സായി പല്ലവിയെ മണിരത്‌നം ഒഴിവാക്കിയതിന് കാരണം ഇതാണ്! നടിയുടെ വെളിപ്പെടുത്തല്‍
പ്രേമം എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ നായികയാണ് സായി പല്ലവി. സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി മികച്ച പ്രകടനായിരുന്നു നടി കാഴ്ചവെച്ചത്. അല്‍ഫോണ്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മലര്‍ എന്ന കഥാപാത്രമായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയിരുന്നു നടി. പ്രേമത്തിന് പിന്നാലെ തെന്നിന്ത്യയിലെ തിരക്കേറിയ നായികമാരില്‍ ഒരാളായി സായി പല്ലവി മാറിയിരുന്നു.
മലയാളത്തിന് പിന്നാലെ തമിഴിലും തെലുങ്കിലും സായി തിളങ്ങിയിരുന്നു. അഭിനേതാവിന് പുറമെ നല്ലൊരു ഡാന്‍സര്‍ കൂടിയാണ് താനെന്ന് നടി പലപ്പോഴും കാണിച്ചുതന്നിരുന്നു. മാരി 2വിലെ റൗഡി ബേബി ഗാനരംഗം മുന്‍പ് നടിയുടെതായി ആരാധകര്‍ ഏറ്റെടുത്തിരുന്നു, തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പമെല്ലാം അഭിനയിച്ച സായി ഇപ്പോഴും സിനിമകളില്‍ സജീവമാണ്.

അഭിനയ പ്രാധാന്യമുളള റോളുകളിലൂടെയാണ് നടി സിനിമയില്‍ കൂടുതല്‍ തിളങ്ങിയിരുന്നത്. തെന്നിന്ത്യയില്‍ വളരെയധികം സെലക്ടീവായി സിനിമകള്‍ ചെയ്യുന്ന താരം കൂടിയാണ് സായി പല്ലവി. പ്രേമത്തിന് പിന്നാലെ തെലുങ്കില്‍ ഫിദ എന്ന ചിത്രവും നടിയുടെതായി വലിയ വിജയമായി മാറിയിരുന്നു. മലയാളത്തില്‍ നിവിന്‍ പോളിക്ക് പുറമെ ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍ തുടങ്ങിയവരുടെ നായികയായും നടി അഭിനയിച്ചിരുന്നു.

ഫഹദിനൊപ്പം അഭിനയിച്ച അതിരനാണ് സായിയുടെതായി ഒടുവില്‍ തിയ്യേറ്ററുകളിലെത്തിയ മലയാള ചിത്രം. തമിഴില്‍ മാരി 2, എന്‍ജികെ തുടങ്ങിയ സിനിമകളാണ് നടിയുടെതായി ശ്രദ്ധിക്കപ്പെട്ടത്. അതേസമയം തമിഴിലെ മുന്‍നിര സംവിധായകരിലൊരാളായ മണിരത്‌നം ചിത്രത്തിലും നടിക്ക് അവസരം ലഭിച്ചിരുന്നു. കാര്‍ത്തിയെ നായകനാക്കി മണിരത്‌നം സംവിധാനം ചെയ്ത കാട്രു വെളിയിടെ എന്ന ചിത്രത്തിലേക്കാണ് ആദ്യം സായി പല്ലവിയെ പരിഗണിച്ചിരുന്നത്.

2017ലായിരുന്നു ഈ ചിത്രം പുറത്തിറങ്ങിയിരുന്നത്. സിനിമയിലേക്ക് ആദ്യം പരിഗണിക്കപ്പെട്ടെങ്കിലും പിന്നീട് സായിക്ക് പകരം മറ്റൊരു താരത്തെയാണ് ചിത്രത്തിലെ നായികയാക്കിയത്. ഇത് പിന്നീട് വലിയ വാര്‍ത്തയാവുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് ഒരഭിമുഖത്തില്‍ സായി തന്നെ മനസുതുറന്നിരുന്നു. സത്യസന്ധമായി പറയുകയാണെങ്കില്‍ ആ വേഷത്തിനായി എന്നെ പരിഗണിക്കുമെന്ന് എനിക്കറിയില്ലായിരുന്നു.
Recommended Video

ഞാന്‍ ജോര്‍ജിയയിലേക്ക് പുറപ്പെടുന്ന സായാഹ്നത്തില്‍ എനിക്ക് മണിരത്‌നം സാറില്‍ നിന്ന് ഒരു കോള്‍ വരുന്നു, അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തിലെ കഥാപാത്രമായി ഞാന്‍ വന്നാല്‍ നന്നാകുമെന്ന് പറഞ്ഞു. എന്നാല്‍ ആറ് മാസത്തെ തിരക്കഥാ ജോലികള്‍ക്ക് ശേഷം ആ വേഷം മറ്റൊരാള്‍ ചെയ്താലാണ് നന്നാവുകയെന്ന് അവര്‍ക്ക് തോന്നി. വ്യത്യസ്തമായ ഒരാളുടെ ആവശ്യം അവര്‍ക്ക് അനുഭവപ്പെട്ടു.

സംഭവിക്കുന്നതെല്ലാം ഒരു കാരണത്താലാണ് സംഭവിക്കുന്നത്. സായി പല്ലവി പറയുന്നു. ജെഎഫ്ഡബ്യൂവിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സായി പല്ലവി ഇക്കാര്യം പറഞ്ഞത്. മുന്‍പ് നടി ജോര്‍ജ്ജിയയിലുളള സമയത്തായിരുന്നു മണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കുന്നുവെന്ന വാര്‍ത്ത താരം നിഷേധിച്ചത്. അദ്ദേഹത്തിന്റെ വലിയ ആരാധികയാണ് താനെന്നും ഏതൊരാളെയും പോലെ താനും ഈ ചിത്രം കാണാനുളള ആകാംക്ഷയിലാണെന്നും നടി അന്ന് കുറിച്ചിരുന്നു.

കൂടാതെ ഒരു ഇതിഹാസ സംവിധായകനെന്ന നിലയില്‍ അദ്ദേഹത്തിന് അറിയാം ഏത് താരമാണ് ആ കഥാപാത്രത്തിന് യോജിക്കുകയെന്ന്. കരുതലുള്ള ഒരു വ്യക്തി എന്ന നിലയില്‍ എനിക്കും ഏറ്റവും മികച്ചത് എന്താണെന്ന് അറിയാം. കുറച്ചുകൂടി പക്വത നിറഞ്ഞ കഥാപാത്രമാണ് ഈ ചിത്രത്തിലേതെന്നും മാത്രമല്ല, ചിത്രത്തിലെ നായകന്‍ കാര്‍ത്തിയുമായി ഇഴുകിച്ചേര്‍ന്നുളള കുറച്ച് റൊമാന്റിക്ക് സീനുകള്‍ അഭിനയിക്കാന്‍ സായി പല്ലവി വിസമ്മതിച്ചതുമാണ് നായികയെ മാറ്റാന്‍ കാരണമായതെന്ന് പിന്നീട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.


Click it and Unblock the Notifications