റാംജിറാവു സ്പീക്കിംഗിന്റെ റഷ് കണ്ട് പേടിച്ച് കരഞ്ഞു; വൈറലായി സായികുമാറിന്റെ പഴയ അഭിമുഖം
റാംജി റാവു സ്പീക്കിംഗ് എന്ന സിനിമയിലൂടെ മലയാള ചലച്ചിത്ര രംഗത്തേക്ക് നായകനായി കടന്നുവന്ന അതുല്യ നടനാണ് സായ് കുമാര്‍. ബാലതാരമായായണ് സിനിമയില്‍ ആദ്യം എത്തിയതെങ്കിലും കെപിഎസിയിലും തുടര്‍ന്ന് നിരവധി നാടക ട്രൂപ്പുകളുടെ കൂടെയും നാടക നടനായി ആയിരുന്നു അഭിനയ ജീവിതത്തിന്റെ തുടക്കം.
സിനിമയിലേക്ക് അഭിനയിക്കാന്‍ തന്നെ വിളിച്ചപ്പോഴും ആദ്യം വിശ്വസിച്ചിരുന്നില്ലെന്ന് സായ് കുമാര്‍ നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. നായകനായാണ് സിനിമയിലേക്ക് എത്തിയതെങ്കിലും സായ് കുമാര്‍ ഏറ്റവും കൂടുതല്‍ ചെയ്തിട്ടുള്ളത് വില്ലന്‍ കഥാപാത്രങ്ങളാണ്. പിടക്കോഴി കൂവുന്ന നൂറ്റാണ്ട്, കുഞ്ഞിക്കൂനന്‍, ഹിറ്റ്‌ലര്‍, വല്യേട്ടന്‍, ലയണ്‍, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, താണ്ഡവം തുടങ്ങി നിരവധി സിനിമകളില്‍ വില്ലന്‍ വേഷങ്ങളില്‍ തിളങ്ങി.

ഇപ്പോഴിതാ സായ് കുമാറിന്റെ പഴ ഒരു അഭിമുഖമാണ് വൈറല്‍ ആകുന്നത്. 1992ല്‍ എവിഎം ഉണ്ണി എടുത്ത അഭിമുഖത്തില്‍ ഷൂട്ടിംഗ് സെറ്റുകളെക്കുറിച്ചും 90കളിലെ മലയാള സിനിമയുടെ പുരോഗതിയെക്കുറിച്ചും സായ് കുമാര്‍ പറയുന്നുണ്ട്. എവിഎം ഉണ്ണി ആര്‍ക്കൈവ്‌സ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
'അച്ഛന്റെ കൂടെ ഷൂട്ടിംഗ് സെറ്റുകളില്‍ പോയതുകൊണ്ട് തന്നെ സിനിമയെക്കുറിച്ച് ഏകദേശം ധാരണ എനിക്കുണ്ടായിരുന്നു. പണ്ടൊക്കെ വിചാരിച്ചിരുന്നത് നസീര്‍ സര്‍ ഒക്കെ വലിയ പാട്ടുകാരനാണ് എന്നായിരുന്നു. അതല്ല, ദാസേട്ടന്റെ പാട്ടിന് ചുണ്ടനക്കുന്നതാണെന്ന് അച്ഛന്റെ കൂടെ ഇങ്ങനെ ലോക്കേഷനിലൊക്കെ പോയതിന് ശേഷമാണ് മനസിലാകുന്നത്. പിന്നീടാണ് മനസിലായത്. പിന്നെ ഉണ്ടായിരുന്ന സംശയം ഫൈറ്റ് ഒക്കെ ഒറിജിനല്‍ ആയിരുന്നു എന്നായിരുന്നു.' സായ് കുമാര്‍ പറഞ്ഞു.
ഭീമന്‍ രഘു, ക്യാപ്റ്റന്‍ രാജു, ബാബു ആന്റണി തുടങ്ങിയ വില്ലന്മാരെയൊക്കെ നിസാരന്മാരായ ഞങ്ങളെ പോലുള്ള നായകനടന്മാര്‍ ഒറ്റയടിക്ക് ഇടിച്ച് പറത്തിക്കുന്നത് എങ്ങനെയാണെന്ന് ഒരു സംശയമുണ്ടായിരുന്നു. ഇതൊക്കെ അങ്ങനെ നടക്കുമോ എന്നും ചിന്തിച്ചിരുന്നു. അപ്പോള്‍ പിന്നെ ജാക്കി ചാനും ബ്രൂസ് ലിയൊക്കെ ചെയ്യുന്ന പോലെ വല്ലതും പഠിച്ചേക്കാം എന്ന് വെച്ചു. പിന്നീടാണ് മനസിലായത് കൈ അടുത്ത് കൂടി പോലും പോവില്ലെന്ന് എന്നും സായി കുമാര്‍ പറയുന്നു.
സിദ്ദീഖ്-ലാല്‍ മാരെ നേരത്തെ കണ്ടു പരിചയമുണ്ട്. ഞങ്ങള്‍ നാടകം കളിച്ച സ്റ്റേജില്‍ ഇവര്‍ അത് കഴിഞ്ഞ് മിമിക്രി ഒക്കെ അവതരിപ്പിച്ചിട്ടുണ്ട്. ഇന്നസെന്റ് മാമുക്കോയ മുകേഷ് ഇവരൊക്കെ തന്നെ സിനിമയിലേക്ക് എത്തിയപ്പോള്‍ സഹായിച്ചിട്ടുണ്ട്. എന്താണ് ക്യാമറ, അവിടെ എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചൊന്നും അറിയില്ലല്ലോ. ചെറിയ സ്ഥലത്ത് നിന്ന് വലിയ സ്‌പേസിലേക്ക് വന്നപ്പോള്‍ സത്യമായും ഒന്ന് വിരണ്ട് പോയിരുന്നു.
പെട്ടെന്നൊരു സിനിമയില്‍ നായകനായി ചെയ്യുക എന്നൊക്കെ പറയുന്നതില്‍ ഒരു വിഭ്രാന്തി ഉണ്ടായിരുന്നു. ഏറ്റവും കൂടുതല്‍ പേടിച്ചു പോയത് അതിന്റെ റഷ് കണ്ടപ്പോഴാണ്. 20 മിനുട്ട് ഒക്കെ ആണ് ഒരു ക്ലോസ് ഷോട്ട് ഒക്കെ വരുന്നത്. ഞാന്‍ കരഞ്ഞു പോയി. അപ്പോള്‍ ഫാസില്‍ സര്‍ പറഞ്ഞു, നിന്നെ റഷ് കാണാന്‍ വിളിക്കരുതെന്ന് ഞാന്‍ പറഞ്ഞതാണ് എന്ന്.

കാരണം റഷ് ആദ്യം കണ്ട് കഴിഞ്ഞാല്‍ വിരണ്ട് പോകും. കട്ട് ചെയ്ത് വന്നപ്പോഴാണ് കുഴപ്പമില്ല എന്ന് തോന്നിയത്. ഇപ്പോഴത്തെ മലയാള സിനിമ(1990കളിലെ) കളെക്കുറിച്ച് ഒരു ആര്‍ടിസ്റ്റ് എന്ന കാര്യം മാറ്റി നിര്‍ത്തിയിട്ട് പറയാം. സത്യം പറഞ്ഞാല്‍ സഹിക്കാന്‍ കഴിയില്ല. റാംജിറാവു സ്പീക്കിംഗ് എന്ന ഒരു പടം ഇറങ്ങി.
അതിന് ശേഷം നാല് പേര് ഒരു പെട്ടിയും കൊണ്ട് ഇല്ലെങ്കില്‍ നാല് പേര് ഒരു കുട്ടിയെയും കൊണ്ട് അല്ലെങ്കില്‍ എന്തെങ്കിലും കോമഡി കാണിച്ചു കൂട്ടുന്ന സിനിമകള്‍ ഒക്കെയാണ് വന്നിട്ടുള്ളത്. ഇങ്ങനെയാണ് സിനിമകള്‍ ഇറങ്ങുന്നത്. ഓര്‍മയില്‍ നില്‍ക്കുന്ന സിനിമകള്‍ പോലുമില്ല. ഓഡിയന്‍സ് ഇല്ലാതെ നടന്മാരില്ല. അവരാണ് അഭിനേതാക്കളെയും നിലനിര്‍ത്തുന്നത് എന്നും സായ്കുമാര്‍ പറയുന്നു.


Click it and Unblock the Notifications