അവരെന്നെ കുറുക്കനെന്ന് വിളിച്ചു! ബിഗ് ബോസ് തന്ന ഒരുകോടി രൂപ എന്ത് ചെയ്തു? സാബുവിന്റെ മറുപടി ഇങ്ങനെ!
Recommended Video

ലോകത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളത്തിലേക്കെത്തിയപ്പോള്‍ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. നൂറാം ദിനമെന്ന ലക്ഷ്യം പൂര്‍ത്തിയാക്കിയാണ് പരിപാടി അവസാനിച്ചത്. സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളായിരുന്നു മത്സരിക്കാനെത്തിയത്. 18 പേരുമായിത്തുടങ്ങിയ ബിഗ് ബോസില്‍ അവസാന ഘട്ടത്തിലുണ്ടായിരുന്നത് അഞ്ച് പേരായിരുന്നു. ഇവരില്‍ നിന്നും മൂന്ന് പേര്‍ കൂടി പുറത്തുപോയപ്പോള്‍ അവശേഷിച്ചത് പേളിയും സാബുവുമായിരുന്നു. വോട്ടുകളുടെ വ്യത്യാസത്തില്‍ സാബുവാണ് വിജയിയായത്. അര്‍ഹിച്ച കൈകളിലേക്ക് തന്നെയാണ് വിജയമെത്തിയതെന്നായിരുന്നു എല്ലാവരും പറഞ്ഞത്.
ബിഗ് ബോസിലെത്തിയതിന് ശേഷം ജീവിതത്തില്‍ പല മാറ്റങ്ങളും സംഭവിച്ചുവെന്നും ഇത്തരത്തിലുള്ള പരിപാടിയില്‍ പിടിച്ചുനില്‍ക്കാനാവുമോയെന്ന് തുടക്കത്തില്‍ ആശങ്കയുണ്ടായിരുന്നുവെന്നും ഇടയ്ക്ക് വീട്ടില്‍ പോവാന്‍ തോന്നിയിരുന്നതായും താരങ്ങള്‍ പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയോ സുഹൃത്തുക്കളോ കുടുംബാംഗങ്ങളോ ഇല്ലാതെ 18 വ്യത്യസ്ത സ്വഭാവക്കാര്‍ക്കൊപ്പമാണ് മത്സരാര്‍ത്ഥികള്‍ കഴിഞ്ഞത്. ടാസ്‌ക്കുകളും ട്വിസ്റ്റുമൊക്കെയായി ശബ്ദസാന്നിധ്യമായി ബിഗ് ബോസും എത്താറുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ താരങ്ങള്‍ക്ക് ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കിയത്. ബിഗ് ബോസില്‍ വന്നത് മുതല്‍ ഇമേജ് തന്നെ മാറ്റി മാറിച്ച മത്സരാര്‍ത്ഥികളിലൊരാളാണ് സാബു. പരിപാടിയുടെ വിജയിയാതിന് ശേഷമുള്ള അനുഭവത്തെക്കുറിച്ച് അദ്ദേഹം പറയുന്നതെന്താണെന്നറിയാന്‍ തുടര്‍ന്നുവായിക്കൂ. ഇന്ത്യന്‍ എക്സപ്രസിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ജീവിതം തന്നെ മാറി മറിഞ്ഞു
ബിഗ് ബോസെന്ന റിയാലിറ്റി ഷോയിലെത്തിയതിന് ശേഷമാണ് തരികിട സാബുവെന്ന സാബുവിന്റെ ഇമേജ് മാറി മറിഞ്ഞത്. ടാസ്‌ക്കുകളിലുള്ള പ്രകടനവും മറ്റുള്ളവരോടുള്ള പെരുമാറ്റവുമൊക്കെയായി അദ്ദേഹം എന്നും വാര്‍ത്തകളില്‍ നിറഞ്ഞുനിന്നിരുന്നു. ഏത് കാര്യത്തിനെക്കുറിച്ചും കൃത്യമായ വിവരമുള്ളയാളാണ് താനെന്ന് അദ്ദേഹം തെളിയിച്ചിരുന്നു. തരികിട മാറി ഗൂഗിള്‍ സാബുവായി മാറുകയായിരുന്നു അദ്ദേഹം. ഇടയ്ക്ക് മറ്റുള്ളവരുമായി വഴക്കിട്ടിരുന്നുവെങ്കിലും മിക്കപ്പോഴും ന്യായം അദ്ദേഹത്തിന്റെ ഭാഗത്തായിരുന്നു. പ്രകോപനത്തില്‍ വീഴാതെ പരമാവധി പിടിച്ചുനിന്ന സാബുവിനെയും ഇടയ്ക്ക് നമ്മള്‍ കണ്ടിരുന്നു.

യഥാര്‍ത്ഥത്തിലുള്ള സ്വഭാവം
കുറുക്കനെന്നായിരുന്നു പലരും തന്നെ വിശേഷിപ്പിച്ചത്. കുബുദ്ധിയും തന്ത്രവുമൊക്കെയായാണ് താന്‍ ബിഗ് ബോസില്‍ തുടരുന്നതെന്നായിരുന്നു പലരും കരുതിയത്. എന്നാല്‍ അത്തരത്തിലൊരു കാര്യവും നടന്നിട്ടില്ലെന്ന് സാബു പറയുന്നു. അപ്പപ്പോള്‍ തോന്നുന്ന കാര്യങ്ങള്‍ അങ്ങനെ തന്നെ ചെയ്യുകയായിരുന്നു.യഥാര്‍ത്ഥത്തിലുള്ള തന്റെ സ്വഭാവം ഇങ്ങനെയാണെന്ന് അദ്ദേഹം ഈ പരിപാടിയിലൂടെ തെളിയിക്കുകയായിരുന്നു. തുടക്കത്തില്‍ അദ്ദേഹത്തില്‍ നിന്നും മാറി നിന്ന താരങ്ങള്‍ പിന്നീട് അടുത്ത സുഹൃത്തുക്കളായി മാറിയ കാഴ്ചയും നമ്മള്‍ കണ്ടതാണ്.

തെറ്റിദ്ധാരണകള്‍ മാറി
സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല പരമാര്‍ശങ്ങള്‍ നടത്തിയതുമായി ബന്ധപ്പെട്ടായിരുന്നു താരം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. യുവമോര്‍ച്ച നേതാവായ ലസിത പാലയ്ക്കലുള്‍പ്പടെ നിരവധി പേര്‍ സാബുവിനെതിരെ പരാതി നല്‍കിയിരുന്നു. പേളിയും രഞ്ജിനിയുമൊക്കെ തുടക്കത്തില്‍ തന്നെ ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നു. അദ്ദേഹം പരിപാടിയിലുണ്ടെന്ന് കേട്ടപ്പോള്‍ തന്നെ മുന്‍ അനുഭവങ്ങള്‍ വെച്ചാണ് പലരും വിലയിരുത്തിയത്. എന്നാല്‍ എല്ലാവിധ തെറ്റിദ്ധാരണകളും മാറ്റിയാണ് അദ്ദേഹം വിജയിയായത്.

ജനങ്ങള്‍ നല്‍കിയ വിജയം
സാബു ആര്‍മിയിലൂടെ മികച്ച പിന്തുണയാണ് അദ്ദേഹത്തിന് ലഭിച്ചത്. തനിക്ക് ആര് വോട്ട് നല്‍കാനായെന്നായിരുന്നു തുടക്കത്തില്‍ താരം ചോദിച്ചത്. എന്നാല്‍ മറ്റുള്ളവരെപ്പോലും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ള സ്വീകാര്യതയും പിന്തുണയുമാണ് അദ്ദേഹത്തിന് ലഭിച്ചത്. ഹിമയുമായുള്ള വഴക്കും അതിഥിയുമായുള്ള വഴക്കിലുമൊക്കെ ആരാധകര്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണയായിരുന്നു നല്‍കിയതും. അത് തന്നെയായിരുന്നു അവസാന നിമിഷം വരെ അദ്ദേഹത്തെ നയിച്ചതും.

പുറത്തെത്തിയതിന് ശേഷമുള്ള അനുഭവം
ബിഗ് ബോസില്‍ നിന്നും പുറത്തെത്തിയെന്ന കാര്യത്തെക്കുറിച്ച് പലപ്പോഴും മറന്നുപോകുന്നുണ്ടെന്നും സുഹൃത്തുക്കളും മറ്റും കാണാന്‍ വരുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെടുന്നുവെന്നും മാനസികമായി ഇപ്പോഴും നോര്‍മ്മലായില്ലെന്നും മറ്റുള്ളവരും ഇത്തരമൊരു മാനസികാവസ്ഥയിലൂടെ കടന്നുപോയെന്ന് പറഞ്ഞതായും സാബു പറയുന്നു. 100 ദിവസം അടച്ചിട്ട വീട്ടില്‍ കഴിഞ്ഞതിനാല്‍ തന്നെത്തേടിയെത്തുന്ന ചെറിയ ശബ്ദം പോലും ശല്യമായിത്തോന്നുന്നുവെന്നും സാബു വ്യക്തമാക്കുന്നു. ടാസ്‌ക്കുകളില്ലാത്ത ബിഗ് ബോസ് പരിപാടിയെക്കുറിച്ച് ആലോചിക്കാനേ പറ്റുന്നില്ല.

രഞ്ജിനിയുമായുള്ള സൗഹൃദം
സാബു പരിപാടിയില്‍ എത്തിയപ്പോള്‍ നേരത്തെയുണ്ടായ വിവാദത്തെക്കുറിച്ച് രഞ്ജിനി ചോദിച്ചിരുന്നു. എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാനോ വാദപ്രതിവാദത്തിനോ നില്‍ക്കാതെ മാറി പോവുകയായിരുന്നു സാബു. തുടക്കത്തില്‍ അദ്ദേഹത്തിന്റെ പെരുമാറ്റം ഇഷ്ടമായിരുന്നില്ലെന്നും പിന്നീട് അത് മാറിയെന്നും അടുത്ത സുഹൃത്തായി അദ്ദേഹം മാറിയെന്നും രഞ്ജിനി പറഞ്ഞിരുന്നു. രഞ്ജിനിയെക്കുറിച്ച് ചില തെറ്റിദ്ധാരണകള്‍ മനസ്സിലുണ്ടായിരുന്നുവെന്നും അത് മാറിയെന്നും സാബുവും പറയുന്നു.

സമ്മാനത്തുക ചെലവാക്കിയോ?
ബിഗ് ബോസ് വിജയിക്ക് ഒരുകോടി രൂപയാണ് സമ്മാനമായി ലഭിക്കുന്നത്. സാബുവിന് ലഭിച്ച തുക എന്ത് ചെയ്തുവെന്നറിയാന്‍ പ്രേക്ഷകര്‍ക്കും ആകാംക്ഷയില്ലേ, താന്‍ ഒരു ഫ്‌ളാറ്റ് വാങ്ങിയെന്നും ബാക്കി തുക സഹോദരന് നല്‍കിയെന്നുമാണ് സാബു പറഞ്ഞത്. അവധിക്കാലത്തെക്കുറിച്ച് ആലോചിക്കാനുള്ള മാനസികാവസ്ഥയിലല്ല ഇപ്പോഴെന്നും ഭക്ഷണം കഴിച്ച് നന്നായൊന്നുറങ്ങാനാണ് ഇപ്പോഴത്തെ ശ്രമമെന്നും താരം പറയുന്നു.

ധാര്‍ഷ്ട്യം മാറി
ഏത് കാര്യത്തെ സമീപിക്കുമ്പോഴും മനസ്സിലൊരു ധാര്‍ഷ്ട്യമുണ്ടായിരുന്നു. അതിനാല്‍ത്തന്നെ പലപ്പോഴും തന്റെ നിലപാടുകള്‍ വിവാദമാവാറുണ്ട്. ആലോചിക്കാതെയാണ് പെരുമാറാറുള്ളത്. എന്നാല്‍ ബിഗ് ബോസിലേക്കെത്തിയതിന് ശേഷം ആ സ്വഭാവം മാറിയെന്നും ധാര്‍ഷ്ട്യം ഇല്ലാതായെന്നും താരം പറയുന്നു. മാറിയ മനുഷ്യനാണ് താനിപ്പോള്‍. അത് തന്റെ നിലപാടുകളിലും പ്രവര്‍ത്തികളിലും കാണാമെന്നും സാബു ഉറപ്പ് നല്‍കുന്നു.


Click it and Unblock the Notifications