ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി, അമ്മയെ കുറിച്ച് ശ്രീശാന്ത്
കേരളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളം ആരാധകരുള്ള താരമാണ് ശ്രീശാന്ത്. ക്രിക്കറ്റ് താരം എന്നതിൽ ഉപരി അഭിനേതാവും ഡാൻസറും കൂടിയാണ്. ഹിന്ദി ബിഗ് ബോസ് സീസൺ 12 ൽ എത്തിയതോടെ താരം പ്രേക്ഷകർക്കിടയിൽ കൂടുതൽ ചർച്ചാ വിഷയമാവുകയായിരുന്നു. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് ജീവിതത്തെ കുറിച്ചും സിനിമാ ജീവിതത്തെ കുറിച്ചും പങ്കുവെയ്ക്കുകയാണ് താരം. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ബിഗ് ബോസിൽ വിന്നറായില്ലെങ്കിലും സങ്കടമില്ലയെന്നാണ് ശ്രീശാന്ത് പറയുന്നത്. കാരണം വലിയ അനുഭവമാണ് ലഭിച്ചത്. കൂടാതെ സൽമാൻ ഭായിയുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞെന്നും ശ്രീശാന്ത് പറഞ്ഞു. കപ്പടിക്കാത്തതിൽ വിഷമമില്ലെന്നും ബിഗ് ബോസ് ഹൗസിലെ പ്രശ്നക്കാരനായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. ബിഗ് ബോസ് സീസൺ 12 ലെ റണ്ണറപ്പായിരുന്നു ശ്രീശാന്ത്. നടി ദീപിക കക്കർ ആയിരുന്നു വിജയ്. ഇരുവരും അടുത്ത സുഹൃത്തുക്കളാണ്.
സിനിമയെക്കാളും ക്രിക്കറ്റിനേക്കാളും കൂടുതൽ ഇഷ്ടം ലൈഫാണെന്നും ശ്രീശാന്ത് പറഞ്ഞു. ക്രിക്കറ്റാണോ സിനിമയാണോ ഇഷ്ടം എന്ന ചോദ്യത്തിനായിരുന്നു താരത്തിന്റെ മറുപടി. എനിക്ക് ലൈഫാണ് ഇഷ്ടം. ദിപു ചേട്ടനും മധു ചേട്ടനും ബന്ധുക്കളും സിനിമയിലുണ്ടല്ലോ. അങ്ങനെയാണ് സിനിമയിൽ ഒരു കൈ നോക്കിയത്. രണ്ടു സിനിമ തീർക്കാനുണ്ടെന്നും താരം പറഞ്ഞു.
അമ്മയെ കുറിച്ചും നടൻ അഭിമുഖത്തിൽ വാചാലനായി. ജീവിതത്തിലെ വലിയ പ്രതിസന്ധിയിലൂടെയാണ് അമ്മ ഇപ്പോൾ കടന്നു പോകുന്നതെന്നും ശ്രീശാന്ത് പറയുന്നു. ഇടതുകാൽ മുട്ടിനു താഴെ ശസ്ത്രക്രിയ ചെയ്തു മാറ്റി. ഇപ്പോൾ കൃത്രിമ കാലിൽ നടക്കാനുള്ള പ്രയത്നത്തിലാണ്. ശക്തയായ സ്ത്രീയാണ് അമ്മ. അമ്മയ്ക്കു വേണ്ടിയും എല്ലാവരും പ്രാർഥിക്കണമെന്നും താരം കൂട്ടിച്ചേർത്തു


Click it and Unblock the Notifications











