ശിവകാർത്തികേയൻ മിണ്ടാതായി, ഒതുക്കാനാകാത്ത താരമൂല്യം; ഒടുവിൽ തമിഴകത്ത് നിന്നും സായ് പല്ലവി അകലുന്നു?
സിനിമാ പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി സായ് പല്ലവി. നിരവധി ഹിറ്റ് സിനിമകളിൽ നായികയായ സായ് പല്ലവിക്ക് അഭിനയിച്ച ഭാഷകളിലെല്ലാം ആരാധകരുണ്ട്. ഇതുവരെ ചെയ്ത സിനിമകളിലെല്ലാം ശ്രദ്ധേയ സിനിമകളാണ് സായ് പല്ലവി ചെയ്തത്. തെന്നിന്ത്യൻ സിനിമാ രംഗത്തെ മുൻനിര നായിക നടിമാരിൽ സായ് പല്ലവിയുടെ കരിയർ ഗ്രാഫ് വ്യത്യസ്തമാണ്. സൂപ്പർതാര സിനിമകളിൽ ഗ്ലാമർ നായികയായി വരാൻ സായ് പല്ലവി ഇതുവരെ തയ്യാറായിട്ടില്ല. നായികാ പ്രാധാന്യമില്ലാത്ത സിനിമകളും നടി ചെയ്തിട്ടില്ല.
ഗ്ലാമറസ് റോളുകൾ ചെയ്യുന്നില്ലെന്ന് നിബന്ധനയുമുണ്ട്. ഇത്രയും നിർബന്ധങ്ങളുള്ള മറ്റൊരു നായിക നടിയും തെന്നിന്ത്യൻ സിനിമാ രംഗത്ത് വലിയ ഉയരങ്ങളിലെത്തിയിട്ടില്ല. അമരൻ ആണ് സായ് പല്ലവിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ശിവകാർത്തികേയൻ നായകനായെത്തിയ സിനിമ മികച്ച വിജയം നേടി. എന്നാൽ പിന്നീട് മറ്റൊരു തമിഴ് ചിത്രത്തിലും സായ് പല്ലവി ഒപ്പ് വെച്ചിട്ടില്ല.

സിമ്പുവിനെ നായകനാക്കി വെട്രിമാരൻ ചെയ്യുന്ന സിനിമയിലേക്ക് സായ് പല്ലവിയെ പരിഗണിച്ചിരുന്നു. എന്നാൽ നടി ഈ റോൾ നിരസിച്ചെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസമാണ് സായ് പല്ലവിക്ക് തമിഴ്നാട് സർക്കാർ കലെെമാണി പുരസ്കാരം പ്രഖ്യാപിച്ചത്. പുരസ്കാരത്തിന് അർഹരായ പല കലാകാരൻമാരും സർക്കാരിനോട് നന്ദി പറഞ്ഞെങ്കിലും സായ് പല്ലവി പ്രതികരിച്ചിട്ടില്ല. ഇതേക്കുറിച്ചും ചോദ്യങ്ങൾ വരുന്നുണ്ട്.
നേരത്തെ അമരനിലെ നായകൻ ശിവകാർത്തികേയനുമായി സായ് പല്ലവിക്ക് അസ്വാരസ്യമുണ്ടെന്ന വാദങ്ങൾ വന്നിരുന്നു. സായ് പല്ലവിക്കാണ് അമരന്റെ വിജയത്തിൽ കൂടുതൽ പ്രശംസ ലഭിച്ചത്. ശിവകാർത്തികേയന്റെ നായക വേഷത്തിലും മുകളിൽ നിൽക്കുന്ന റോളായിരുന്നു സായ് പല്ലവിയുടേത്. പ്രേക്ഷകരുടെ പ്രശംസ കൂടുതലും സായ് പല്ലവിയിലേക്ക് പോയത് ശിവകാർത്തികേയന് ഇഷ്ടപ്പെട്ടില്ലെന്നായിരുന്നു അഭ്യൂഹങ്ങൾ. ശിവകാർത്തികേയനോ സായ് പല്ലവിയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.

സായ് പല്ലവി അഭിനയിക്കുന്ന പല സിനിമകളിലും ഇപ്പോൾ നായകനടനേക്കാൾ പ്രശംസ ലഭിക്കുന്നത് നടിക്കാണ്. അമരന് ശേഷം തെലുങ്കിൽ തണ്ടെൽ എന്ന സിനിമ നടി ചെയ്തു. നാഗ ചെെതന്യയായിരുന്നു നായകൻ. ചെെതന്യയേക്കാൾ പ്രേക്ഷക പ്രശംസ ലഭിച്ചത് സായ് പല്ലവിക്കാണ്. നായകനൊപ്പം തുല്യ പ്രാധാന്യമുള്ള റോളുകളാണ് ഇന്ന് സായ് പല്ലവി ചെയ്യുന്നത്. പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ് പല്ലവി അഭിനയ രംഗത്ത് തുടക്കം കുറിക്കുന്നത്. പ്രേമത്തിന് ശേഷം നടി തെലുങ്ക് സിനിമാ രംഗത്തേക്ക് കടന്നു. 2017 ലാണ് ഫിദ എന്ന സിനിമ റിലീസ് ചെയ്യുന്നത്. തെലുങ്കിലെ അരങ്ങേറ്റം സായ് പല്ലവി ഗംഭീരമാക്കി.
രാമായണയാണ് സായ് പല്ലവിയുടെ ആരാധകർ കാത്തിരിക്കുന്ന ചിത്രം. നടിയുടെ ആദ്യ ബോളിവുഡ് സിനിമയാണിത്. രൺബീർ കപൂറാണ് നായകൻ. സീതയായാണ് ചിത്രത്തിൽ സായ് പല്ലവി അഭിനയിക്കുന്നത്. സായ് പല്ലവി ഈ റോളിൽ ചേരില്ലെന്ന് വാദങ്ങൾ വരുന്നുണ്ട്. ബോളിവുഡിലെ മുൻനിര നായിക നടിമാർ ആഗ്രഹിച്ച റോളാണ് സായ് പല്ലവിയിലേക്ക് എത്തിയിരിക്കുന്നത്. തെലുങ്കിലാണ് നടിക്ക് ആരാധകർ കൂടുതൽ. നടി കൂടുതൽ സിനിമകൾ ചെയ്തതും തെലുങ്കിലാണ്. ബോളിവുഡിൽ സായ് പല്ലവിക്ക് വിജയം കെെവരിക്കാനാകുമോ എന്ന് കാത്തിരുന്ന് കാണാം.


Click it and Unblock the Notifications











