നാല് തവണ ഗുഡ് മോണിംഗ് പറഞ്ഞാലും മമ്മൂട്ടി മെെൻഡ് ചെയ്യില്ല, എന്നാൽ മോഹൻലാലിന്റെ പെരുമാറ്റം: സാബു സർഗം
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും പെരുമാറ്റത്തിലുള്ള വ്യത്യാസത്തെക്കുറിച്ച് സംവിധായകൻ സാബു സർഗം. മോഹൻലാൽ സൗമ്യനാണെന്നും എന്നാൽ മമ്മൂട്ടിയുടെ അടുത്ത് ചെല്ലാൻ പലരും ഭയക്കുമെന്നും സാബു സർഗം പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.
മമ്മൂക്ക ഓഫ് മെെൻഡുള്ള മനുഷ്യനാണ്. നമ്മൾ അടുത്ത് പോയി മോണിംഗ് മമ്മൂക്ക എന്ന് പറഞ്ഞാൽ പുള്ളി ചിലപ്പോൾ ആലോചിക്കുന്നത് ഷോട്ടിനെക്കുറിച്ചായിരിക്കും. മൂന്നോ നാലോ പ്രാവശ്യം ഗുഡ് മോണിംഗ് പറഞ്ഞാലും പുള്ളി ചിലപ്പോൾ മെെൻഡ് ചെയ്യണമെന്നില്ല. വളരെ ശുദ്ധനായ മനുഷ്യനാണ് എന്നാണ് എല്ലാവരും പറയാറ്. ശുദ്ധത മനസിലുള്ളത് കൊണ്ടാണ് അങ്ങനെ പെരുമാറുന്നത്. മോഹൻലാലിനോട് നമുക്ക് ഭയമുണ്ടാകില്ല.

ഭയം ഉണ്ടാകുന്നതിന് മുമ്പ് തന്നെ അദ്ദേഹം നമ്മുടെ കണ്ണിലേക്ക് നോക്കും. അദ്ദേഹത്തിന്റെ കണ്ണുകളിൽ ഒരു സൗമ്യത കാണാം. നേരെ മറിച്ച് മമ്മൂക്ക കാലിൻമേൽ കാൽ കയറ്റി ഇരുന്നാൽ നമുക്കൊരു ഭയം ഉണ്ടാകില്ലേ. അങ്ങോട്ട് ചെല്ലാൻ നമ്മൾ ഭയക്കും. എന്നാൽ മോഹൻലാൽ സാറിനടുത്തേക്ക് പോകുമ്പോൾ തന്നെ വരൂ മോനേ, എന്താണ്, എന്ന് അദ്ദേഹമിങ്ങോട്ട് സൗമ്യനായി ചോദിക്കും. മമ്മൂക്കയുടെ ശബ്ദത്തിലും ഗൗരവമുണ്ടെന്ന് സാബു സർഗം പറഞ്ഞു.
മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് നല്ല അഭിപ്രായമാണെങ്കിലും സുരേഷ് ഗോപിയെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല സാബു സർഗത്തിന്. പുറമേക്ക് ദാനശീലൻ എന്ന ഇമേജുള്ളയാളാണെങ്കിലും ഒരു പ്രൊഡ്യൂസറെ കരയിച്ചിട്ടുണ്ടെന്ന് സാബു സർഗം പറയുന്നു. സുരേഷ് ഗോപി ദാനധർമ്മിഷ്ടനാണ്, വാരിക്കോരി കൊടുക്കുന്നവനാണ് എന്നൊക്കെ പറഞ്ഞിട്ട് സിനിമയിൽ നിൽക്കുന്ന ആളാണ്. എളിയ സിനിമാപ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ചോദിക്കാനുള്ളത് ഏതെങ്കിലും ഒരു പ്രൊഡ്യൂസറെ പുള്ളി സഹായിച്ചിട്ടോ എന്നാണ്.
17 ലക്ഷം രൂപ കൊടുക്കാനുള്ള ഒരു പ്രാെഡ്യൂസറോട് പെെസ കൊണ്ട് വരാതെ ഞാൻ ഈ സിനിമ ഡബ് ചെയ്ത് തരില്ല എന്ന് പറഞ്ഞു. നിർമാതാവ് കിടപ്പാടം എഴുതി വിറ്റ് പെെസ കൊടുത്തു. അതിന് ശേഷമാണ് അദ്ദേഹം ഡബ് ചെയ്തത്. വലിയ സാമ്പത്തികമുള്ള പ്രൊഡ്യൂസറേ അല്ല. സാധാരണ മനുഷ്യനാണ്. സിനിമയോടുള്ള ഇഷ്ടം കൊണ്ട് നിർമാണത്തിലേക്ക് വന്നു. ഇദ്ദേഹം സുരേഷ് ഗോപിയുടെ വീട്ടിൽ പോയി ഭിക്ഷ യാചിക്കുന്നത് പോലെ സംസാരിച്ചു. 17 ലക്ഷമുണ്ടെങ്കിലേ ഞാനത് ചെയ്യൂ മോനെ, മോൻ ഇപ്പോൾ തിരിച്ച് പോ, നിങ്ങൾ വിചാരിക്കുന്നത് പോലെയല്ല സിനിമ എന്ന് സുരേഷ് ഗോപി പറഞ്ഞു.
ഇടക്കാലത്ത് സംവിധായകർ കഥ പറയാൻ ചെല്ലുമ്പോൾ നിങ്ങളാദ്യം 10 ലക്ഷം രൂപ അഡ്വാൻസ് തരൂ എന്നിട്ട് കഥ കേൾക്കാമെന്ന് പറയുമായിരുന്നു. ഇത് എവിടത്തെ ന്യായമാണ്. സുരേഷ് ഗോപി സിനിമാ രംഗത്ത് വന്ന സമയത്ത് സ്വന്തം ശബ്ദം പോലും ഉപയോഗിക്കാൻ സംവിധായകർ സമ്മതിച്ചിട്ടില്ല. മോഹൻലാൽ ചെന്നെെയിൽ പ്രായമായ അഭിനേതാക്കൾക്ക് മാസം ഒരു നിശ്ചിത തുക കൊടുക്കുന്നുണ്ട്. എന്നാൽ സുരേഷ് ഗോപി എല്ലാവരെയും അറിയിച്ച് സഹായം ചെയ്യുന്നയാളാണെന്നും സാബു സർഗം പറഞ്ഞു.


Click it and Unblock the Notifications











