ഒരു വർഷമായി സമ്മതം പറയുന്നില്ല, സായ് പല്ലവിക്ക് ടോളിവുഡിൽ സംഭവിക്കുന്നത്; ചർച്ചയാക്കി ആരാധകർ
വലിയ ആരാധക വൃന്ദമുള്ള നടിയാണ് സായ് പല്ലവി. അഭിനയിച്ച ഭാഷകളിലെല്ലാം ഹിറ്റുകൾ, ശ്രദ്ധേയ കഥാപാത്രങ്ങൾ, അഭിനയത്തിലും ഡാൻസിലുമുള്ള മികവ് എന്നിവയെല്ലാം സായ് പല്ലവിയെ ഉയരങ്ങളിലെത്തിച്ചു. തെലുങ്ക് സിനിമാ രംഗത്താണ് നടി കൂടുതൽ സിനിമകൾ ചെയ്തത്. കൂടുതൽ ആരാധകരുള്ളതും തെലുങ്കിലാണ്. സായ് പല്ലവി താരമായി മാറിയതിൽ വലിയ പങ്ക് തെലുങ്ക് സിനിമാ രംഗം വഹിച്ചിട്ടുണ്ട്. പൊതുവെ നായിക നടിമാർക്ക് ഗ്ലാമറസ് റോളുകളാണ് തെലുങ്കിൽ ലഭിക്കാറ്. ഇത്തരം റോളുകൾ ചെയ്യാതെ മുൻനിരയിലേക്ക് വരാൻ കഴിഞ്ഞ നടിമാർ ടോളിവുഡിൽ കുറവാണ്.
എന്നാൽ സായ് പല്ലവിക്ക് ഗ്ലാമർ റോളുകൾ ചെയ്യാതെ വിജയം നേടാൻ കഴിഞ്ഞു. ഇപ്പോഴിതാ സായ് പല്ലവി തെലുങ്കിൽ സജീവമല്ലതാകുന്നോ എന്ന ചോദ്യങ്ങളാണ് ഉയർന്ന് വരുന്നത്. തണ്ടെൽ ആണ് സായ് പല്ലവിയുടെ ഒടുവിൽ പുറത്തിറങ്ങിയ തെലുങ്ക് സിനിമ. ചിത്രം 2025 ലാണ് റിലീസ് ചെയ്തതെങ്കിലും 2024 ൽ പൂർത്തിയായതാണ്. 2025 ൽ സായ് പല്ലവി ഒരു തെലുങ്ക് സിനിമയും ചെയ്തിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം വരുന്ന സ്ക്രിപ്റ്റുകൾ നടി നിരസിക്കുകയാണ്. കഥ ഇഷ്ടപ്പെടാത്തതാണ് കാരണം.

ബോളിവുഡ് ചിത്രം രാമായണയിൽ സീതയായി സായ് പല്ലവി അഭിനയിക്കുന്നുണ്ട്. നടിയുടെ ആദ്യ ഹിന്ദി സിനിമയാണിത്. രൺബീർ കപൂർ, യാഷ് തുടങ്ങി വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നു. തമിഴിൽ രജിനികാന്തിന്റെയും ധനുഷിന്റെയും വരാനിരിക്കുന്ന ചിത്രങ്ങളിൽ സായ് പല്ലവി നായികയായേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. അമരൻ ആണ് സായ് പല്ലവിയുടെ ഒടുവിൽ പുറത്തിറങ്ങിയ തമിഴ് സിനിമ. ചിത്രം വൻ വിജയമായിരുന്നു.
പ്രേമം എന്ന മലയാള സിനിമയിലൂടെയാണ് സായ് പല്ലവി അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. പ്രേമത്തിലെ മലർ മിസ് എന്ന കഥാപാത്രമായാണ് ഇന്നും മലയാളികൾ സായ് പല്ലവിയെ ഓർക്കുന്നത്. അതിരൻ, കലി എന്നീ സിനിമകളിലാണ് പ്രേമത്തിന് ശേഷം നടി മലയാളത്തിൽ അഭിനയിച്ചത്. മൂന്ന് സിനിമകളും ശ്രദ്ധിക്കപ്പെട്ടതാണ്. എന്നാൽ പിന്നീട് നടിയെ മലയാളത്തിൽ കണ്ടില്ല. മലയാളികൾക്കിടയിൽ തന്നെക്കുറിച്ച് പ്രചരിച്ച ഗോസിപ്പിനെക്കുറിച്ച് ഒരിക്കൽ സായ് പല്ലവി സംസാരിച്ചിട്ടുണ്ട്.

ഒരു പ്രസ് മീറ്റിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഞാൻ മലയാളിയാണെന്ന് പറഞ്ഞപ്പോൾ തമിഴ്നാട്ടുകാരിയാണെന്ന് തിരുത്തിയിരുന്നു. ഞാൻ മലയാളി അല്ലെന്ന് പറഞ്ഞ് ദേഷ്യപ്പെട്ടെന്നാണ് മാധ്യമങ്ങളിൽ വന്നത്. ചിലർ ഇത് യാഥാർത്ഥ്യമാണെന്ന് കരുതി. അത് തന്നെ വിഷമിപ്പിച്ചെന്ന് സായ് പല്ലവി പറഞ്ഞു. മലർ എന്ന കഥാപാത്രമായാണ് മലയാളികൾ ഇന്നും തന്നെ കാണുന്നതെന്നും സായ് പല്ലവി അന്ന് പറഞ്ഞു. രാമായണയാണ് സായ് പല്ലവിയുടെ ആരാധകർ കാത്തിരിക്കുന്ന സിനിമ. രാമായണത്തെ ആസ്പദമാക്കി വരുന്ന ചിത്രത്തിൽ സീതാ ദേവിയായാണ് സായ് പല്ലവി എത്തുന്നത്. സായ് പല്ലവി ഈ റോൾ ചെയ്യാൻ അർഹയല്ലെന്ന് വാദിച്ച് അടുത്തിടെ നടിക്ക് നേരെ കുറ്റപ്പെടുത്തലുകൾ വന്നിരുന്നു. എന്നാൽ ആരാധകർ സായ് പല്ലവിയെ പിന്തുണച്ചു.


Click it and Unblock the Notifications











