പൃഥ്വിരാജ് എന്ന നടന്‍ മാറിയതു കണ്ടാല്‍ അത്ഭുതപ്പെട്ടുപോകും! മനസുതുറന്ന് സച്ചി
പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച അയ്യപ്പനും കോശിയും തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. റിലീസ് ദിനം മുതല്‍ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. അയ്യപ്പനും കോശിയുമായി ഇരുവരും പൂണ്ടുവിളയാടുകയാണെന്ന് ചിത്രം കണ്ടവരില്‍ അധികപേരും അഭിപ്രായപ്പെട്ടിരുന്നു. രണ്ട് പേരും തകര്‍ത്തിട്ടുണ്ടെങ്കിലും ബിജു മേനോനാണ് ഒരുപടി മുന്നില്‍ നില്‍ക്കുന്നതെന്നും അഭിപ്രായങ്ങള്‍ വന്നു.
മുന്‍ചിത്രമായ ഡ്രൈവിംഗ് ലൈസന്‍സിലും താരപദവി നോക്കാതെയാണ് പൃഥ്വി അഭിനയിച്ചത്. സുരാജ് വെഞ്ഞാറമൂടിനും തുല്യ പ്രാധാന്യമുളള റോളായിരുന്നു ചിത്രത്തില്‍. അടുത്ത കാലത്തായി പൃഥ്വിരാജ് എന്ന നടനില്‍ വന്ന മാറ്റത്തെക്കുറിച്ച് അയ്യപ്പനും കോശിയുടെ സംവിധായകനായ സച്ചി മനസുതുറന്നിരുന്നു.

ഡ്രെെവിംഗ് ലൈസന്‍സിന്റെ തിരക്കഥയും അയ്യപ്പനും കോശിയും സംവിധാനം ചെയ്തതും സച്ചി തന്നെയാണ്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പൃഥ്വിയെക്കുറിച്ച് സച്ചി സംസാരിച്ചത്. അനാര്‍ക്കലി എന്ന ചിത്രം കഴിഞ്ഞ് പൃഥ്വി ബിജു മേനോന്‍ സച്ചി കൂട്ടുകെട്ട് വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണ് അയ്യപ്പനും കോശിയും. അട്ടപ്പാടിയുടെ പശ്ചാത്തലത്തില്‍ അയ്യപ്പനും കോശിയും തമ്മിലുളള ശത്രതയുടെ കഥയാണ് ചിത്രം പറയുന്നത്.

പൃഥ്വിരാജിന്റെയും ബിജു മേനോന്റെയും പ്രകടനം തന്നെയാണ് സിനിമയുടെ മുഖ്യ ആകര്‍ഷണം. ഡ്രൈവിംഗ് ലൈസന്‍സിന്റെ വമ്പന്‍ വിജയത്തിന് പിന്നാലെയാണ് പൃഥ്വിക്ക് മറ്റൊരു വിജയ ചിത്രം കൂടി ലഭിച്ചിരിക്കുന്നത്. പൃഥ്വിരാജെന്ന നടന്‍ മാറിയതു കണ്ടാല്‍ അത്ഭുതപ്പെട്ടു പോകും എന്നാണ് അഭിമുഖത്തില്‍ സച്ചി പറഞ്ഞത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ തിരക്കഥ വായിച്ചുകൊടുത്ത ശേഷം പൃഥ്വി ചോദിച്ചത് ഞാനല്ലാതെ ആരാടോ ഇത് ചെയ്യുക എന്നാണ്.

സുരാജ് വെഞ്ഞാറമൂടിനെ വിളിച്ച് പൃഥ്വി പറഞ്ഞത് ഏടോ താന്‍ നായകനായ ഒരു സിനിമ ഞാന്‍ നിര്‍മ്മിക്കുകയും അതിലൊരു റോളില്‍ ഞാന്‍ അഭിനയിക്കുകയും ചെയ്യുന്നുവെന്നാണ്. പൃഥ്വിയെ തട്ടിപ്പിലൂടെ വീഴ്ത്തിയതല്ല. സൂരാജാണ് നായകന്‍ എന്നറിഞ്ഞ് തന്നെ അഭിനയിച്ചതാണ്. കോശിയായി അഭിനയിച്ചതും അയ്യപ്പനു ചിലപ്പോള്‍ മൂന്‍തൂക്കം കിട്ടിയേക്കും എന്നറിഞ്ഞുകൊണ്ടു തന്നെയാണ്.

നല്ല സിനിമ എന്നത് മാത്രമാണ് പൃഥ്വിയുടെ മുന്നിലുളള ലക്ഷ്യം. മലയാളത്തില്‍ അടുത്ത കാലത്തുണ്ടായ എറ്റവും വലിയ മാറ്റങ്ങളിലൊന്നും ഇതാണ്. വലിയൊരു താരം ഒന്നും നോക്കാതെ അഭിനയിക്കുന്നു. ബിജു മേനോനാണ് ഈ സിനിമയുടെ കഥ ആദ്യം കേട്ടത്. കോശിയായി പൃഥ്വിയെ നോക്കാമെന്ന് പറഞ്ഞപ്പോള്‍ ബിജു പോലും ചോദിച്ചത് ആ കഥാപാത്രത്തിന് അയാള്‍ വരുമോ എന്നാണ്. പൃഥ്വി വരിക തന്നെ ചെയ്തു. അതാണ് ആ സിനിമയുടെ നന്മകളിലൊന്ന്. പൃഥ്വരാജിനെക്കുറിച്ച് അഭിമുഖത്തില്‍ സച്ചി പറഞ്ഞു.


Click it and Unblock the Notifications