്ലേഡ് കൊണ്ട് പലയിടത്തും മുറിച്ചു കളഞ്ഞിരിക്കുന്നു. ഒരാളുടെ വെളുത്ത പാവാടയില്‍ നിറയെ മുറുക്കിത്തുപ്പിയിരിക്കുന്നു.

ഇന്നും കാറ്റത്തെ കിളിക്കൂട് ടി വി യില്‍ കാണുമ്പോള്‍ ഞങ്ങള്‍ പരസ്പരം ഫോണില്‍ ബന്ധപ്പെടും. ബലവാന്മാരെയും തെമ്മാടികളെയും ഉടലാകെ ലിംഗവുമായി നടക്കുന്നവരെയും ഭയന്ന് ഭയന്ന് നിശ്ശബ്ദമായിപ്പോയ പെണ്‍കുട്ടിക്കാലത്തിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മയാണ് ഇന്നും ആ ചിത്രം. ശരീരത്തിന്മേലുള്ള കടന്നു കയറ്റത്തിന്റെ ഭയങ്ങള്‍ ജീവിതാവസാനം വരെ പിന്തുടരും. കാറ്റത്തെ കിളിക്കൂട് എന്ന പേരു പോലെ തന്നെയാണ് ആ അനുഭവവും.

കണ്ട സിനിമകളിലെ ഡയലോഗും രംഗങ്ങളുമെല്ലാം മന:പാഠമാക്കാറുള്ള എനിക്ക് ഈ ചിത്രത്തെ കുറിച്ച് ഒന്നും പറയാനറിയില്ല. ഇന്നും ടി വിയില്‍ ആ ചിത്രം കാണാനിരുന്നാല്‍, പിന്നില്‍ നിന്നു നീളുന്ന അറപ്പുള്ള കൈകള്‍ ഓര്‍മ്മയിലെത്തും. സകല നിലയും തെറ്റും. അതെ, ഭയന്നു വിറച്ച ആ 'കാറ്റത്തെ കിളിക്കൂടി 'ന് 43 വര്‍ഷം...' എന്നും പറഞ്ഞാണ് എസ് ശാരദക്കുട്ടി എഴുത്ത് അവസാനിപ്പിക്കുന്നത്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X