ഇവൻ കയറി വരുന്നു, ഇത് പ്രതീക്ഷിച്ചില്ല; ബിഗ് ബോസിലൂടെ പലരും ശ്രമിച്ചു, പക്ഷെ...; സാഗർ സൂര്യയുടെ വിജയം ചർച്ച
കരിയറിൽ മികച്ച റോളുകളുമായി മുന്നേറി നടൻ സാഗർ സൂര്യ. നടന്റെ പുതിയ ചിത്രം പ്രകമ്പനം തിയറ്ററിൽ പ്രദർശനം തുടരുകയാണ്. ഗണപതി, സാഗർ സൂര്യ, അമീൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്തത്. സാഗർ സൂര്യയുടെ തകർപ്പൻ പ്രകടനമാണ് പ്രകമ്പനത്തിലെന്ന് സോഷ്യൽ മീഡിയയിൽ അഭിപ്രായങ്ങൾ വരുന്നുണ്ട്. സാഗർ സൂര്യയുടെ കരിയറിലെ വളർച്ച പലരും അത്ഭുതത്തോടെയാണ് നോക്കുന്നത്. ടെലിവിഷൻ രംഗത്ത് നിന്നും വരുന്ന സാഗർ സൂര്യക്ക് ഇത്ര പെട്ടെന്ന് സിനിമാ രംഗത്ത് സ്ഥാനം ലഭിക്കുമെന്ന് പലരും കരുതിയില്ല.
പണി എന്ന സിനിമയിലെ വില്ലൻ വേഷത്തിന് ശേഷമാണ് പ്രകമ്പനവുമായി സാഗർ സൂര്യ പ്രേക്ഷകർക്ക് മുമ്പിലെത്തിയത്. തട്ടീം മുട്ടീം എന്ന സിറ്റ്കോമിലൂടെയാണ് സാഗർ സൂര്യ ടെലിവിഷൻ രംഗത്ത് ജനശ്രദ്ധ നേടിയത്. പിന്നീട് കുരുതി എന്ന സിനിമ ചെയ്തു. ബിഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായെത്തി. പിന്നീട് പണിയിൽ വില്ലൻ വേഷം. കമൽ ഹാസന്റെയുൾപ്പെടെ പ്രശംസ നേടിയ പെർഫോമൻസാണ് പണിയിൽ സാഗർ സൂര്യ കാഴ്ച വെച്ചത്. ടെലിവിഷൻ രംഗത്ത് സിനിമ സ്വപ്നം കാണുന്ന നിരവധി പേരുണ്ട്. പലരും ബിഗ് ബോസിൽ മത്സരാർത്ഥിയായെത്തുന്നതും സിനിമ സ്വപ്നവുമായാണ്.

ഇൻഫ്ലുവൻസർമാരിൽ നിരവധി പേർ കഴിഞ്ഞ രണ്ട് മൂന്ന് വർഷത്തിനുള്ളിൽ സിനിമകളിൽ അഭിനയിച്ചു. എന്നാൽ ഇവർക്കാർക്കും തന്നെ എടുത്ത് പറയത്തക്ക റോളുകൾ ലഭിച്ചിട്ടില്ല. ഇതിനിടെയാണ് സാഗർ സൂര്യ ഹിറ്റുകളുമായി മുന്നേറുന്നത്. സന്ദീപ് പ്രദീപിനെ പോലെ മുൻനിര നായക നടനായി മാറാൻ സാഗർ സൂര്യക്ക് സാധിക്കുമോ എന്ന ചോദ്യം വരുന്നുണ്ട്. മലയാളത്തിലെ നിലവിലെ യുവതാരങ്ങളുമായി സാഗറിനെ താരതമ്യം ചെയ്ത് കൊണ്ടുള്ള ചർച്ചകൾ റെഡിറ്റിൽ നടക്കുന്നുണ്ട്.


Click it and Unblock the Notifications











