ഒരേ പ്രകൃതക്കാർ, അന്ന് അനുഷ്കയെടുത്ത തീരുമാനം; താരറാണി തിരിച്ചെത്തുമ്പോൾ സായ് പല്ലവി നേരിടുക
സിനിമാ രംഗത്ത് നായിക നടിമാരുടെ പ്രെെം ടെെം നിശ്ചിത കാലയളവുണ്ടാകാറുണ്ട്. പലർക്കും കരിയറിലേക്ക് വന്ന് ഒരു ഘട്ടം കഴിഞ്ഞാലേ പീക്ക് ടെെം വരാറുള്ളൂ. എന്നാൽ 2015 ൽ സിനിമാ രംഗത്തേക്ക് വന്ന് ഇന്നു വരെയും തിളങ്ങി നിൽക്കാൻ കഴിഞ്ഞ നടിയാണ് സായ് പല്ലവി. ആരെയും അമ്പരപ്പിക്കുന്ന ജനപ്രീതി സായ് പല്ലവിക്കുണ്ട്. മലയാളത്തിൽ നിന്നും തമിഴിലേക്കും തെലുങ്കിലേക്കും കടന്ന സായ് പല്ലവിയെ തേടി ഒന്നിന് പിറകെ ഒന്നായി സൂപ്പർഹിറ്റുകളെത്തി.
ഡാൻസിലെ മികവ്, നെക്സ്റ്റ് ഡോർ ഗേൾ ഇമേജ്, സ്ക്രിപ്റ്റ് സെലക്ഷനിലെ സൂക്ഷ്മത എന്നിവയെല്ലാം കരിയറിൽ സായ് പല്ലവിക്ക് തുണയായി. തമിഴിൽ അമരൻ 300 കോടിക്ക് മുകളിൽ കലക്ട് ചെയ്തപ്പോൾ അടുത്ത റിലീസ് തെലുങ്ക് ചിത്രം തണ്ടെൽ വിജയം ആവർത്തിച്ചു. 100 കോടി ഇതിനോടകം ചിത്രം കലക്ട് ചെയ്തു. തണ്ടെൽ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. എന്താണ് സായ് പല്ലവിയുടെ വിജയമന്ത്രമെന്ന ചോദ്യം സിനിമാ ലോകത്തുണ്ട്. താരത്തിന്റെ ജനപ്രീതിയിൽ ഒരു പരിധി വരെ വലിയ പങ്കുവഹിച്ചത് ഓഫ് സ്ക്രീൻ ഇമേജാണ്.

താരപകിട്ടുകളൊന്നുമില്ലാത്ത സാധാരണക്കാരിയാണ് ഓഫ് സ്ക്രീനിൽ സായ് പല്ലവി. ആരാധകരുടെ സ്നേഹം മനസിലാക്കി പെരുമാറുന്നയാൾ. ദേഷ്യപ്പെട്ടോ അഹങ്കാരത്തോടെയോ ഒരിക്കൽ പോലും സായ് പല്ലവിയെ പൊതുവിടങ്ങളിൽ കണ്ടിട്ടില്ല. നടി പൊതുവേദികളിലെത്തുമ്പോൾ നിറഞ്ഞ കയ്യടികളാണ്. തെലുങ്ക് സിനിമാ ലോകം ഇതിന് മുമ്പ് ഇത്രമാത്രം സ്വീകാര്യത നൽകിയ മറ്റൊരു നടി അനുഷ്ക ഷെട്ടിയാണ്.
സായ് പല്ലവിക്ക് ഇന്നുള്ള സ്ഥാനം അനുഷ്കയ്ക്കായിരുന്നു ഇതിന് മുമ്പ് ലഭിച്ചത്. ഇടവേളയെടുത്തപ്പോഴാണ് അനുഷ്ക ലൈം ലൈറ്റിൽ നിന്ന് അകലുന്നത്. 2017 ൽ ബാഹുബലി 2 റിലീസ് ചെയത ശേഷം അനുഷ്ക തിരക്കുകൾ കുറച്ചു. ഈ ഘട്ടത്തിലാണ് സായ് പല്ലവി ടോളിവുഡിലെ നിറ സാന്നിധ്യമായി വളരുന്നത്. 2017 ലാണ് സായ് പല്ലവിയുടെ ഫിദ എന്ന തെലുങ്ക് ചിത്രം സൂപ്പർഹിറ്റാകുന്നത്. ഇരുവരുടെയും ഓഫ് സ്ക്രീൻ ഇമേജിൽ സാമ്യങ്ങളുണ്ട്. സ്വീറ്റി എന്നാണ് അനുഷ്ക ഷെട്ടിയുടെ യഥാർത്ഥ പേര്. പേര് പോലെ തന്നെ സ്വീറ്റാണ് അനുഷ്കയുടെ പെരുമാറ്റമെന്ന് ഒന്നിലേറെ സഹപ്രവർത്തകർ പറഞ്ഞിട്ടുണ്ട്.

ആരാധകരോട് എപ്പോഴും സൗമ്യമായി പെരുമാറുന്നയാൾ. സായ് പല്ലവിക്കും അനുഷ്ക ഷെട്ടിക്കും പൊതുവേദികളിൽ ലഭിക്കുന്ന സ്വീകാര്യത ചൂണ്ടിക്കാണിച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോകൾ പ്രചരിക്കുന്നുണ്ട്. ഒരു ഇവന്റിൽ സായ് പല്ലവിയുടെ പേര് കേൾക്കുമ്പോൾ ജനം നിർത്താതെ ആർപ്പ് വിളിക്കുന്നു. മറ്റൊരു വീഡിയോയിൽ അനുഷ്ക മെെക്കിൽ സംസാരിക്കാൻ തുടങ്ങുമ്പോഴേക്കും ആരാധകർ ആർപ്പുവിളിച്ചു. അനുഷ്കയ്ക്ക് ഹർഷാരവങ്ങൾക്കിടെ സംസാരിക്കാൻ പോലും പറ്റുന്നില്ല.
രണ്ട് പേരെയും താരതമ്യം ചെയ്ത് കൊണ്ട് നിരവധി കമന്റുകൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. അനുഷ്ക ഷെട്ടിയുടെ മുന്നിൽ സായ് പല്ലവി ജൂനിയറാണെന്നും യഥാർത്ഥ താരറാണി അനുഷ്കയാണെന്നും ആരാധകർ വാദിക്കുന്നു. കരിയറിൽ വ്യത്യസ്താമായ റോളുകൾ രണ്ട് പേർക്കും ലഭിച്ചിട്ടുണ്ട്. എന്നാൽ സായ് പല്ലവിക്ക് അന്നും ഇന്നും ഗേൾ നെക്സ്റ്റ് ഡോർ ഗേൾ ഇമേജാണ്. എന്നാൽ അനുഷ്ക പല തരത്തിലുള്ള കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെന്ന് ആരാധകർ പറയുന്നു.
നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് വീണ്ടും സജീവമാകുകയാണ് അനുഷ്ക ഷെട്ടി. പുതിയ തെലുങ്ക് ചിത്രം ഗാട്ടി റിലീസിനൊരുങ്ങുന്നു. മലയാളത്തിൽ കത്തനാർ എന്ന സിനിമയും വരാനുണ്ട്. അനുഷ്ക വീണ്ടും സജീവമാകുമ്പോൾ സായ് പല്ലവിയുമായി താരതമ്യം ചെയ്യപ്പെടുമെന്ന് ഉറപ്പാണ്.


Click it and Unblock the Notifications











