'ആ വീഡിയോയ്ക്ക് ശേഷമെടുത്ത തീരുമാനം; എന്നെ ആ കണ്ണോടെ ആരും നോക്കരുത്; പ്രേമത്തിലും നിബന്ധനയുണ്ടായിരുന്നു'
തെന്നിന്ത്യൻ സിനിമാ രംഗത്ത് സായ് പല്ലവിക്കുള്ള ജനപ്രീതി ചെറുതല്ല. മലയാള ചിത്രം പ്രേമത്തിലൂടെ അഭിനയ രംഗത്ത് തുടക്കം കുറിച്ച സായ് പല്ലവി ഇന്ന് തെലുങ്കിലെയും തമിഴിലെയും തിരക്കേറിയ നടിമാരിൽ ഒരാളാണ്. പ്രേമത്തിന് ശേഷം അതിരൻ, കലി എന്നീ മലയാള സിനിമകളിലേ സായ് പല്ലവിയെ പ്രേക്ഷകർ കണ്ടിട്ടുള്ളൂ. അപ്പോഴേക്കും നടിക്ക് മറ്റു ഭാഷകളിൽ തിരക്കേറി. ഡാൻസിലെ മികവും ഗേൾ നെക്സ്റ്റ് ഡോർ ഇമേജും സായ് പല്ലവിക്ക് കരിയറിൽ തുണയായി.
അന്നും ഇന്നും സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ സായ് പല്ലവിക്ക് തന്റേതായ നിബന്ധനകളുണ്ട്. ഗ്ലാമറസ് വേഷങ്ങളും ഇന്റിമേറ്റ് രംഗങ്ങളും ചെയ്യാൻ സായ് പല്ലവി തയ്യാറല്ല. ഇതിന്റെ പേരിൽ എത്ര വലിയ അവസരവും വേണ്ടെന്ന് വെക്കാൻ നടി തയ്യാറാണ്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് സംസാരിക്കുകയാണ് സായ് പല്ലവിയിപ്പോൾ. പ്രേമം റിലീസ് ചെയ്ത ശേഷമുണ്ടായ സംഭവമാണ് ഗ്ലാമറസ് വേഷങ്ങൾ താൻ ഒഴിവാക്കാൻ കാരണമെന്ന് സായ് പല്ലവി പറയുന്നു.

ജോർജിയയിൽ ഒരിക്കൽ ഞാൻ ഡാൻസ് ചെയ്തിരുന്നു. മുഴുവൻ വിദേശികളായിരുന്നു അവിടെ. അമ്മയോടും അച്ഛനോടും ചോദിച്ചാണ് ആ കോസ്റ്റ്യൂം ഇട്ടത്. പ്രേമം റിലീസ് ചെയ്തപ്പോൾ ആരാണീ പെൺകുട്ടിയെന്ന് എല്ലാവർക്കും കൗതുകം തോന്നി. അന്ന് ആ ഡാൻസ് വീഡിയോയും ഫോട്ടോകളും പ്രചരിച്ചു. മനോഹരമായിരുന്നു എന്ന് തോന്നിയ ഡാൻസിനെ മറ്റൊരു രീതിയിൽ ആളുകൾ കണ്ടു. എനിക്കത് അൺ കംഫർട്ടബിളായി. വിദേശത്ത് നിന്ന് ഒരാൾ വന്ന് ക്ലാസിക്കൽ ഡാൻസ് ചെയ്യുമ്പോൾ അവർക്കിഷ്ടപ്പെട്ട ഷോർട്ട്സ് ധരിച്ച് ചെയ്യാൻ പറ്റില്ല. അതിന് വേണ്ട കോസ്റ്റ്യൂമുണ്ട്.
എന്നാൽ ഈ ഡാൻസ് ആളുകൾ പിന്നീട് മറ്റൊരു രീതിയിൽ കണ്ടപ്പോൾ ഇനിയിങ്ങനെ ചെയ്യില്ല എന്ന് തീരുമാനിച്ചു. ഇങ്ങനെയൊരു കണ്ണിലൂടെ എന്നെ ആരും കാണേണ്ട ആവശ്യമില്ല. എന്നെ മാംസമായി മാത്രം കാണുന്ന ഒരു വിഭാഗം പ്രേക്ഷകർക്ക് ഞാൻ ഫീഡ് ചെയ്യില്ലെന്ന് അന്ന് തീരുമാനിച്ചതാണ്. അത്തരം കണ്ണുകൾ തന്നിലേക്ക് വരരുതെന്നും സായ് പല്ലവി വ്യക്തമാക്കി.

ഈ തീരുമാനം കരിയറിനെ ബാധിച്ചാലും എനിക്ക് പ്രശ്നമല്ല. അതെല്ലാം ചെയ്ത് ഇതിനും മുകളിലെത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. എനിക്ക് വരുന്ന റോളുകളിൽ ഞാൻ ഓക്കെയാണ്. നല്ല കഥാപാത്രങ്ങളുണ്ടെങ്കിലേ കരിയറിൽ കൂടുതൽ കാലം നിൽക്കാൻ പറ്റൂയെന്നും സായ് പല്ലവി അഭിപ്രായപ്പെട്ടു. പ്രേമം സിനിമയിൽ തനിക്ക് അവസരം ലഭിച്ചതിനെക്കുറിച്ചും സായ് പല്ലവി സംസാരിച്ചു.
അൽഫോൻസ് പുത്രൻ വിളിച്ചപ്പോൾ ഞാൻ വിശ്വസിച്ചില്ല. സ്പാം കോൾ ആണെന്ന് കരുതി. ഞാൻ നേരം എന്ന സിനിമയെടുത്തിട്ടുണ്ട്, വിക്കി പീഡിയയിൽ നോക്കൂ, അത് ഞാനാണെന്ന് അൽഫോൻസ് പറഞ്ഞു. സിനിമയിൽ ചില കണ്ടീഷനുകളെനിക്കുണ്ടായിരുന്നു. കോസ്റ്റ്യൂമും ഇന്റിമേറ്റ് സീനുകളുമെല്ലാം. ഞാൻ വളരെ യാഥാസ്ഥിതികരായ കുടുംബത്തിൽ നിന്നും കമ്മ്യൂണിറ്റിയിൽ നിന്നും വരുന്ന ആളാണ്. ഞാൻ ഡാൻസ് ചെയ്യുമ്പോഴേ ബന്ധുക്കൾ പറഞ്ഞത് എന്റെ കല്യാണം നടക്കില്ലെന്നാണെന്നും സായ് പല്ലവി ഓർത്തു.


Click it and Unblock the Notifications