ഇപ്പോൾ പേടിച്ച് അവൾക്കൊപ്പം, വീഡിയോ മുക്കി; അതിജീവിതയെ സായ് കൃഷ്ണ ദ്രോഹിക്കുകയാണെന്ന് വിമർശനം
നടി ആക്രമിക്കപ്പെട്ട കേസിൽ ഇൻഫ്ലുവൻസേർസ് എടുക്കുന്ന നിലപാട് സോഷ്യൽ മീഡിയയിൽ ചർച്ചയായാണ്. യൂട്യൂബർ സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണ കോടതി വിധിക്ക് ശേഷം ദിലീപിന് അനുകൂല നിലപാടെടുത്തതും ചർച്ചയായി. ദിലീപിനെ അനുകൂലിച്ചു എന്നതിന് പുറമെ ലാൽ, ലാലിന്റെ മകൻ ജീൻ പോൾ ലാൽ, മഞ്ജു വാര്യർ തുടങ്ങിയവരെ സംശയ നിഴലിലാക്കുന്ന നീക്കവും സായ് കൃഷ്ണയുടെ ഭാഗത്ത് നിന്നുണ്ടായി. കഴിഞ്ഞയാഴ്ചകളിൽ സായ് കൃഷ്ണ ചെയ്ത വീഡിയോകൾ ഇതിന് ഉദാഹരണമാണ്.
കമന്റ് ബോക്സിൽ നിരവധി പേരാണ് ലാൽ, ജീൻ പോൾ ലാൽ എന്നിവരെ വിമർശിച്ചത്. ദിലീപല്ല ഇതിന് പിന്നിലെന്നും ലാൽ സംശയ നിഴലിലാണെന്നുമുള്ള സൂചനകൾ സായ് കൃഷ്ണ നൽകിക്കൊണ്ടിരുന്നു. ഇതിനിടെ ദിലീപിന്റെ പിആറിൽ ഒരാളാണോ സായ് കൃഷ്ണയെന്ന ചോദ്യം റെഡിറ്റിലുൾപ്പെടെ വന്നു. ദിലീപിന്റെ പുതിയ ചിത്രം ഭ ഭ ബയ്ക്ക് വ്യാപകമായി മോശം അഭിപ്രായങ്ങൾ വന്നിട്ടും സായ് കൃഷ്ണ മികച്ച സിനിമയെന്ന് റിവ്യൂ നൽകി. ഇതെല്ലാം ഈ ചോദ്യങ്ങൾക്ക് ആക്കം കൂട്ടി.

ഇതിനൊക്കെ പുറമെ കേസിൽ ശിക്ഷിക്കപ്പെട്ട മാർട്ടിൻ എന്ന പ്രതി അതിജീവിതയെ പേരെടുത്ത് പറഞ്ഞ് അധിക്ഷേപിച്ച് സംസാരിക്കുന്ന വീഡിയോയും പങ്കുവെച്ചു. മാർട്ടിന്റെ വാദങ്ങളെ സായ് കൃഷ്ണ വിമർശിക്കുകയാണെങ്കിലും ഈ വീഡിയോ കൂടുതൽ പേരിലെത്താൻ ഇത് കാരണമായി. നിയമനടപടി വരുമെന്ന് ഭയന്ന് സായ് കൃഷ്ണ വീഡിയോ തന്റെ ചാനലിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്.
പക്ഷെ മാർട്ടിന്റെ വീഡിയോയെ ന്യായീകരിക്കുന്ന കമന്റുകൾക്ക് സായ് കൃഷ്ണ ലെെക്ക് ചെയ്യുന്നുണ്ട്. തന്റെ വ്യൂവേർസിലേക്ക് കേസിന് പിന്നിൽ ചില കളികൾ നടന്നിട്ടുണ്ടെന്നും ദിലീപ് കുറ്റക്കാരനല്ലെന്ന് സ്ഥാപിക്കലുമാണ് സായ് കൃഷ്ണ ലക്ഷ്യം വെക്കുന്നതെന്ന് വ്യക്തമാണ്. ലക്ഷക്കണക്കിനാണ് സായ് കൃഷ്ണയുടെ വ്യൂവേർസ്. അതിജീവിതയ്ക്ക് നീതി ലഭിച്ചില്ലെന്ന് അതിജീവിതയും പ്രോസിക്യൂഷനും പൊതുജനത്തിൽ വലിയൊരു ശതമാനവും പറയുമ്പോൾ ഈ വാദത്തെ ദുർബലപ്പെടുത്താനാണ് സായ് കൃഷ്ണ ശ്രമിക്കുന്നതെന്നും ഇത് അതിജീവിതയോട് ചെയ്യുന്ന ക്രൂരതയാണെന്നും വിമർശനങ്ങൾ വരുന്നുണ്ട്.
അതേസമയം മാർട്ടിൻ വിഷയത്തിൽ പൊലീസ് ഇടപെടൽ വന്നതോടെ സായ് കൃഷ്ണ പതിയെ ദിലീപിന് അനുകൂലികളെ തള്ളിക്കളഞ്ഞും സംസാരിക്കുന്നുണ്ടെന്ന് നെറ്റിസൺസ് ചൂണ്ടിക്കാണിക്കുന്നു. 'മാർട്ടിൻ പറയുന്ന വാദമായിരുന്നു ദിലീപേട്ടന്റെയൊപ്പം എന്ന് പറഞ്ഞ് വരുന്ന ഏട്ടൻ ടീംസ് എല്ലാവർക്കും. അഖിൽ മാരാർ, സംഗീത ലക്ഷ്മൺ, സജി നന്ത്യാട്ട് തുടങ്ങിയവർക്കെല്ലാം ഈ നരേറ്റീവ് ഉണ്ടായിരുന്നു എന്നാണ് സായ് കൃഷ്ണ പുതിയ വീഡിയോയിൽ പറയുന്നത്.
ഇര കൊടുത്ത മാെഴി, അവർ നേരിട്ട ക്രൂരത ഫോറൻസിക് തെളിയിച്ചതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് അവർക്കെന്ത് സംഭവിച്ചു എന്ന് കോടതി പറയുന്നത്. വേറെ കുറെ ഘടകങ്ങൾ കാരണമാണ് ഈ കേസിന്റെ മെറിറ്റ് ഡൗൺ ആകുന്നത്. ഇരയുടെ മാെഴി ക്രെഡിബിൾ തന്നെയാണ്. ഞാൻ മാർട്ടിന്റെ വീഡിയോ കണ്ടത് സംഗീത ലക്ഷ്മണിന്റെ പ്രൊഫെെലിൽ നിന്നാണ്. ഇതേ സംഗീക ലക്ഷ്മണൻ അടക്കമുള്ളവർ പേര് പറഞ്ഞ് മോശമായി സംസാരിച്ചിട്ടുണ്ടെന്നും സായ് കൃഷ്ണ പറയുന്നുണ്ട്.


Click it and Unblock the Notifications











